ഇത്തവണത്തെ ലോകകപ്പിൽ അശ്വിനെ ആയിരുന്നു ഇന്ത്യ മുഖ്യ സ്പിന്നറായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇതാ ഇന്ത്യയുടെ ആ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ് പാക്കിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാനിഷ് കനേരിയ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ആണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
ലോകകപ്പിൽ ഇന്ത്യ കളിച്ച ആറു മത്സരങ്ങളിലും അശ്വിൻ കളിച്ചിരുന്നു. എന്നാൽ 6 മത്സരങ്ങളിൽ നിന്ന് വെറും ആറ് വിക്കറ്റുകൾ മാത്രമാണ് താരം സ്വന്തമാക്കിയത്. അശ്വിൻ ഈ ഫോർമാറ്റിന് പറ്റിയ കളിക്കാരൻ അല്ലെന്നും പകരം ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമായ താരമാണെന്നുമാണ് മുൻ പാക്കിസ്ഥാൻ താരം വിലയിരുത്തിയത്. അതുകൊണ്ടുതന്നെ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാണ് അശ്വിന് സ്ഥാനം അർഹിക്കുന്നുള്ളൂ എന്നും മുൻ പാക്കിസ്ഥാൻ താരം പറഞ്ഞു.
“ഈ ലോകകപ്പിൽ കളിക്കുവാൻ അശ്വിന് യാതൊരുവിധ അർഹതയും ഇല്ല. ഓസ്ട്രേലിയയിൽ ഒന്നും അവിടുത്തെ സാഹചര്യങ്ങളിൽ അശ്വിവിന് നന്നായി കളിക്കാൻ സാധിക്കുകയില്ല. അവൻ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം കളിക്കുന്നതാണ് നല്ലത്. നായകനായിരുന്നപ്പോൾ കോഹ്ലി ചെയ്തതാണ് ശരി. ട്വൻ്റി-ട്വൻ്റിയിൽ അശ്വിനെ കോഹ്ലി കളിപ്പിച്ചില്ല. പകരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് വേണ്ടി മാത്രം മാറ്റി നിർത്തി.
കുട്ടി ക്രിക്കറ്റ് അശ്വിനെ കൊണ്ട് സാധിക്കില്ല. ഒരു ഓഫ് സ്പിന്നർ ആയിരുന്നിട്ടും അദ്ദേഹത്തിന് ഓഫ് സ്പിൻ എറിയാൻ കഴിയുന്നില്ല.”- ഡാനിഷ് കനേറിയ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ രണ്ട് ഓവറിൽ 27 റൺസ് ആണ് താരം വിട്ടു നൽകിയത്. കഴിഞ്ഞ വർഷം യു. എ.ഇ യിൽ വച്ച് നടന്ന ലോകകപ്പിലും സ്ഥാനം നേടിയ അശ്വിൻ തുടർച്ചയായ രണ്ടാം തവണയാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയത്.