ഇനി വെറും ദിവസങ്ങൾ മാത്രമാണ് ആവേശകരമായ ബോർഡർ ഗവാസ്ക്കർ ട്രോഫി ആരംഭിക്കാൻ അവശേഷിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഇയാൻ ഹീലി. പരമ്പര ആരംഭിക്കുന്നതിന് മുൻപായി പരിശീലന മത്സരങ്ങൾ വേണ്ട എന്ന് വെച്ച ഓസ്ട്രേലിയൻ ടീമിൻ്റെ തീരുമാനത്തെ പിന്തുണച്ച അദ്ദേഹം ഇന്ത്യൻ പിച്ചുകളിൽ വിശ്വാസമില്ലെന്നും പറഞ്ഞു.
പ്രധാനപ്പെട്ട എല്ലാ പരമ്പരകൾക്ക് മുൻപും ടീമുകൾ പരിശീലന മത്സരങ്ങൾ കളിക്കാറുണ്ട്. എന്നാൽ ഇത്തവണ ഓസ്ട്രേലിയ അത് വേണ്ട എന്ന് വെക്കുകയായിരുന്നു. മത്സരങ്ങൾക്ക് സ്പിൻ പിച്ചുകൾ ഒരുക്കുന്ന ഇന്ത്യ പരിശീലന മത്സരങ്ങൾക്ക് വ്യത്യസ്തമായ പിച്ചുകൾ ഒരുക്കുന്നു എന്ന് ആരോപിച്ചു കൊണ്ടാണ് ഈ തീരുമാനം ഓസ്ട്രേലിയ എടുത്തത്.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഇന്ത്യയിലെ സമാനമായ പിച്ചുകളിൽ തങ്ങളുടെ സ്പിന്നർമാർക്ക് പരിശീലനം നൽകി എന്നും ഇന്ത്യ അടക്കമുള്ള ആതിഥേയർ നൽകുന്ന സൗകര്യങ്ങളിൽ തങ്ങൾക്ക് വിശ്വാസം ഇല്ലെന്നുമാണ് മുൻ ഓസ്ട്രേലിയൻ താരം പറഞ്ഞത്. ഇത്തരം വലിയ പരമ്പരകളിൽ മികച്ച തയ്യാറെടുപ്പുകൾ നിഷേധിക്കുന്നത് ശരിയല്ല എന്നും രാജ്യങ്ങൾക്കിടയിൽ വിശ്വാസത നഷ്ടപ്പെടുന്നതിൽ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജയും പ്രതികരണം നടത്തിയിരുന്നു.
ഗാബയിലെ പോലെയുള്ള പച്ചപ്പ് നിറഞ്ഞ പിച്ചുകളാണ് ഇന്ത്യ പരിശീലന മത്സരങ്ങൾക്ക് ഒരുക്കുന്നത് എന്നായിരുന്നു ഓസ്ട്രേലിയൻ ഓപ്പണർ പറഞ്ഞത്. ഫെബ്രുവരി 9നാണ് പരമ്പര തുടങ്ങുന്നത്. ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകർ ഈ പരമ്പരയെ കാത്തിരിക്കുന്നത്.