“ഇത് ടീമിലെ എല്ലാവരുടെയും പ്രയത്നത്തിന്റെ വിജയം. ഫൈനലിലും തുടരും”- രോഹിത് ശർമ.

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ 68 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി രോഹിത് ശർമയും സൂര്യകുമാർ യാദവുമായിരുന്നു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. രോഹിത് മത്സരത്തിൽ ഒരു അർത്ഥസെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി.

ഈ മികവിൽ 171 റൺസാണ് ഇന്ത്യ തങ്ങളുടെ ഇന്നിങ്സിൽ ചേർത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനെ എറിഞ്ഞിടാൻ ഇന്ത്യയുടെ സ്പിന്നർമാർക്ക് സാധിച്ചു. കുൽദീപും അക്ഷർ പട്ടേലും 3 വിക്കറ്റുകൾ വീതം മത്സരത്തിൽ സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് കേവലം 103 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിലെ വമ്പൻ വിജയത്തെ പറ്റി രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

വിജയത്തിന്റെ ക്രെഡിറ്റ് ടീമിലെ എല്ലാ താരങ്ങൾക്കും നൽകിയാണ് രോഹിത് ശർമ സംസാരിച്ചത്. “ഞങ്ങളെ സംബന്ധിച്ച് ഒരുപാട് സംതൃപ്തി നൽകുന്ന വിജയമാണിത്. ഒരു ടീമെന്ന നിലയിൽ നന്നായി പ്രയത്നം നടത്തിയാണ് ഞങ്ങൾ ഇത് നേടിയത്. ഇത്തരമൊരു മത്സരത്തിൽ വിജയം സ്വന്തമാക്കണമെങ്കിൽ ടീമിലുള്ള എല്ലാവരിൽ നിന്നും കൃത്യമായ പ്രയത്നങ്ങൾ ഉണ്ടാവണം.”

“ഇവിടുത്തെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കി കളിക്കാൻ ഞങ്ങൾക്ക് സാധിച്ചു. സാഹചര്യങ്ങൾ മനസ്സിലാക്കുക എന്നത് മാത്രമായിരുന്നു ഞങ്ങൾക്കു മുൻപിൽ ഉണ്ടായിരുന്ന വെല്ലുവിളി. അതിൽ ഞങ്ങൾ വിജയിച്ചു.”- രോഹിത് പറഞ്ഞു.

“സാഹചര്യങ്ങൾക്ക് അനുസൃതമായി നന്നായി കളിക്കാൻ ഞങ്ങൾക്ക് സാധിച്ചു. എങ്ങനെയാണ് ഞങ്ങൾ ഈ വിജയം സ്വന്തമാക്കിയത് എന്നത് ഞങ്ങൾക്ക് വലിയ സന്തോഷം നൽകുന്നു. ഒരു സമയത്ത് 140- 150 സ്കോർ ഈ പിച്ചിൽ മികച്ച സ്കോറായി തോന്നിയിരുന്നു. എന്നാൽ സൂര്യകുമാറുമൊത്തുള്ള കൂട്ടുകെട്ട് കഴിഞ്ഞതോടെ ഒരു 25 റൺസ് അധികമായി സ്വന്തമാക്കുന്നതിനെ പറ്റി ഞങ്ങൾ സംസാരിച്ചു. ഞാൻ എന്റെ മനസ്സിൽ ഒരു ലക്ഷ്യം വെച്ചിരുന്നു. എന്നാൽ മറ്റുള്ള ബാറ്റർമാരോട് അക്കാര്യം ബോധിപ്പിച്ചില്ല. കാരണം അവരെല്ലാവരും വ്യക്തിഗത കളിക്കാരാണ്. ഈ പിച്ചിൽ 170 എന്നത് മികച്ച ഒരു സ്കോറായി ചിന്തിച്ചിരുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.

“അക്ഷർ പട്ടേലും കുൽദീപും ഞങ്ങളെ സംബന്ധിച്ച് പ്രധാന സ്പിന്നർമാരാണ്. ഇവിടെ ചില ഷോട്ടുകൾ കളിക്കാൻ വളരെ പ്രയാസകരമായിരുന്നു. മാത്രമല്ല ഞങ്ങളുടെ സ്പിന്നർമാരിലും സമ്മർദ്ദം ഉണ്ടായിരുന്നു. പക്ഷേ അവർ ശാന്തമായി തന്നെ പന്തറിയുകയുണ്ടായി. കോഹ്ലി ഒരു നിലവാരമുള്ള താരമാണ്. ഇത്തരം സാഹചര്യത്തിലൂടെ ഏതൊരു കളിക്കാരനും സഞ്ചരിക്കും. കോഹ്ലിയുടെ ക്ലാസും പ്രാധാന്യവും ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ഫോം എന്നത് ഒരു പ്രശ്നമല്ല. മനോഭാവമാണ് ഇവിടെ പുലർത്തേണ്ടത്. ഫൈനൽ മത്സരത്തിലും ഞാൻ കോഹ്ലിയെ പിന്തുണയ്ക്കുന്നു.”

“ഒരു ടീമെന്ന നിലയിൽ ശാന്തത പുലർത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഫൈനലിന്റെ സാഹചര്യവും ഞങ്ങൾ മനസ്സിലാക്കും. ശാന്തമായി തുടർന്നാൽ മാത്രമേ കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കൂ. അത് മത്സരത്തിലും നമ്മെ സഹായിക്കും. നന്നായി കളിക്കുക എന്നത് മാത്രമാണ് ഫൈനലിൽ ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത്.”- രോഹിത് ശർമ പറഞ്ഞുവെക്കുന്നു.

Previous articleഇംഗ്ലണ്ടിനെ തകര്‍ത്തു. കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടി രോഹിതും സംഘവും
Next article“ഇന്ത്യ തന്നെയാണ് വിജയമർഹിച്ചത്, മത്സരത്തിൽ ഞാനൊരു വലിയ പിഴവും കാട്ടി”- ബട്ലർ തുറന്ന് പറയുന്നു.