ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലെ പരാജയം ഇന്ത്യയെ വലിയ രീതിയിൽ നിരാശയിലാക്കിയിട്ടുണ്ട്. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം വലിയ ആത്മവിശ്വാസത്തോടെയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. എന്നാൽ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ദയനീയമായ ഒരു പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്.
ഇതോടെ ഇന്ത്യയ്ക്ക് ലോകകപ്പ് എന്ന സ്വപ്നവും ഇല്ലാതായി. ഇതിന് ശേഷം പാക്കിസ്ഥാൻ ആരാധകരടക്കം ഇന്ത്യയുടെ പരാജയത്തെ പരിഹസിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇന്ത്യയുടെ പരാജയം വലിയ സന്തോഷം തനിക്ക് നൽകുന്നു എന്നാണ് മുൻ പാക്കിസ്ഥാൻ താരം അബ്ദുൽ റസാക്ക് പറയുന്നത്.
ടൂർണമെന്റിലുടനീളം ഇന്ത്യ കള്ളത്തരങ്ങൾ കാട്ടിയെന്നും അതിനുള്ള ശിക്ഷയാണ് ഈ പരാജയമെന്നും റസാക്ക് പറയുന്നു. “ക്രിക്കറ്റ് ജയിക്കുകയും ഇന്ത്യ തോൽക്കുകയുമാണ് ചെയ്തത്. ഒരുപക്ഷേ ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നുവെങ്കിൽ ക്രിക്കറ്റിലെ തന്നെ ഏറ്റവും വിഷമകരമായ കാര്യമായി അത് മാറുമായിരുന്നു.
മത്സരങ്ങൾ നടന്ന ഇന്ത്യയിലെ, സാഹചര്യങ്ങൾ തങ്ങൾക്ക് ഏറ്റവും അനുകൂലമാക്കി ഇന്ത്യ മാറ്റി. ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഇത്തരമൊരു പിച്ച് ഒരിക്കലും കണ്ടിട്ടില്ല. ഇന്ത്യ മത്സരത്തിൽ പരാജയപ്പെട്ടത് ക്രിക്കറ്റിന് ഏറ്റവും അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്.”- റസാക്ക് പറയുകയുണ്ടായി.
എന്നാൽ റസാക്കിനെതിരെ പാകിസ്ഥാൻ മുൻ താരങ്ങൾ പോലും ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരത്തിൽ മറ്റൊരു രാജ്യത്തിന്റെ പരാജയം ആഘോഷിക്കുന്നതിലുപരി സ്വന്തം ടീമിനെ കുറിച്ച് ചിന്തിക്കുന്നതാണ് ഉത്തമം എന്ന് പല ക്രിക്കറ്റ് ആരാധകരും പറയുകയുണ്ടായി. ഇതിന് മുൻപും ഇന്ത്യ പിച്ചിൽ മാറ്റങ്ങൾ വരുത്തുന്നു എന്ന രീതിയിൽ ആക്ഷേപങ്ങളുമായി റസാക്ക് രംഗത്ത് എത്തിയിരുന്നു.
ആതിഥേയരായ തങ്ങൾക്ക് ഇഷ്ടമാകുന്ന രീതിയിൽ ഇന്ത്യ പിച്ച് നിർമ്മിക്കുകയാണ് എന്നായിരുന്നു റസാക്കിന്റെ ആരോപണം. മാത്രമല്ല ലീഗ് റൗണ്ടിൽ പാക്കിസ്ഥാൻ ടീമിനെ പൂർണമായും തറ പറ്റിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അതിനുശേഷം ഇത്തരത്തിൽ പ്രകോപനപരമായ ആരോപണങ്ങൾ പാക്കിസ്ഥാൻ താരങ്ങൾ ഉന്നയിച്ചു.
എന്നാൽ ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതികരണമാണ് ഇന്ത്യൻ ആരാധകർ പുറത്തെടുത്തിട്ടുള്ളത്. “പാക്കിസ്ഥാൻ താരങ്ങളൊക്കെയും ഇന്ത്യയുടെ പരാജയം ആഘോഷിക്കുന്നതിന് പകരം തങ്ങളുടെ ടീമിലേക്ക് ഒന്ന് എത്തിനോക്കണം” എന്നായിരുന്നു ഇന്ത്യൻ ആരാധകർ റസാക്കിന്റെ കമന്റിന് നൽകിയ മറുപടി. എന്തായാലും ഇന്ത്യ- പാകിസ്ഥാൻ രാഷ്ട്രീയ പ്രശ്നങ്ങൾ ഒരു പരിധി കൂടെ വർധിക്കാൻ ഇന്ത്യയുടെ ലോകകപ്പ് ഫൈനലിലെ പരാജയം കാരണമായിട്ടുണ്ട് എന്നത് ഉറപ്പാണ്. എന്നിരുന്നാലും പാക്കിസ്ഥാൻ ടീമിനെ സംബന്ധിച്ചും വളരെ നിരാശജനകമായ ക്യാമ്പയിൻ തന്നെയായിരുന്നു 2023 ഏകദിന ലോകകപ്പ്.