ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെട്ടതിനുശേഷം ഇന്ത്യക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഇതിനോടൊപ്പം മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്കായി നേടിയെടുത്ത കിരീടങ്ങളെ സംബന്ധിച്ച് വലിയ ചർച്ചകൾ സജീവമായി സോഷ്യൽ മീഡിയയിൽ നടക്കുന്നു. ഇത്തരം ചർച്ചകൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ഓപ്പൺ ഗൗതം ഗംഭീർ. 2011ലെ ലോകകപ്പ് മുതൽ ഇന്ത്യയിൽ നടക്കുന്ന പിആർ വർക്കുകളെ സംബന്ധിച്ചാണ് ഗംഭീർ സംസാരിക്കുന്നത്.
2011 ലോകകപ്പിൽ ക്യാൻസറിനോട് പോരാടുന്നതിനിടെ മികച്ച പ്രകടനം കാഴ്ചവച്ച ക്രിക്കറ്ററാണ് യുവരാജ് സിംഗ്. എന്നാൽ ആ ലോകകപ്പിനെ പറ്റി സംസാരിക്കുമ്പോൾ ആരും തന്നെ യുവരാജിനെ കുറിച്ച് സംസാരിക്കുന്നില്ല എന്ന് ഗംഭീർ പറയുന്നു. ഇന്ത്യയിലുള്ള പിആർ ഏജൻസികൾ ആ വിജയത്തിന്റെ ക്രെഡിറ്റ് മറ്റൊരു കളിക്കാരന് നൽകുന്നതായും ഗംഭീർ തുറന്നടിച്ചു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഗംഭീർ ഉദ്ദേശിച്ചത് ധോണിയെ തന്നെയാണ് എന്ന് വ്യക്തമാണ്. മാത്രമല്ല 2007, 2011 ലോകകപ്പ് വിജയിന്റെ ക്രെഡിറ്റ് ഇപ്പോൾ ഒരാൾക്കാണെന്നും, എന്നാൽ ഒരു വ്യക്തി വിചാരിച്ചത് കൊണ്ട് മാത്രം ഒരിക്കലും ഒരു ടീമിന് ലോകകപ്പ് സ്വന്തമാക്കാൻ സാധിക്കില്ല എന്നും ഗംഭീർ പറയുകയുണ്ടായി.
“നമ്മൾ 2007ലെയും 2018ലെയും ലോകകപ്പുകളെകുറിച്ച് സംസാരിക്കുമ്പോൾ യുവരാജിന്റെ പേര് ഒരിടത്തും നിർഭാഗ്യവശാൽ കേൾക്കാറില്ല. അത് എന്തുകൊണ്ടാണ്? അത് തീർച്ചയായും മാർക്കറ്റിംഗ്, പിആർ ഏജൻസികളുടെ പ്രവർത്തനവും മൂലമാണ്. ഒരു കളിക്കാരനെ വലിയ താരമായി നിർത്തി മറ്റെല്ലാവരെയും ചെറുതായി കാണിക്കുന്ന പി ആർ ഏജൻസികൾ. മറ്റാരും ഇതിൽ ഭാഗമല്ല. 2007, 2011 ലോകകപ്പുകൾ വിജയിച്ചത് ഒരു വ്യക്തിയാണ് എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ മുഴുവൻ ടീം കൂടിയാണ് അത് ജയിച്ചത്. ഒരു വ്യക്തിക്ക് മാത്രമായി ഇത്ര വലിയ ടൂർണമെന്റ് വിജയിക്കാൻ സാധിക്കില്ല. അങ്ങനെ സാധിക്കുമായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഇപ്പോൾ അഞ്ചോ പത്തോ ലോകകപ്പ് ഷെൽഫിൽ ഇരുന്നേനെ.”- ഗംഭീർ പറഞ്ഞു.
മുൻപും ഇക്കാര്യത്തെ സംബന്ധിച്ച് ഗംഭീർ തന്റെ വസ്തുതകൾ വ്യക്തമാക്കിയിരുന്നു. 2011 ലോകകപ്പ് വിജയിച്ചതിന്റെ ക്രെഡിറ്റുകൾ മഹേന്ദ്ര സിംഗ് ധോണിയിലേക്ക് ഒതുങ്ങിപ്പോകുന്നതായി ഗംഭീർ പറഞ്ഞിരുന്നു. അതിന്റെ പേരിൽ ഇവരും തമ്മിൽ മൈതാനത്തിനും പുറത്ത് ഒരു വലിയ വാക്പോര് തന്നെ നടക്കുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചത്. എന്നാൽ മഹേന്ദ്ര സിംഗ് ധോണി ഇതുവരെ ഗംഭീറിന്റെ ഇത്തരം വാദങ്ങളോട് യാതൊരു തരത്തിലും പ്രതികരിച്ചിട്ടില്ല എന്നതും അതിശയകരമായ കാര്യമാണ്.