കഴിഞ്ഞ കുറച്ചധികം കാലങ്ങളായി തന്റെ വിമർശനാത്മക പ്രതികരണങ്ങൾ കൊണ്ട് ശ്രദ്ധ നേടുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്ലിയുമടക്കമുള്ള ക്രിക്കറ്റർമാർക്കെതിരെ സംസാരിച്ച് ഗംഭീർ രംഗത്ത് വരികയുണ്ടായി. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരായ എബി ഡിവില്ലിയേഴ്സിനെയും സുരേഷ് റെയ്നയെയും താരതമ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ഗൗതം ഗംഭീർ. തങ്ങൾ ടീമിൽ ഉണ്ടാക്കിയ ഇമ്പാക്ട് കണക്കിലെടുക്കുമ്പോൾ സുരേഷ് റെയ്നയാണ് എബി ഡിവില്ലിയേഴ്സിനെക്കാൾ മികച്ച ക്രിക്കറ്റർ എന്ന് ഗംഭീർ പറയുന്നു.
ഐപിഎല്ലിൽ തന്റെ ടീമിനായി നാല് ട്രോഫികൾ നേടാൻ റെയ്നയ്ക്ക് സാധിച്ചിട്ടുണ്ടെന്നും, എന്നാൽ ഡിവില്ലിയേഴ്സ് തന്റെ വ്യക്തിഗത പ്രകടനത്തിൽ മാത്രമാണ് ശ്രദ്ധ നൽകുന്നതെന്നും ഗംഭീർ പറയുകയുണ്ടായി. പലപ്പോഴും സ്വന്തം പ്രകടനങ്ങളിൽ മാത്രമാണ് ഡിവില്ലിയേഴ്സ് ശ്രദ്ധിച്ചിട്ടുള്ളത് എന്നാണ് ഗംഭീറിന്റെ വാദം.”എബി ഡിവില്ലിയേഴ്സിന് ഐപിഎല്ലിൽ വ്യക്തിഗത റെക്കോർഡുകൾ മാത്രമാണുള്ളത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർക്കും റൺസ് നേടാൻ സാധിക്കും. “- ഗംഭീർ പറയുന്നു.
ഗംഭീറിന്റെ ഈ പ്രസ്താവനയെ അനുകൂലിച്ചും എതിർത്തും ഒരുപാട് ആരാധകർ രംഗത്ത് വന്നിട്ടുണ്ട്. ഐപിഎല്ലിൽ ഏറ്റവും മികച്ച രീതിയിൽ പ്രകടനങ്ങൾ നടത്തിയിട്ടുള്ള രണ്ട് ക്രിക്കറ്റർമാരെയാണ് ഗംഭീർ താരതമ്യം ചെയ്യുന്നത്. ഡിവില്ലിയേഴ്സ് 184 ഐപിഎൽ മത്സരങ്ങൾ കളിച്ചു. ഇതിൽനിന്ന് 39.71 റൺസ് ശരാശരിയിൽ 5162 റൺസാണ് അദ്ദേഹം നേടിയത്. കരിയറിൽ മൂന്ന് ഐപിഎൽ സെഞ്ച്വറികളും 40 അർത്ഥസെഞ്ചുറികളും ഡിവില്ലിയേഴ്സ് നേടിയിട്ടുണ്ട്.
ഇതുപോലെ തന്നെയാണ് റെയ്നയുടെ പ്രകടനവും. ചെന്നൈ സൂപ്പർ കിങ്സിനായി 205 മത്സരങ്ങൾ കളിച്ചിട്ടുള്ള റെയ്ന 38 അർത്ഥസെഞ്ച്വറികളാണ് നേടിയിട്ടുള്ളത്. 32.52 ആണ് റെയ്നയുടെ ശരാശരി. ഡിവില്ലിയേഴ്സ്നെ പോലെ തന്റെ കരിയറിലുടനീളം സ്ഥിരത പുലർത്തിയ ക്രിക്കറ്ററാണ് സുരേഷ് റെയ്നയും.