ഇടത് കൈത്തണ്ടയിലെ പേശിക്ക് പരിക്കേറ്റതിനെ തുടർന്ന് മുംബൈ ഇന്ത്യൻസിന്റെ മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനു ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നഷ്ടമാകും. ഗുജറാത്തിനെതിരെ 5 റണ്‍സിനു വിജയിച്ച മത്സരത്തിലാണ് താരത്തിനു പരിക്കേറ്റത്. ബിസിസിഐയുടെ ഫിറ്റ്‌നസ് ടീമുമായി കൂടിയാലോചിച്ചാണ് സൂര്യകുമാറിനെ ടീമിൽ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
കൊല്‍ക്കത്തക്കെതിരായ മത്സരത്തിനു മുന്‍പാണ് മുംബൈ ഇന്ത്യന്‍സ് കുറിപ്പ് ഇറക്കിയത്. ഇത് രണ്ടാം തവണയാണ് സൂര്യകുമാർ യാദവ് പരിക്ക് കാരണം പുറത്താകുന്നത്. ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ്, വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് താരത്തിനു ടൂര്‍ണമെന്‍റിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു.
എട്ട് മത്സരങ്ങൾ മാത്രം കളിച്ചിട്ടും 43.28 ശരാശരിയിലും 145.67 സ്‌ട്രൈക്ക് റേറ്റിലും സൂര്യകുമാര്‍ യാദവ് 303 റണ്‍സ് നേടി. മുംബൈക്കു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍ നേടിയവരില്‍ രണ്ടാമതാണ് സൂര്യകുമാര്‍ യാദവ്.
ഇന്ത്യന്‍ താരത്തിന്‍റെ പരിക്കിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടട്ടില്ലാ. ജൂണ്‍ 9 ന് സൗത്താഫ്രിക്കന്‍ പരമ്പരക്ക് മുന്‍പ് ഫിറ്റ്നെസ് നേടണം എന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ പ്രധാന താരമാണ്.