ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ച യുവതാരം സർഫറാസ് ഖാന്റെ ഒരു അഴിഞ്ഞാട്ടമാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം കാണാൻ സാധിച്ചത്. മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ നിൽക്കുമ്പോൾ തന്നെയാണ് സർഫറാസ് ക്രീസിലെത്തിയത്.
ശേഷം ഇംഗ്ലണ്ട് ബോളർമാരെ തലങ്ങും വിലങ്ങും പായിക്കാൻ സർഫറാസിന് സാധിച്ചു. ടെസ്റ്റ് മത്സരം ആയിരുന്നിട്ട് പോലും ഒരു ഏകദിന മത്സരത്തിന്റെ ശൈലിയിലാണ് സർഫറാസ് റൺസ് കണ്ടെത്തിയത്. തുടക്കക്കാരന്റെ പതർച്ചയില്ലാതെ സർഫറാസ് മത്സരത്തിൽ ഒരു തകർപ്പൻ അർധസെഞ്ച്വറിയും നേടി. ശേഷം സർഫറാസിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ റോബിൻ ഉത്തപ്പ.
തന്റെ കരിയറിൽ സർഫറാസിന് ഒരു മിന്നൽ തുടക്കമാണ് ലഭിച്ചിരിക്കുന്നത് എന്ന് ഉത്തപ്പ പറയുകയുണ്ടായി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പ്രകമ്പനം കൊള്ളിക്കുന്ന ഇന്നിംഗ്സാണ് സർഫറാസ് കാഴ്ചവെച്ചത് എന്ന് ഉത്തപ്പ പറയുന്നു.
“ഒരു മിന്നൽ പിണറായാണ് സർഫറാസ് കളിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർദ്ധ സെഞ്ച്വറി സ്വന്തമാക്കാൻ അവന് സാധിച്ചു. തന്റെ അന്താരാഷ്ട്ര കരിയറിന് ഒരു മിന്നൽ തുടക്കം സർഫറാസിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് മികച്ച ഇന്നിംഗ്സുകൾ അവനിൽ നിന്ന് വരാനിരിക്കുന്നു.”- ഉത്തപ്പ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
കഴിഞ്ഞ 10 വർഷങ്ങളിലായി ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങളാണ് സർഫറാസ് പുറത്തെടുത്തിട്ടുള്ളത്. ഇത് സർഫറാസിന് വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ട് എന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും പറയുകയുണ്ടായി.
“ആഭ്യന്തര ക്രിക്കറ്റിൽ ഇത്തരത്തിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുക. അങ്ങനെയെങ്കിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ ഇനിയും അവസരങ്ങൾ സർഫറാസിനെ തേടി വരും. ഇന്നത്തെ ദിവസം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് സർഫറാസ് തന്നെയായിരുന്നു. എല്ലാത്തരത്തിലും അർഹിച്ച അർധ സെഞ്ച്വറി തന്നെയാണ് സർഫറാസിന് ലഭിച്ചത്.”- പത്താൻ കുറിച്ചു.
മത്സരത്തിൽ 48 പന്തുകളിൽ നിന്നായിരുന്നു സർഫറാസ് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇംഗ്ലണ്ട് ബോളർമാർ പലപ്പോഴും സർഫറാസിന് മേൽ സമ്മർദം ചെലുത്താൻ ശ്രമിച്ചെങ്കിലും അതിനെ ഇല്ലായ്മ ചെയ്യുന്ന ഷോട്ടുകൾ തന്നെയാണ് സർഫറാസിന്റെ ബാറ്റിൽ നിന്ന് ഉതിർന്നത്.
66 പന്തുകൾ ഇന്നീങ്‌സിൽ നേരിട്ട സർഫറാസ് 62 റൺസാണ് നേടിയത്. 9 ബൗണ്ടറികളും ഒരു സിക്സറും ഈ യുവതാരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് സർഫറാസിന്റെ ഈ ബാറ്റിംഗ് മികവ് ഒരുപാട് പ്രതീക്ഷകൾ നൽകുന്നതാണ്.