നാലാം ടെസ്റ്റിൽ രക്ഷകനായി റിഷാബ് പന്ത് : ചരിത്ര വിജയം നേടി ടീം ഇന്ത്യ

ഇന്ത്യന്‍  ക്രിക്കറ്റ് ഈ ദിനം എന്നും ഓർക്കപെടും . വിഖ്യാത ഗാബയില്‍ ചരിത്രജയം സ്വന്തം  പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി നാട്ടിലേക്ക്  മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന്റെ സ്വപ്ന തുല്യ  വിജയം  ഇന്ത്യ സ്വന്തമാക്കി . അവസാന ദിനം ഗില്‍, പൂജാര,  റിഷാബ് പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 329-7. നേരത്തെ, മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.

നേരത്തെ വിക്കറ്റ് നഷ്ട്ടം കൂടാതെ 4 റൺസെന്ന  സ്‌കോറില്‍ അവസാന ദിനം ബാറ്റിംഗ്  തുടങ്ങിയ ഇന്ത്യ പ്രതീക്ഷിച്ച തുടക്കമല്ല ആദ്യ സെഷനില്‍ ലഭിച്ചത്. തലേന്നത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്‌ന്‍റ കൈകളിലെത്തിച്ചു. ഏഴ് റണ്‍സേ രോഹിത്തിനുള്ളൂ. ഇതിന് ശേഷം ക്രീസിലൊന്നിച്ച ഗില്‍-പൂജാര സഖ്യം കരുതലോടെ മുന്നേറി. 90 പന്തില്‍ നിന്ന് ഗില്‍ രണ്ടാം ടെസ്റ്റ് ഫിഫ്റ്റി തികച്ചു.തന്റെ അരങ്ങേറ്റ  ടെസ്റ്റ്  പരമ്പരയിലെ രണ്ടാം ഫിഫ്‌റ്റിയാണ് താരത്തിന്റേത് .

  
എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് ശേഷം ഓസീസ് ബൗളർമാരുടെ  ഷോട്ട് പിച്ച് പന്തുകള്‍  ആക്രമിച്ച  കളിച്ച് സ്കോറിങ്ങിന് വേഗം കൂട്ടിയ ഗില്ലിനെ(91) സ്‌പിന്നര്‍ നേഥന്‍ ലിയോണ്‍ തന്ത്രപരമായി പുറത്താക്കി. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ഗില്ലിനെ ഫസ്റ്റ് സ്ലിപ്പില്‍ സ്റ്റീവ് സ്‌മിത്ത് ക്യാച്ചെടുത്ത് പറഞ്ഞയക്കുകയായിരുന്നു. 146
പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമുണ്ടായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്‌സില്‍. രണ്ടാം വിക്കറ്റില്‍ ഗില്‍-പൂജാര സഖ്യം 114 റണ്‍സ് ചേര്‍ത്തു. ഈ പരമ്പരയില്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം  259 റൺസാണ് .

ഗില്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ അജിങ്ക്യ രഹാനെ  ഒരുപിടി മികച്ച ഷോട്ടുകളോടെ ബാറ്റിംഗ് ആരംഭിച്ചെങ്കിലും  ആ  ഇന്നിംഗ്‌സ് നീണ്ടില്ല. പാറ്റ് കമ്മിന്‍സിന്‍റെ ഷോട്ട് പിച്ച് പന്തില്‍ ബാറ്റ് വച്ച രഹാനെ പെയ്‌നിന്‍റെ കൈകളിലെത്തി. 22 പന്തില്‍ 24 റണ്‍സാണ് ഇന്ത്യന്‍ നായകന്‍റെ സമ്പാദ്യം. എന്നാല്‍ സ്ഥാനക്കയറ്റം കിട്ടി അഞ്ചാമായി ക്രീസിലെത്തിയ റിഷാബ്  പന്ത്, പൂജാരയ്‌ക്കൊപ്പം ഇന്ത്യയെ മുന്നോട്ടു കുതിപ്പിച്ചു. ഇതിനിടെ വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നാഴികക്കല്ല് ബ്രിസ്‌ബേൻ ഗ്രൗണ്ടിൽ  റിഷഭ് പിന്നിട്ടു.  

എന്നാൽ ഒരറ്റത്ത് സാവധാനം
മുന്നേറിയ പൂജാര ഇന്ത്യക്ക് പ്രതീക്ഷയേകി .അവസാന  20 ഓവറിൽ ഇന്ത്യൻ ടീമിന് ജയിക്കുവാൻ 100 റണ്‍സ് വേണമെന്നിരിക്കേ  പുതിയ പന്തെടുത്ത പാറ്റ് കമ്മിന്‍സ് രണ്ടാം പന്തില്‍ ബ്രേക്ക്‌ത്രൂ നല്‍കി. പൂജാര(211 പന്തില്‍ 56) എല്‍ബിയില്‍ കുടുങ്ങി പുറത്ത്. ഇതോടെ ഇന്ത്യ 228-4 എന്ന സ്‌കോറില്‍. 19.4 ഓവറുകളാണ് ഈ സമയം അവശേഷിച്ചിരുന്നത്. അവിടെ നിന്ന് ഇന്ത്യൻ ബാറ്റിങ്ങിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത പന്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു .

ശേഷം ഏഴാം വിക്കറ്റിൽ സുന്ദർ റിഷാബ് പന്തിനൊപ്പം മികവോടെ ബാറ്റ് ചെയ്തു .
 ജയിക്കാന്‍ 10 മാത്രം വേണമെന്നിരിക്കേ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് വാഷിംഗ്‌ടണ്‍(22) ബൗള്‍ഡായി. ലിയോണിനായിരുന്നു വിക്കറ്റ്.
ജയത്തിലേക്ക് മൂന്ന് റണ്‍സിന്‍റെ അകലത്തില്‍ ഷാര്‍ദുല്‍ താക്കൂറും(2) വീണതോടെ ഇന്ത്യ ഒന്ന് വിറച്ചു. എന്നാല്‍ തൊട്ടടുത്ത രണ്ടാം പന്തില്‍ ഹേസല്‍വുഡിനെതിരെ ബൗണ്ടറി നേടി പന്ത് ഇന്ത്യക്ക് ചരിത്ര ജയം നേടിക്കൊടുത്തു. പന്തിനൊപ്പം(89*), സൈനി(0*) പുറത്താകാതെ നിന്നു

Previous articleകന്നി സെഞ്ച്വറി നഷ്ടമായി ഗിൽ : നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌
Next articleചടുലതയും ദൃഢനിശ്ചയവും നിറഞ്ഞ പ്രകടനം : ടീം ഇന്ത്യക്ക് തന്റെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി