ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ 5 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. തുടക്കത്തിലേ കെല്‍ രാഹുലിനെ നഷ്ടമായെങ്കിലും പാക്കിസ്ഥാന്‍റെ ന്യൂബോള്‍ ആക്രമണം രോഹിത് ശര്‍മ്മയും – വീരാട് കോഹ്ലിയും അതിജീവിച്ചു. വീരാട് കോഹ്ലിയുടെ നൂറാം ടി20 മത്സരത്തില്‍ 34 പന്തില്‍ 35 റണ്‍സാണ് നേടിയത്.
മത്സരത്തിലെ ചില ഷോട്ടുകള്‍ തന്‍റെ പഴയകാലത്തെ കളിശൈലിയെ വീരാട് ഓര്‍മിപ്പിച്ചു. പക്ഷേ മുഹമ്മദ് നവാസിന്‍റെ പന്തില്‍ ഒരു മോശം ഷോട്ടിലൂടെയാണ് വിരാട് കോഹ്ലി പുറത്തായത്. ലോങ്ങ് ഓഫില്‍ ഇഫ്തിക്കര്‍ അഹമ്മദിനു ക്യാച്ച് നല്‍കിയാണ് മുന്‍ ക്യാപ്റ്റന്‍ മടങ്ങിയത്. വീരാട് കോഹ്ലിയുടെ പുറത്താകലിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രംഗത്ത് എത്തി.
” ഇങ്ങനെയൊരു ഷോട്ട് കളിച്ച് പുറത്തായതിനാല്‍ അവന്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകും. ഏതെങ്കിലും ഒരു യുവതാരമാണ് അങ്ങനെ കളിച്ചതെങ്കില്‍ ഇപ്പോള്‍ ഒരുപാട് വിമര്‍ശനം വന്നേനേ. “
”രാജ്യാന്തര ക്രിക്കറ്റില്‍ ഇത്രയധികം റണ്‍സെടുത്തിട്ടുള്ള ഒരു താരം ആ സാഹചര്യത്തില്‍ അത്തരമൊരു ഷോട്ട് കളിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. ആ ഷോട്ടിന്‍റെ റീപ്ലേ കണ്ടാല്‍ കോഹ്ലിയും അത് സമ്മതിക്കും. നിങ്ങള്‍ 34 പന്തില്‍ 35 നേടി, ക്യാപ്റ്റന്‍ പുറത്തായി. കുറച്ച് നേരം കൂടി പിടിച്ചു നിന്നിരുന്നുവെങ്കില്‍ എളുപ്പമാകുമായിരുന്നു ” ഗൗതം ഗംഭീര്‍ പറഞ്ഞു.