കഴിഞ്ഞ കുറച്ച് കാലങ്ങളായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മോശം ഫോമിലൂടെയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷബ് പന്ത് പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ താരത്തിന് തുടരെത്തുടരെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. അതൊന്നും നല്ല രീതിയിൽ മുതലാക്കാൻ പന്തിന് സാധിക്കുന്നില്ല. ഇപ്പോഴിതാ പന്തിനെ തുടരെത്തുടരെ ടീമിൽ തുടരാൻ അവസരം നൽകുന്ന ടീം മാനേജ്മെൻ്റിനെതിരെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ഇന്ത്യ ആദ്യമായി ലോകകപ്പ് ഉയർത്തുമ്പോൾ മുഖ്യപങ്കും വഹിച്ച ക്രിസ് ശ്രീകാന്ത്.
പന്തിന് വേണ്ടി സഞ്ജു സംസണിൻ്റെയും,സൂര്യകുമാർ യാദവിന്റെയും കഴിവുകൾ മാനേജ്മെൻ്റ് പാഴാക്കി കളയുകയാണെന്നാണ് മുൻ ഇന്ത്യൻ താരം ആരോപിച്ചത്. പന്തിനെ പുറത്താക്കി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിന് പകരം ഹൂഡയെ കൊണ്ടുവരണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. പന്തിനെ തിരിച്ച് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി അയക്കണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

“ഇന്ത്യ കുഴങ്ങുന്ന ഒരു കാര്യമാണ് ടീം സെലക്ഷൻ. ഇന്ത്യൻ ടീം ഇലവനിൽ സഞ്ജു വിക്കറ്റ് കീപ്പർ ആകുമ്പോൾ എന്തിനാണ് പന്ത്? അവനെ നാലാം സ്ഥാനത്ത് നിങ്ങൾ ഇറക്കി കളിപ്പിക്കുമ്പോൾ നശിപ്പിക്കുന്നത് സൂര്യ കുമാർ യാദവിന്റെയും സഞ്ജുവിന്റെയും സ്ഥാനമാണ്. പന്തിനെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടക്കി അയച്ച് ആറാം സ്ഥാനത്ത് ഹൂഡയെ കൊണ്ടുവരണം. പന്തിനോട് വൈറ്റ് ബോൾ ക്രിക്കറ്റിൽ സ്വയം നവീകരിക്കാൻ ആവശ്യപ്പെടണം.”- ശ്രീകാന്ത് പറഞ്ഞു.

എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരു പോലെ ഞെട്ടിച്ച സംഭവമായിരുന്നു ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിലെ ടീം സെലക്ഷൻ. ആദ്യ മത്സരത്തിൽ പന്തിനെക്കാളും മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ പുറത്തിരുത്തി പന്തിനെ ടീമിൽ നിലനിർത്തിയാണ് മാനേജ്മെൻ്റ് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചത്. കടുത്ത വിമർശനമാണ് ഈ തീരുമാനത്തിനെതിരെ ക്രിക്കറ്റ് ലോകത്തു നിന്നും ഉയർന്നത്.