ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഹൃദയഭേദകരമായ ഒരു ഫലം തന്നെയായിരുന്നു 2019ലെ 50 ഓവർ ലോകകപ്പിൽ ഉണ്ടായത്. ടൂർണമെന്റിന്റെ സെമിഫൈനലിൽ ന്യൂസിലാൻഡിനോട് 18 റൺസിന് പരാജയമേറ്റുവാങ്ങി ഇന്ത്യ പുറത്താവുകയുണ്ടായി. ഈ സമയത്ത് കോഹ്ലി – ശാസ്ത്രി സഖ്യം കാട്ടിയ പിഴവാണ് ഇതിന് കാരണമായതെന്ന് ഇന്ത്യൻ ഫീൽഡിങ് കോച്ചായ ആർ ശ്രീധർ പറയുകയുണ്ടായി. കൃത്യമായി ഒരു നാലാം നമ്പർ ബാറ്ററെ ലോകകപ്പിൽ നിശ്ചയിക്കാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടി നൽകി എന്നാണ് ശ്രീധർ പറയുന്നത്.
കേവലം രണ്ടു മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിൽ നാലാം നമ്പർ എന്ന പ്രധാന പൊസിഷനിൽ നിന്ന്, അമ്പാട്ടി റായുഡുവിനെ ഇന്ത്യ 2019 ലോകകപ്പിൽ ഒഴിവാക്കിയതിനെ പറ്റിയാണ് ശ്രീധർ സംസാരിച്ചത്. “2019ൽ ഒരു വലിയ പിഴവുണ്ടാവുകയും, അങ്ങനെ ടൂർണമെന്റിൽ നിന്ന് പുറത്താവുകയുമാണ് ഉണ്ടായത്. ആ സമയത്ത് അമ്പാട്ടി റായുഡുവൊഴികെ മറ്റൊരു കളിക്കാരനും നാലാം നമ്പറിൽ ഏഴു മത്സരങ്ങൾ കളിച്ചിരുന്നില്ല. 2018 ൽ ധോണിയും കാർത്തിക്കുമായിരുന്നു നാലാം നമ്പറിൽ കളിച്ചത്. ശേഷം ദക്ഷിണാഫ്രിക്കെതിരെ രഹാനെ കളിച്ചു. ഇംഗ്ലണ്ടിൽ രാഹുലായിരുന്നു നാലാം നമ്പർ ബാറ്റർ.”- ശ്രീധർ പറയുന്നു.
“അക്കാര്യത്തിൽ ഉറപ്പുവരുത്തുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ആ പൊസിഷനിൽ ആത്മവിശ്വാസം നൽകി ഒരു കളിക്കാരനെ വളർത്തിയെടുക്കുന്നതിൽ ഞങ്ങൾ പരാജയമറിഞ്ഞു. അങ്ങനെ അതൊരു വിപത്തിൽ കലാശിച്ചു. അന്ന് രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവരടങ്ങിയ മുൻനിരയും, ധോണിയും ഹർദ്ദിക്കുമടങ്ങിയ ഫിനിഷിങ് നിരയും നമുക്കുണ്ടായിരുന്നു. എന്നാൽ നാലാം നമ്പറിൽ ഒരാളെ കണ്ടെത്താൻ നമുക്ക് സാധിച്ചില്ല. അതൊരു പാഠമായിരുന്നു. എന്നാൽ രോഹിത്തും ദ്രാവിഡും ആ പിഴവ് ആവർത്തിക്കില്ല എന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കും.”- ആർ ശ്രീധർ കൂട്ടിച്ചേർക്കുന്നു.
2019 സെമിഫൈനലിൽ വളരെ വേദനാജനകമായ പരാജയമായിരുന്നു ഇന്ത്യക്ക് സംഭവിച്ചത്. 18 റൺസിന്റെ പരാജയം ഇന്ത്യയെ ഒരുപാട് നാൾ വേട്ടയാടിയിരുന്നു. എന്നാൽ 2023ൽ 50 ഓവർ ലോകകപ്പ് നടക്കുമ്പോൾ ഈ ക്ഷീണം ഇന്ത്യയ്ക്ക് മാറ്റാനാവും എന്നാണ് പ്രതീക്ഷ.