ലോകമെമ്പാടുമുള്ള എല്ലാ ക്രിക്കറ്റ് ആരാധകരും ആസ്വാദകരും ഇപ്പോൾ ആഘോഷിക്കുന്ന ഒന്നാണ് ഇന്ത്യൻ മുൻനായകൻ വിരാട് കോഹ്ലിയുടെ തിരിച്ചുവരവ്. കഴിഞ്ഞ കുറേ കാലങ്ങളായി മോശം ഫോം അലട്ടുന്ന താരം ഈ ഏഷ്യകപ്പിലൂടെയാണ് തന്‍റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നത്. ഒരു സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ചുറിയുമടക്കം മികച്ച പ്രകടനം തന്നെയായിരുന്നു ടൂർണമെന്റിൽ താരം പുറത്തെടുത്തത്.
അഫ്ഗാനിസ്ഥാനെതിരെ നടന്ന സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ആയിരം ദിവസത്തിലധികം നീണ്ട തൻ്റെ സെഞ്ച്വറി വരൾച്ചക്ക് വിരാമം ഇടാനും താരത്തിന് ടൂർണമെന്റിൽ സാധിച്ചു. ടൂർണമെന്റിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായപ്പോൾ അവരുടെ എല്ലാവരുടെയും സങ്കടം മാറ്റിയത് കോഹ്ലിയുടെ തിരിച്ചുവരവായിരുന്നു. ഇപ്പോഴിതാ കോഹ്ലിയെ പറ്റി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഇത്രയും നീണ്ട കാലത്തെ ഈ വരൾച്ചയെ അതിജീവിച്ച ഒരു വ്യക്തി കോഹ്ലി മാത്രമായിരിക്കും എന്നാണ് ഗൗതം ഗംഭീർ പറഞ്ഞത്. കോഹ്ലിക്ക് നൽകിയ ഈ അവസരം മറ്റാർക്കും നൽകില്ലെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. കായികരംഗത്ത് അവർ എത്ര വലിയ പോരാളിയാണെങ്കിലും, അവർക്ക് എത്ര വലിയ പേര് ഉണ്ടെങ്കിലും ചവിട്ടി പുറത്താക്കുമായിരുന്നു എന്നും ഗംഭീർ പറഞ്ഞു. കോഹ്ലിക്ക് ഈ മൂന്നുവർഷം ലഭിച്ച അവസരം മറ്റാർക്കും ലഭിക്കില്ല എന്നും മുൻ താരം പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ..
“മൂന്ന് വർഷം വളരെ നീണ്ട സമയമാണ്. ഇത് മൂന്ന് മാസമല്ല. ഞാൻ അദ്ദേഹത്തെ വിമർശിക്കാൻ ശ്രമിക്കുന്നില്ല, പക്ഷേ അദ്ദേഹം അത് നേടിയത് കഴിഞ്ഞ കാലങ്ങളിൽ ഒരുപാട് റൺസ് നേടിയതുകൊണ്ടാണ്. എന്നാൽ മൂന്ന് വർഷത്തിനുള്ളിൽ സെഞ്ച്വറി നേടിയില്ലെങ്കിൽ യുവതാരങ്ങളിൽ ആരും അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിജീവിക്കുമായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല. രഹാനെ,അശ്വിൻ, രോഹിത് ശർമ, രാഹുൽ എന്നിവരാണ് മോശം ഫോമിൽ ആയിരുന്നെങ്കിൽ അവരെ എല്ലാം നേരത്തെ തന്നെ പുറത്താക്കുമായിരുന്നു.”- ഗംഭീർ പറഞ്ഞു.