ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നു എന്ന ആരോപണം നിഷേധിച്ചു ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. സിലക്ഷന്‍ കമിറ്റി യോഗത്തില്‍ ഗാംഗുലി പങ്കെടുക്കുന്നു എന്ന ചിത്രം വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും ഇത് മറ്റൊരു അവസരത്തില്‍ എടുത്ത ചിത്രമാണെന്നും ഗാംഗുലി വിശദമാക്കി.
ഓരോ പരമ്പരക്കും മുന്‍പ് ടീമിനെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ സെലക്ഷന്‍ കമിറ്റിയും ബിസിസിഐ സെക്രട്ടറിയുമാണ് പങ്കെടുക്കേണ്ടത്. ബിസിസിഐ ചട്ടങ്ങള്‍ ലംഘിച്ച് ഗാംഗുലി സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദമുണ്ടായത്. യോഗങ്ങളില്‍ പങ്കെടുക്കുന്നു ഗാംഗുലി ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ടെന്നും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു.
‘‘ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ ബിസിസിഐ പ്രസിഡന്റാണ്. ആ ഉത്തരവാദിത്തം വഹിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ’’ ഗാംഗുലി പറഞ്ഞു.
സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്നുള്ള ചിത്രമല്ല എന്ന് പറഞ്ഞ ഗാംഗുലി യോഗത്തില്‍ പങ്കെടുത്ത മറ്റൊരു ആളുടെ പേരും പറഞ്ഞു. ” ജയേഷ് ജോര്‍ജ് സിലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന വ്യക്തിയല്ലല്ലോ. ഞാന്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്കായി 424 മത്സരങ്ങള്‍ കളിച്ച വ്യക്തിയാണ്. ഇതേക്കുറിച്ച് എപ്പോഴും ഓര്‍മിപ്പിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്’ ഗാംഗുലി പറഞ്ഞു