ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് വലിയ രീതിയിൽ വാഴ്ത്തിപാടിയ ഒരു പേരായിരുന്നു പൃഥ്വി ഷായുടേത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്നും സച്ചിൻ ടെണ്ടുൽക്കറുടെ പിൻഗാമിയെന്നും പൃഥ്വി ഷായെ പറ്റി പറഞ്ഞ എക്സ്പെർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ആ അവസ്ഥയിൽ നിന്ന് ഇപ്പോൾ വളരെ മോശം അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് താരം. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം സീസണിൽ ഒരു ടീം പോലും പൃഥ്വി ഷായെ വിളിച്ചെടുക്കാൻ തയ്യാറായില്ല.
അരങ്ങേറ്റത്തിന് ശേഷമുണ്ടായ മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഈ രീതിയിലെത്താൻ കാരണമായത് എന്ന് പല മുൻ താരങ്ങളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ മുംബൈ ടീം പൃഥ്വി ഷായെ മാറ്റി നിർത്തിയിരുന്നു. ശേഷം മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അടക്കമുള്ളവരും ഷായ്ക്കെതിരെ രംഗത്തെത്തി. ഇപ്പോൾ പൃഥ്വി ഷായ്ക്കെതിരെ വലിയ വിമർശനവുമായി, പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയിൽ രംഗത്തെത്തിയിരിക്കുന്നത് ഒരു മുൻ സെലക്ടറാണ്.
മുൻകാലത്തെ പൃഥ്വി ഷായുടെ മറ്റു താരങ്ങളോടുള്ള സമീപനം അടക്കം എടുത്തു പറഞ്ഞാണ് മുൻ സെലക്ടർ സംസാരിക്കുന്നത്. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡുമൊക്കെ ഉപദേശിച്ചിട്ടും പൃഥ്വി ഷാ ഒരു കാരണവശാലും നന്നാകാൻ തയ്യാറായില്ല എന്നാണ് മുൻ സെലക്ടർ പറയുന്നത്
ഈ താരങ്ങളൊക്കെയും ആരാണ് എന്ന നിലപാടിലാണ് പൃഥ്വി ഷാ ഇവരോടൊക്കെയും പ്രതികരിച്ചത് എന്നും മുൻ സെലക്ട്ർ വെളിപ്പെടുത്തുകയുണ്ടായി. പ്രമുഖ വാർത്താമാധ്യമമായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ സെലക്ടർ ഇക്കാര്യങ്ങളൊക്കെയും വ്യക്തമാക്കിയത്.
2020ൽ ഷാക്കെതിരെ ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്ന് ആരോപണം ഉയർന്നിരുന്നു. ഈ സമയത്ത് താരത്തെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ നേരിൽ കണ്ട് ഉപദേശിച്ചതായി മുൻ സെലക്ടർ പറയുന്നു. പ്രതിഭകൾക്ക് ഒട്ടുംതന്നെ കുറവില്ലാത്ത ഒരു നാടാണ് ഇന്ത്യ. അതിനാൽ തന്നെ ഇവിടെ അച്ചടക്കവും സ്വയം നിയന്ത്രിക്കാനുള്ള കഴിവും ആവശ്യമാണ്. ആ സാഹചര്യത്തിൽ കായികത്തിൽ എളുപ്പവഴികൾ സ്വീകരിക്കരുതെന്ന് അന്ന് സച്ചിൻ പൃഥ്വി ഷായോട് പറഞ്ഞിരുന്നു എന്ന് സെലക്ടർ പറയുകയുണ്ടായി.
“ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലുള്ള സമയത്ത് സൗരവ് ഗാംഗുലിയും റിക്കി പോണ്ടിങ്ങും അടക്കമുള്ളവർ ഈ താരത്തെ ഉപദേശിച്ചിരുന്നു. തുടർച്ചയായി അവൻ മൈതാനത്ത് പരാജയപ്പെട്ടപ്പോഴും വലിയ പിന്തുണയാണ് ഈ താരങ്ങൾ നൽകിയിരുന്നത്. പക്ഷേ ഇതൊന്നും തന്നെ ഗൗരവത്തിൽ എടുക്കാൻ പൃഥ്വി ഷാ തയ്യാറായില്ല. ഇപ്പോൾ അവൻ അനുഭവിക്കുന്നത് ഇതിന്റെയൊക്കെയും ഫലങ്ങളാണ്. അണ്ടർ 19 ഇന്ത്യൻ ടീമിൽ കളിക്കുന്ന സമയത്ത് പരിശീലകനായ രാഹുൽ ദ്രാവിഡും അവന് ഒരുപാട് ഉപദേശങ്ങൾ നൽകി. ഒരു രക്ഷയും ഇല്ലാതെ സഹികെട്ടപ്പോഴാണ് ഇവരെല്ലാവരും അവനെ ഉപേക്ഷിച്ചത്. ” മുൻ സെലക്ടർ പറഞ്ഞുവെക്കുന്നു.