കോച്ച് വിക്രം റാത്തോറിനെയടക്കം മാറ്റണമെന്ന ഉപാധിയുമായി ഗംഭീർ. എല്ലാം സമ്മതിച്ച് ബിസിസിഐ.

2024 ട്വന്റി20 ലോകകപ്പോട് കൂടി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവാഡിന്റെ കാലാവധി അവസാനിക്കുകയാണ്. ശേഷം പുതിയൊരു പരിശീലകനെ തേടിയുള്ള പ്രയാണത്തിലാണ് ഇന്ത്യൻ ടീം. സ്റ്റീഫൻ ഫ്ലമിങ്, റിക്കി പോണ്ടിംഗ് അടക്കമുള്ള വിദേശ പരിശീലകരെ ഇന്ത്യ തേടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാൽ ഇന്ത്യ തങ്ങളുടെ മുൻ താരം ഗൗതം ഗംഭീറിനെ പരിശീലകനായി നിശ്ചയിക്കാൻ തീരുമാനിച്ചു എന്നാണ് സൂചനകൾ. ദ്രാവിഡിന്റെ പിൻഗാമിയായി 2024 ട്വന്റി20 ലോകകപ്പിന് ശേഷം ഗൗതം ഗംഭീർ സ്ഥാനമേൽക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൈകാതെ തന്നെ ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം ബിസിസിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും സൂചനയുണ്ട്.

ഇന്ത്യ മുൻപ് തന്നെ ഗൗതം ഗംഭീറിനെ തങ്ങളുടെ പരിശീലകനാവാൻ സമീപിച്ചിരുന്നു. ഈ സമയത്ത് ഗംഭീർ ചില ഉപാധികളും മുൻപോട്ട് വയ്ക്കുകയുണ്ടായി. ഗംഭീറിന്റെ ഉപാധികൾ ബിസിസിഐ അംഗീകരിച്ചു എന്നാണ് ഇപ്പോൾ ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടീമിനുള്ളിൽ ചില മാറ്റങ്ങളാണ് ഗംഭീർ മുമ്പോട്ട് വെച്ചത്.

താൻ നിർദ്ദേശിക്കുന്നവരെ ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫാക്കി മാറ്റണമെന്ന് ഗംഭീർ ബിസിസിഐക്ക് മുൻപിലേക്ക് ഉപാധി വെച്ചിരുന്നു. ഈ ഉപാധിയാണ് ഇപ്പോൾ ബിസിസിഐ അംഗീകരിച്ചത്. ഇതോടുകൂടി ഇന്ത്യൻ ടീമിൽ വലിയ മാറ്റം വരുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

നിലവിൽ മികച്ച പരിശീലകർ തന്നെയാണ് ഇന്ത്യയുടെ സപ്പോർട്ടിംഗ് സ്റ്റാഫായി ഉള്ളത്. വിക്രം റാത്തോറാണ് ഇപ്പോൾ ഇന്ത്യയുടെ ബാറ്റിംഗ് കോച്ച്. പരസ് മാമ്പ്ര ഇന്ത്യയുടെ ബോളിങ് കോച്ചായി പ്രവർത്തിക്കുന്നു. ടി ദിലീപാണ് ഇന്ത്യയുടെ ഫീൽഡിങ് കോച്ച്. എന്നാൽ ഗംഭീറിന്റെ ഉപാധികൾ അനുസരിച്ച് ദ്രാവിഡിനൊപ്പം ഇവരും സ്ഥാനമൊഴിയേണ്ടി വരും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുൻപ് രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായിരുന്ന സമയത്തായിരുന്നു സഞ്ജയ് ബംഗാറിനെ മാറ്റി വിക്രം റാത്തോറിനെ ബാറ്റിംഗ് പരിശീലകനായി എത്തിച്ചത്. പിന്നീട് ദ്രാവിഡ് പരിശീലകനായി സ്ഥാനമേറ്റപ്പോഴും റാത്തോർ തുടരുകയായിരുന്നു. എന്നാൽ ഇനി റാത്തോറിന് തുടരാൻ സാധിക്കില്ല എന്നതിന്റെ സൂചനയാണ് ഗംഭീർ നൽകിയിരിക്കുന്നത്.

സപ്പോർട്ടിംഗ് സ്റ്റാഫുകളുടെ കാര്യത്തിൽ മാത്രമല്ല മറ്റു ചില കാര്യങ്ങളിലും ഗംഭീർ ബിസിസിഐയ്ക്ക് മേൽ നിർദ്ദേശങ്ങൾ വച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായിരുന്നു ഗംഭീർ. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിൽ എത്തിക്കാൻ താരത്തിന് സാധിച്ചിരുന്നു. ശേഷമാണ് ഇന്ത്യ പരിശീലക സ്ഥാനം നൽകി ഗംഭീറിനെ സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഗംഭീർ ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞു. ഇതിനെക്കാൾ വലിയ ബഹുമതി തനിക്ക് വരാനില്ല എന്നാണ് ഗംഭീർ വ്യക്തമാക്കിയത്. ഗംഭീറിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

Previous articleബാബർ ആസം പാകിസ്ഥാന്റെ ട്വന്റി20 ടീമിൽ സ്ഥാനമർഹിയ്ക്കുന്നില്ല – വിരേന്ദർ സേവാഗ് പറയുന്നു.
Next articleമൂന്നാം നമ്പറിൽ വേണ്ട, കോഹ്ലി ഓപ്പണിങ് തന്നെ ഇറങ്ങിയാൽ മതി. കാരണം പറഞ്ഞ് വസീം ജാഫർ.