സമീപകാലത്ത് ഏറ്റവും വലിയ പ്രതിസന്ധിലൂടെയാണ് ഇന്ത്യൻ ടീം ഇപ്പോൾ കടന്നുപോകുന്നത്. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര കൈവിട്ട് കളഞ്ഞ ശേഷം ഇപ്പോൾ ഇതാ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടു. പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും നായകൻ രോഹിത് ശർമയുടെയും കീഴിൽ ഒരുപാട് പ്രതീക്ഷകൾ ആയിരുന്നു ഇന്ത്യൻ ആരാധകർക്ക് ഉള്ളത്. അടുത്ത വർഷം ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ ഇപ്പോഴത്തെ മോശം ഫോം വലിയ പ്രതിസന്ധിയാണ് ഉയർത്തുന്നത്.
നിലവിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ആരെയാണ് സ്ഥിരം വിക്കറ്റ് കീപ്പർ ആക്കുക എന്നത്. നിലവിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് രാഹുൽ, പന്ത്, സഞ്ജു, ഇഷാൻ കിഷൻ എന്നിവരാണ് ഉള്ളത്. ഇതിൽ ഇന്ത്യ കൂടുതലായും പരിഗണിക്കാൻ സാധ്യത പന്തിനെയാണ്. ഇന്ത്യൻ ടീം സഞ്ജുവിനെ തഴയുന്നതിൽ രൂക്ഷ വിമർശനമാണ് ഉയർന്നുവരുന്നത്. ഇപ്പോഴിതാ താരത്തിന് ചില നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹേമങ് ബദാനി.
“ഒരു മത്സരത്തിൽ അവസരം നൽകി അടുത്ത മത്സരത്തിൽ സഞ്ജുവിനെ ഒഴിവാക്കുന്ന രീതി മാറ്റണം. സ്ഥിരമായി മികച്ച റൺസ് നേടാനുള്ള അവസരം അവന് നൽകണം. ടീമിന് ഒരു അധിക ബൗളറെ വേണമെന്ന് പറഞ് സഞ്ജുവിനെ ഒഴിവാക്കാൻ പാടില്ല. അവന് ലഭിച്ച അവസരങ്ങളിൽ മാന്യമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വൈകാരികമായ ബന്ധം ആരാധകർക്ക് സഞ്ജുവിനോട് ഉണ്ട്. 60 ന് മുകളിൽ ശരാശരി വെറും 11 ഏകദിന മത്സരങ്ങളിൽ നിന്ന് ഉണ്ടാക്കിയിട്ടും അവസരം നൽകാത്തത് നിരാശാജനകമാണ്. മറ്റുള്ള കളിക്കാർ അവസരം അർഹിക്കുന്ന പോലെ സഞ്ജുവും അത് അർഹിക്കുന്നുണ്ട്.അവൻ നേരിടുന്ന അവഗണന എത്രത്തോളം ആണെന്ന് അവൻ്റെ കരിയർ പരിശോധിക്കുമ്പോൾ മനസ്സിലാകും. സഞ്ജു ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തുമ്പോൾ 21 വയസ്സ് ആയിരുന്നു പ്രായം. ഏഴ് വർഷത്തിന് ശേഷം ഇപ്പോഴും അവൻ ക്രിക്കറ്റിലുണ്ട്.
എന്നാൽ അവൻ ഇതുവരെയും കളിച്ചത് വെറും 16 20-20 മത്സരങ്ങളും 11 ഏകദിനവും മാത്രമാണ്. അതേസമയം ലഭിക്കുന്ന അവസരങ്ങളെല്ലാം നശിപ്പിക്കുന്ന പന്തിന് അവസരങ്ങൾ നൽകുകയാണ്. സഞ്ജു പരിമിത ഓവർ ക്രിക്കറ്റിൽ അവസരങ്ങൾ കൂടുതൽ അർഹിക്കുന്നുണ്ടെങ്കിലും അതൊന്നും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. അടുത്തവർഷം നടക്കുന്ന ലോകകപ്പിനുള്ള ടീമിന് ഇന്ത്യ ഇപ്പോഴും കീപ്പർ മാരെ തേടി നടക്കുകയാണ്. നിരവധി താരങ്ങൾ ഉണ്ടായിട്ടും ഇപ്പോഴും ആ സ്ഥാനത്ത് സ്ഥിരമായി ഒരു താരമില്ല എന്നതാണ് കൗതുകം
ഇപ്പോൾ വേണ്ട രീതിയിൽ പരിഗണന ലഭിക്കാത്ത സഞ്ജുവിനെ അടുത്ത വർഷത്തെ ലോകകപ്പിൽ ടീമിൽ സ്ഥാനം ലഭിക്കാൻ സാധ്യത കുറവാണ്. ജനുവരിയിൽ ലോകകപ്പിനുള്ള പ്ലെയിങ് ഇലവനെ കണ്ടെത്തുമെന്ന് പരിശീലകൻ ദ്രാവിഡ് പറഞ്ഞിരുന്നു. എന്നാൽ അത് നടക്കുമോ എന്ന് കണ്ടറിയണം. അർഹതയുള്ള പല താരങ്ങളും ഇപ്പോഴും ടീമിന് പുറത്താണ്.”- ബദാനി പറഞ്ഞു.