ബോർഡർ- ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ടീം വളരെ വലിയ വിമർശനങ്ങളാണ് നിലവിൽ ഏറ്റുവാങ്ങുന്നത്. ഇതിനിടെ ഇന്ത്യയുടെ ഹെഡ് കോച്ചായ ഗൗതം ഗംഭീറും ടീം മാനേജ്മെന്റും തമ്മിൽ ആഭ്യന്തര പോരുകൾ നടക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളും ഇപ്പോൾ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിരിക്കുകയാണ്.
പരമ്പരയിൽ ഇന്ത്യൻ ടീം മോശം പ്രകടനം കാഴ്ചവച്ചതോടെ ഗംഭീർ കുറച്ച് ആവശ്യങ്ങൾ ടീം മാനേജ്മെന്റിന് മുൻപിലേക്ക് വയ്ക്കുകയും, അത് അവർ നിരസിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ വെറ്ററൻ ബാറ്റർ പൂജാരയെ ഇന്ത്യയുടെ സ്ക്വാഡിനൊപ്പം ഉൾപ്പെടുത്തണമെന്ന നിർദ്ദേശമായിരുന്നു ഗംഭീർ ടീം മാനേജ്മെന്റിന്റെ മുൻപിലേക്ക് വച്ചത്. എന്നാൽ ഇത് നിഷ്കരുണം നിരസിക്കുകയാണ് ടീം മാനേജ്മെന്റ് ചെയ്തത്.
2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെയാണ് അവസാനമായി പൂജാര കളിച്ചത്. ഇതിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിക്കാനുള്ള അവസരം താരത്തിന് ലഭിച്ചില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ 14, 27 എന്നിങ്ങനെയാണ് പുജാര റൺസ് കണ്ടെത്തിയിരുന്നത്. എന്നിരുന്നാലും ഓസ്ട്രേലിയൻ മണ്ണിൽ വലിയ റെക്കോർഡുകളുള്ള താരമാണ് പൂജാര. 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 993 റൺസാണ് ഓസ്ട്രേലിയയിൽ ഈ താരം നേടിയിട്ടുള്ളത്. 47.28 എന്ന ശരാശരിയിലാണ് പൂജാരയുടെ ഓസ്ട്രേലിയൻ മണ്ണിലെ വമ്പൻ പ്രകടനം.
നിലവിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ ഓസ്ട്രേലിയൻ സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നത് വ്യക്തമാണ്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചെങ്കിലും ഇന്ത്യയുടെ ബാറ്റിംഗ് പരാജയം ഗംഭീറിനെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൂജാരയെ കൂടി സ്ക്വാഡിലേക്ക് ഉൾപ്പെടുത്തണമെന്ന ആവശ്യം ഗംഭീർ മുൻപിലേക്ക് വെച്ചത്. ഇത് ടീമിന് കൂടുതൽ സന്തുലിതാവസ്ഥ നൽകുമെന്ന് ഗംഭീർ കരുതുന്നു. മാത്രമല്ല നാലാമത്തെ ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യയുടെ ഒരു സൂപ്പർ താരത്തിന്റെ മോശം പ്രകടനങ്ങളെ വിമർശിച്ച് ഹെഡ് കോച്ച് രംഗത്ത് വന്നതായും റിപ്പോർട്ട് സൂചിപ്പിക്കുകയുണ്ടായി.
ഇന്ത്യയുടെ മറ്റൊരു സീനിയർ താരം, നാലാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ക്യാപ്റ്റൻസി ഏറ്റെടുക്കാൻ തയ്യാറായി രംഗത്ത് എത്തിയിട്ടുണ്ട് എന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ നിലവിൽ ഒരുപാട് പ്രശ്നങ്ങളാണ് ആഭ്യന്തരമായി ഇന്ത്യ നേരിടുന്നത്. ഗൗതം ഗംഭീറിന്റെ കീഴിൽ മികച്ച തുടക്കം തന്നെയായിരുന്നു ഇന്ത്യൻ ടീമിന് ലഭിച്ചത്. എന്നാൽ അത് മുതലാക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. സിഡ്നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിലെങ്കിലും വിജയം സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷകൾ നിലനിർത്താനെങ്കിലും സാധിക്കൂ