ലോകകപ്പ് സെമിഫൈനലിന്റെ പരാജയത്തിനുശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമക്കെതിരെ കനത്ത വിമർശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്. രോഹിത് ശർമ മാത്രമല്ല ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും വിമർശനങ്ങൾക്ക് ഇരയാകുന്നുണ്ട്. ടീമിൽ വമ്പൻ അഴിച്ചു പണികൾ നടത്തണമെന്നാണ് ആരാധകരുടെ ആവശ്യം.
ഈ ആവശ്യവുമായി മുൻ താരങ്ങൾ അടക്കം പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇതേ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ നായകനും മുഖ്യ സെലക്ടറുമായിരുന്ന കൃഷ്ണമാചരി ശ്രീകാന്ത്. “2024 ലോകകപ്പ് സമയത്ത് സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ ഞാനാണെങ്കിൽ നായകനായി ഹർദിക് പാണ്ഡ്യയെ തീരുമാനിക്കുമായിരുന്നു. ടീമിനെ ശക്തിപ്പെടുത്തുവാൻ ഇന്നു മുതൽ തന്നെ ശ്രമം തുടങ്ങുമായിരുന്നു. തുടക്കം ന്യൂസിലാൻഡ് പര്യടനത്തിലൂടെ ആയിരിക്കും.
അടുത്ത ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കും. ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ രണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ തുടങ്ങണം. അടുത്ത വർഷം ആകുമ്പോഴേക്കും ഒരു ടീമിനെ സെറ്റ് ആക്കുകയും അടുത്ത ലോകകപ്പിനുള്ള ടീം അതായിരിക്കും എന്ന് ഉറപ്പാക്കുകയും ചെയ്യണം. ടീമിന് ആവശ്യം കൂടുതൽ പേസ് ബൗളിംഗ് ഓൾറൗണ്ടർമാരെയാണ്.
1983,2007,2011 എന്നീ വർഷങ്ങളിൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ പേസ് ഓൾറൗണ്ടർമാരും സെമി ഓൾറൗണ്ടർമാരും ടീമിൽ ഉണ്ടായിരുന്നു. അങ്ങനെയുള്ള താരങ്ങളെയാണ് കണ്ടെത്തേണ്ടത്. കൂടുതൽ ഹൂഡമാരുണ്ടാകും.”- ശ്രീകാന്ത് പറഞ്ഞു. ഇന്ത്യയുടെ നായകനായി എത്രയും പെട്ടെന്ന് തന്നെ ഹർദിക് പാണ്ഡ്യ വരും എന്നാണ് സൂചനകൾ. ന്യൂസിലാൻഡിനെതിരെ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് പാണ്ഡ്യയാണ്. അതു കൊണ്ടു തന്നെ താരത്തിന്റെ ക്യാപ്റ്റൻസി നിർണായകമാകും.