2007 ലെ പ്രഥമ ടി20 ലോകകപ്പിൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവനിരയായിരുന്നു കിരീടം നേടിയത്. അന്ന് സീനിയര്‍ താരങ്ങളായിരുന്ന സച്ചിൻ ടെണ്ടുൽക്കർ രാഹുൽ ദ്രാവിഡ് സൗരവ് ഗാംഗുലി എന്നിവരെല്ലാം ടൂർണ്ണമെൻറിൽ നിന്നും വിട്ടുനിൽക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നു.
പ്രഥമ ലോകകപ്പിൻ്റെ അടുത്ത വർഷം ആയിരുന്നു ബി സി സി ഐ, ഐ പി എൽ തുടങ്ങുവാൻ തീരുമാനിച്ചത്. അന്ന് സച്ചിനും ദ്രാവിഡും ലക്ഷ്മണും ഗാംഗുലിയും എല്ലാം ക്രിക്കറ്റിൽ തിളങ്ങിനിൽക്കുന്ന കാലമായിരുന്നു. എന്നാൽ ഇവർക്ക് ടീ-20യില് ശോഭിക്കാൻ ആയില്ല.
ആകെ ഒരു മത്സരമാണ് സച്ചിനും ദ്രാവിഡും ഇൻറർനാഷണൽ കരിയറിൽ ടീ-20 കളിച്ചിട്ടുള്ളത്. ഐപിഎൽ തുടങ്ങിയപ്പോൾ ഇവർ നാലു പേരും മാർക്വീ താരങ്ങളായിരുന്നു.
മുംബൈ ഇന്ത്യൻസിനെ സച്ചിനും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ദ്രാവിഡും, കൊൽക്കത്തയെ ഗാംഗുലിയും, ഡെക്കാൻ ചാർജേഴ്സ് നെ ലക്ഷ്മണനും നയിച്ചു.
ടീ-20യിൽ കുറച്ചെങ്കിലും ശോഭിക്കാൻ ആയത് സച്ചിനായിരുന്നു. എന്തുകൊണ്ടാണ് ഇവർക്ക് നന്നായി കളിക്കാൻ സാധിക്കാത്തത് എന്ന കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ സെലക്ടർ സബാ കരീം.
മുൻ ഇന്ത്യൻ സെലക്ടറുടെ വാക്കുകളിലൂടെ.. “രണ്ടോ മൂന്നോ വർഷം വൈകിയാണ് ഐപിഎൽ കരിയർ ഇതിഹാസ താരങ്ങളിലേക്ക് എത്തുന്നത്. ഏകദിന ക്രിക്കറ്റിൽ സച്ചിനും ദ്രാവിഡിനും ഗാംഗുലിക്കും ലക്ഷ്മണനും നേട്ടങ്ങൾ നിരവധിയുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് അനായാസം ടീ-20 ക്രിക്കറ്റ് കളിക്കാമായിരുന്നു. അവർ അതിന് നന്നായി പരിശ്രമിക്കുകയും ചെയ്തു. എന്നാൽ അവർ കരിയറിലെ അവസാന നിമിഷങ്ങളിലായിരുന്നു. അവർക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടി.”കരിം പറഞ്ഞു.
കണക്കുകളിൽ എല്ലാവരെക്കാളും മുൻപിൽ സച്ചിനാണ്. 78 കളികളിൽനിന്ന് 2334 റൺസ് നേടി. ഇത് 13 അർദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉൾപ്പെടും. രണ്ടാം സ്ഥാനത്ത് ദ്രാവിഡാണ്. 81 മത്സരങ്ങളിൽനിന്ന് 2174 റൺസായിരുന്നു താരം നേടിയത്. 59 മത്സരങ്ങളിൽ നിന്നും 1349 റൺസായിരുന്നു ഗാംഗുലിയുടെ നേട്ടം. വിവിഎസ് ലക്ഷ്മൺ 20 ഐപിഎൽ മത്സരങ്ങളിൽ നിന്നും 282 റൺസ് നേടി.