രോഹിത് എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്. ബോളിംഗിലും ഫീൽഡിങ്ങിലും ബ്ലണ്ടർ. മുൻ താരങ്ങൾ രംഗത്ത്.

മെൽബൺ ടെസ്റ്റ് മത്സരത്തിന് രണ്ടാം ദിവസം ഇന്ത്യൻ നായകൻ രോഹിത് ശർമക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ. രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും അടക്കമുള്ളവരാണ് രോഹിത്തിനെതിരെ വലിയ വിമർശനവുമായി രംഗത്തെത്തിയത്. മത്സരത്തിൽ ഇന്ത്യയുടെ ടീം സെലക്ഷൻ അടക്കമുള്ള കാര്യങ്ങളെ ചോദ്യം ചെയ്താണ് ഇരുവരും രംഗത്ത് എത്തിയത്.

കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ കളിച്ചിരുന്ന ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇത്തവണ സ്പിന്‍ ഓള്‍റൗണ്ടറായ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയത്. രോഹിത്തിന്റെ ഈ തീരുമാനത്തെയാണ് ശാസ്ത്രി ചോദ്യം ചെയ്തത്. ഇത്തരത്തിൽ ഒരു ബോളറെ ഉൾപ്പെടുത്തുമ്പോൾ അവനെ പൂർണമായും വിശ്വസിക്കാൻ രോഹിത് തയ്യാറാവണമായിരുന്നു എന്ന് ശാസ്ത്രി പറയുന്നു. എന്നാൽ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിനെ നന്നായി ഉപയോഗിക്കാൻ രോഹിത്തിന് സാധിച്ചില്ല എന്നും ശാസ്ത്രി വിമർശിക്കുകയുണ്ടായി.

മത്സരത്തിന്റെ രണ്ടാം ദിവസം കമന്ററി ബോക്സിൽ ഇരുന്നാണ് ശാസ്ത്രി തന്റെ വിമർശനം അറിയിച്ചത്. 2 സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്താനുള്ള രോഹിത്തിന്റെയും ഗംഭീറിന്റെയും തീരുമാനത്തെയാണ് ശാസ്ത്രി ചോദ്യം ചെയ്തത്. “40 ഓവറുകൾക്ക് ശേഷം പന്തെറിയിക്കാൻ ആണെങ്കിൽ എന്തിനാണ് ഇന്ത്യ 2 സ്പിന്നർമാരെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയത്. മെൽബൺ ക്രിക്കറ്റ് മൈതാനത്ത് സ്പിന്നർമാർക്ക് തരക്കേടില്ലാത്ത തരത്തിൽ സഹായം ലഭിക്കുന്നതാണ്. എന്തുകൊണ്ടാണ് ഇന്ത്യ 40 ഓവറുകൾക്ക് ശേഷം മാത്രം ജഡേജയെയും സുന്ദറിനെയും പന്ത് എറിയിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.”- രവി ശാസ്ത്രി പറഞ്ഞു.

രണ്ടാം ദിവസം, ഇന്ത്യ മൂന്നാം ഓവറിലാണ് ബൂമ്രയ്ക്ക് പന്ത് നൽകിയത്. ഇതിനെയും ശാസ്ത്രി ചോദ്യം ചെയ്തു.” ഇന്ത്യ രണ്ടാം ദിവസം ബുമ്രയെ കൊണ്ട് പന്തെറിയിപ്പിച്ചു തന്നെ ആരംഭിക്കണമായിരുന്നു. എന്നാൽ ഇവിടെ സിറാജാണ് ആദ്യ ഓവർ എറിഞ്ഞത്. സിറാജിന്റെ ആത്മവിശ്വാസം വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവനെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുണ്ട്. മാത്രമല്ല രോഹിത്തിന്റെ ഫീൽഡിങ് തന്ത്രങ്ങളിലും വലിയ പാളിച്ചിയുണ്ടായിരുന്നു. മിച്ചൽ സ്റ്റാർക്ക് ബാറ്റ് ചെയ്യുന്ന സമയത്ത് ഇന്ത്യ ലോങ് ഓഫിലും ലോങ് ഓണിലും ഫീൽഡർമാരെ നിർത്തി. ഇതിൽ ഒരാളെ എങ്കിലും 30 വാര സർക്കിളിൽ നിർത്തെണ്ടതായിരുന്നു. “- ശാസ്ത്രി പറഞ്ഞു.

ഇന്ത്യയുടെ ബോളിങ് പ്രകടനത്തെ വിമർശിച്ചാണ് സുനിൽ ഗവാസ്കറും സംസാരിച്ചത്. “വളരെ മോശം ബോളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ബോളർമാർക്ക് ബൗൺസറുകൾ അറിയണമെങ്കിൽ അത് ബാറ്ററുടെ ഹെൽമറ്റിന്റെ പൊക്കത്തിൽ എറിയണം. അല്ലാത്തപക്ഷം എറിഞ്ഞാൽ അതൊരിക്കലും ഗുണം ചെയ്യില്ല. ഞാൻ വളരെ നിരാശനാണ്. ന്യൂബോളിലും ഇന്ത്യ വലിയ അവസരം തന്നെ നഷ്ടപ്പെടുത്തി. ആകാശ് ദീപിന് ന്യൂബോളിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തറിഞ്ഞ് അവനത് നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. മാത്രമല്ല മൈതാനത്ത് ഇന്ത്യൻ ഫീൽഡർമാർ വളരെ മോശം പ്രകടനമാണ് നടത്തിയത്.”- ഗവാസ്കർ പറഞ്ഞു.

Previous articleമെല്‍ബണില്‍ പിടിമുറുക്കി ഓസീസ്. വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ.