കഴിഞ്ഞ കുറച്ചുകാലമായി വളരെ മോശം ഫോമിലൂടെയാണ് ഇന്ത്യൻ താരം കെ എല്‍ രാഹുൽ കടന്നുപോകുന്നത്. നിലവിൽ ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച രാഹുൽ അമ്പെ പരാജയപ്പെട്ടതോടെ മൂന്നാം മത്സരത്തിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ രാഹുലിന് പകരം വന്ന യുവതാരം ശുബ്മാൻ ഗില്ലിനും മികച്ച പ്രകടനം നടത്തുവാൻ സാധിച്ചില്ല.
ഇപ്പോഴിതാ ടീമിൽ നിന്നും സ്ഥാനം നഷ്ടപ്പെട്ട രാഹുൽ നിരാശനാകുമെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും ജീവിതത്തിൻ്റെ ഭാഗമാണ് ഉയർച്ച താഴ്ചകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ലക്‌നൗ സൂപ്പർ ജയൻ്റ്സിന്റെ നായകനായ രാഹുലിന് ആരുടെയും മുന്നിൽ ഒന്നും തെളിയിക്കേണ്ടതില്ല എന്നും ഗംഭീർ പറഞ്ഞു.
“ഇത്തരം ഘട്ടങ്ങളിലൂടെ ഓരോ കളിക്കാരനും കടന്നു പോകേണ്ടതുണ്ട്. എന്നോട് പറയൂ തൻ്റെ കരിയറിൽ സ്ഥിരമായി റൺസ് നേടുന്ന ഒരു കളിക്കാരനെ അറിയുമെങ്കിൽ. ഇതൊക്കെ ചില സമയങ്ങളിൽ ഒരു അനുഗ്രഹമാണ്. നിങ്ങളുടെ സ്ഥാനത്ത് മറ്റൊരാൾ കളിക്കുന്നത് കാണുമ്പോൾ അല്ലെങ്കിൽ നിങ്ങൾ അത് വേദനിക്കും. ഗ്രൗണ്ടിലേക്ക് നിങ്ങൾ വെള്ളം കൊണ്ടുവരുന്ന ഭാഗം ഒക്കെ നിങ്ങളെ വിഷമിപ്പിക്കും.
പക്ഷേ അവൻ ഒരു ഫ്രാഞ്ചൈസിയുടെ നായകനാണ്. ആരോടും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല. നാലോ അഞ്ചോ സെഞ്ച്വറികൾ അവൻ ഐപിഎല്ലിൽ നേടിയിട്ടുണ്ട്. പക്ഷേ 20- 20 ടീമിലോ ടെസ്റ്റ് പ്ലെയിങ് ഇലവനിലോ ഇല്ലെങ്കിൽ സ്വയം ചില മാറ്റങ്ങൾ വരുത്താനാണ് ശ്രമിക്കേണ്ടത്.”- ഗംഭീർ പറഞ്ഞു. താരത്തിന്റെ മോശം ഫോം കാരണം വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു ഈ അടുത്ത കാലത്തായി രാഹുലിനെതിരെ ഉയർന്നുവന്നത്. അതിനിടയിലാണ് പിന്തുണയുമായി ഗംഭീർ രംഗത്ത് എത്തിയത്.