ഇന്ത്യൻ ടീമിലെ അഭിവാജ്യ ഘടകങ്ങളായ രണ്ടു പേരാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും. എപ്പോഴും ഇരുവരിൽ ആരാണ് ഏറ്റവും മികച്ചവൻ എന്ന തർക്കം ഉയരാറുണ്ട്. ഏകദിനത്തിൽ നിലവിൽ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയിട്ടുള്ള താരമാണ് കോഹ്ലിയെങ്കിൽ ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമയാണ് രോഹിത് ശർമ.
ഇപ്പോഴിതാ ഇരുവരിൽ ആരാണ് മികച്ചവൻ എന്ന ചോദ്യത്തിന് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് സൊഹൈൽ ഖാൻ. വിരാട് കോഹ്ലി മികച്ച ബാറ്റ്സ്മാൻ ആണെന്നും എന്നാൽ കോഹ്ലിയെക്കാൾ മികച്ചവൻ രോഹിത് ശർമ ആണെന്നുമാണ് മുൻ പാക്കിസ്ഥാൻ താരം പറഞ്ഞത്.”മികച്ച ബാറ്ററാണ് വിരാട് കോഹ്ലി.
എന്നാൽ രോഹിത് ശർമയാണ് കോഹ്ലിയേക്കാൾ മികച്ചവൻ. സാങ്കേതികപരമായി നോക്കുകയാണെങ്കിൽ രോഹിത് ശർമക്കാണ് മികവ് കൂടുതൽ. ലോക ക്രിക്കറ്റ് 10-12 വർഷമായി രോഹിത് ഭരിക്കുകയാണ്.”-മുൻ പാക്കിസ്ഥാൻ താരം പറഞ്ഞു.
അതേസമയം 2015 ലോകകപ്പിനിടയിൽ ഉണ്ടായ വാക്ക് തർക്കത്തെ കുറിച്ച് സൊഹൈൽ ഖാൻ പറഞ്ഞ വാക്കുകൾ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കോഹ്ലി തൻ്റെ അടുത്തേക്ക് വന്ന് നിങ്ങൾ ക്രിക്കറ്റിലേക്ക് ഇപ്പോൾ അടുത്ത് വന്നതല്ലേ ഉള്ളൂ എന്നിട്ടും ഇത്രയധികം സംസാരിക്കുന്നുവോ എന്ന് ചോദിച്ചു എന്നാണ് പാക്കിസ്ഥാൻ താരം പറഞ്ഞത്.
ഇതിന് മറുപടിയായി സൊഹൈയിൽ പറഞ്ഞത് മകനെ നീ അണ്ടർ 19 കളിക്കുന്ന സമയത്ത് നിന്റെ അച്ഛൻ ടെസ്റ്റ് പ്ലെയർ ആയിരുന്നു എന്നായിരുന്നു. സ്വയം പരാമർശിച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. നിരവധി ടെസ്റ്റ് മത്സരങ്ങൾ കളിച്ചിരുന്ന 2006-2007 കാലഘട്ടത്തിലെ സമയത്ത് കാൽമുട്ടിന് പരിക്കേറ്റ് ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്ന സമയവും താരം ഇതിനോട് ചേർത്ത് പറഞ്ഞിരുന്നു.