ഏഷ്യാകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായത് ആരാധകർക്ക് നിരാശ പകർത്തിയെങ്കിലും ഏറെക്കാലമായി ഫോം ഔട്ടായി നിൽക്കുന്ന വിരാട് കോഹ്ലി തിരിച്ച് തന്റെ പ്രതാപ കാലത്തേക്ക് എത്തിയത് ആരാധകർക്ക് സമാധാനവും സന്തോഷവും പകരുന്നതാണ്. ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ മത്സരം ഒഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് വിരാട് കോഹ്ലി ഏഷ്യാകപ്പിൽ പുറത്തെടുത്തത്. രണ്ട് അർദ്ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഏഷ്യാകപ്പിൽ താരം നേടി.
2019 ന് ശേഷം തുടങ്ങിയ തൻ്റെ സെഞ്ച്വറി വരൾച്ചക്ക് വിരാമം ഇടാനും വിരാട് കോഹ്ലിക്ക് ഏഷ്യാകപ്പിൽ സാധിച്ചു. ഏഷ്യാകപ്പ് സൂപ്പർ ഫോർ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ കിടിലൻ സെഞ്ച്വറി ആയിരുന്നു താരം നേടിയത്. 61 പന്തുകളിൽ നിന്ന് 13 ബൗണ്ടറികളും ആറ് സിക്സറുകളും അടക്കം 122 റൺസ് ആണ് താരം നേടിയത്.ഇപ്പോഴിതാ ഏഷ്യ കപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ മുൻ നായകനെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡൻ്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി.
കളിക്കാരൻ എന്ന നിലയിൽ വിരാട് കോഹ്ലി തന്നെക്കാൾ മികച്ചവനാണെന്നാണ് ഗാംഗുലി പറഞ്ഞത്. ഒരു കളിക്കാരനെ താരതമ്യം ചെയ്യേണ്ടത് നായക സ്ഥാനം വെച്ചല്ല എന്നും,അവരുടെ കഴിവുകൾ നോക്കിയാണെന്നും അങ്ങനെ നോക്കിയാൽ തന്നെക്കാൾ കേമനാണ് വിരാട് കോഹ്ലി എന്നാണ് ഗാംഗുലി പറഞ്ഞത്. അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ..”ഞങ്ങൾ ഇരുവരും കളിച്ചത് വ്യത്യസ്ത തലമുറകളിലാണ്. ഞങ്ങൾ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞാനെന്റെ തലമുറയിൽ നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും കോഹ്ലി ഈ തലമുറയിൽ അതിനേക്കാൾ കൂടുതൽ മത്സരങ്ങൾ കളിക്കും.
നിലവിലെ കണക്കുകൾ വച്ചാണെങ്കിൽ കോഹ്ലിയെക്കാൾ കൂടുതൽ മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. എന്നാൽ അത് അദ്ദേഹം മറികടക്കുമെന്നുറപ്പാണ്. ഫോമിലല്ലാത്ത കാലത്ത് എന്തെങ്കിലും ഉപദേശം നൽകുവാൻ കോഹ്ലിയെ കണ്ടു കിട്ടിയിട്ട് ഇല്ല. അദ്ദേഹം എല്ലായ്പ്പോഴും യാത്രയിലല്ലെ.എല്ലാവരും വിലയിരുത്തലുകൾക്ക് വിധേയരാകുന്ന കാലഘട്ടമാണിത്. കളിക്കുന്ന കാലത്ത് ഹോട്ടലിൽ എന്റെ മുറിയിൽ രാവിലെ പത്രം ഇടരുതെന്ന് ഞാൻ പറയുമായിരുന്നു. എന്നാൽ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ കളിക്കാർക്ക് എല്ലാ വിമർശനങ്ങളും വിലയിരുത്തലും അറിയാനാവും. കളിക്കാർ കരിയറിൽ മോശം ഫോമിലൂടെയും സാഹചര്യങ്ങളിലൂടെയുമെല്ലാം കടന്നുപോകും. അതെല്ലാം പോസറ്റീവായി എടുക്കണം. അത് കളിക്കാരനെ മാനസികമായി തളർത്തുന്നതാകതെന്നും തനിക്ക് അത്തരം അവസ്ഥയുണ്ടായിട്ടില്ല.”- ഗാംഗുലി പറഞ്ഞു.