ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അടുത്തിടെ ഏറ്റവും അധികം നിരാശ പകർന്നത് സൗത്താഫ്രിക്കക്ക് എതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളിലെ തോൽവിയാണ്. രാഹുൽ നായകനായ ഇന്ത്യൻ ടീമിന് സൗത്താഫ്രിക്കയുടെ മികവിന് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ രാഹുലിന് എതിരെ അതിരൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിലും മുൻ താരങ്ങളിൽ നിന്നും അടക്കം ഉയർന്നത്.
ഭാവി നായകനായി വിശേഷിപ്പിക്കപ്പെട്ട രാഹുലിന് ഏകദിന ക്യാപ്റ്റനായി ഇനി എത്താനുള്ള വഴി ഈ തോൽവി തടഞ്ഞെന്നും മുൻ താരങ്ങൾ അടക്കം ഇതിനകം വിശദമാക്കി കഴിഞ്ഞു എന്നാൽ തോൽവിയിൽ വ്യത്യസ്തമായ ഒരു അഭിപ്രായവുമായി എത്തുകയാണ് രാഹുൽ തന്നെ.മത്സരഫലം ടീമിന് ഒരു തരത്തിലും അനുകൂലമായിരുന്നില്ല എങ്കിലും തോൽവി പഠിപ്പിച്ചതായ പാഠം വലുതാണെനാണ് രാഹുലിന്‍റെ അഭിപ്രായം.
“ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് കളിക്കുക എന്നത് തന്നെ എനിക്ക് വലിയ ബഹുമതിയാണ്.ടീമിനായി കളിക്കാനും ടീമിനെ നയിക്കാനും ലഭിച്ചത് ഒരു ഭാഗ്യം തന്നെയാണ്.എന്നാൽ മത്സരഫലം ഒരിക്കലും അനുകൂലമായിരുന്നില്ല. ഈ പരമ്പര സമ്മാനിച്ചത് അനേകം വൻ പാഠങ്ങളാണ്.കഴിഞ്ഞ നാല് വർഷമായി നമ്മൾ കളിക്കുന്നത് ടോപ് ക്രിക്കറ്റ് തന്നെയാണ്.എങ്കിലും ലിമിറ്റെഡ് ഓവർ ഫോർമാറ്റിൽ വമ്പൻ മാറ്റങ്ങൾക്കുള്ള സമയമാണ് ഇത്. വരാനിരിക്കുന്ന ഏകദിന, ടി :20 ലോകകപ്പുകൾ മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളാണ് നാം നടത്തുന്നത് “രാഹുൽ വാചാലനായി.
“എനിക്ക് വിശ്വാസം ഉണ്ട് നമ്മൾ ജയിച്ച് തുടങ്ങുന്നതിനേക്കാൾ നല്ലത് തോൽവി വഴങ്ങി തുടങ്ങുന്നതാണ്. തോൽവി നമ്മളെ ശക്തരാക്കി മാറ്റും. ഞാൻ അങ്ങനെയാണ് കരിയറിൽ വളർന്നത്. ടീമിനായി കളിക്കാരനായും നായകൻ റോളിലും എല്ലാം തിളങ്ങാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു. ഈ തോൽവി ഞങ്ങളെ ധാരാളം കാര്യങ്ങൾ പഠിപ്പിച്ചു. ഇതിൽ നിന്നും മുന്നേറാനാണ് ഞങ്ങൾ ഇനി ശ്രമിക്കുക” രാഹുൽ പറഞ്ഞു