ഇന്ത്യയെ തോല്പിക്കുക എന്നതല്ല പാകിസ്താന്റെ ലക്ഷ്യം,, ഇന്ത്യയിൽ കപ്പടിക്കുക എന്നതാണ്- ഷഡബ് ഖാൻ

അങ്ങനെ മറ്റൊരു 50 ഓവർ ലോകകപ്പ് കൂടി ഇന്ത്യൻ മണ്ണിലേക്ക് എത്തുകയാണ്. 2023 ഏകദിന ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളിലാണ് ഇന്ത്യ. ഒരുപാട് ആവേശ പോരാട്ടങ്ങൾ നിറഞ്ഞ ലോകകപ്പാണ് വരാൻ പോകുന്നത്. ഇതിൽ പ്രധാനപ്പെട്ടത് ഒക്ടോബർ 15ന് അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – പാകിസ്ഥാൻ മത്സരമാണ്. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയപരമായി ഒരുപാട് എതിർപ്പുകൾ നിലനിൽക്കുന്നതിനാൽ തന്നെ ഈ മത്സരത്തിന് ശ്രദ്ധ വർദ്ധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം എന്ത് വിലകൊടുത്തും ഇന്ത്യയിൽ കിരീടം ചൂടാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായപ്രകടനം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് പാക് താരം ശതാബ് ഖാൻ. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വിജയിക്കുമോ പരാജയപ്പെടുമോ എന്നതിനേക്കാൾ തങ്ങൾ പ്രാധാന്യം നൽകുന്നത് കിരീടം നേടുന്നതിലാണ് എന്നാണ് ഷഡബ് ഖാൻ പറഞ്ഞത്.

“ഇന്ത്യയ്ക്കെതിരെ വിജയിക്കുക എന്ന കാര്യം വളരെ സന്തോഷം നൽകുന്ന ഒന്ന് തന്നെയാണ്. അഥവാ ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ടാലും, കിരീടം നേടുക എന്നത് മാത്രമാണ് പാകിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യ പോലൊരു ടീമിനെതിരെ അവരുടെ മണ്ണിൽ കളിക്കുമ്പോഴുള്ള സമ്മർദം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. ഗാലറിയിലിരിക്കുന്ന ആരാധകർ എല്ലാവരും പാക്കിസ്ഥാന് എതിരായിരിക്കും.”- ശതാബ് ഖാൻ പറയുന്നു.

“ഞങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന്റെ ഉദ്ദേശം ലോകകപ്പ് കളിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരായ മത്സരത്തിൽ വിജയിക്കാൻ മാത്രമായി ഞങ്ങൾ ശ്രദ്ധിക്കുന്നില്ല. ഇന്ത്യക്കെതിരെ ഒരു കൂറ്റൻ വിജയം നേടിയിട്ടും ലോകകപ്പ് നേടാനായില്ലെങ്കിൽ അതിൽ കാര്യമില്ല. ലോകകപ്പിന് ശേഷം ആഭ്യന്തര ക്രിക്കറ്റിൽ കുറച്ചധികം സമയം ചിലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താനാണ് എന്റെ ശ്രമം. ആഭ്യന്തര ക്രിക്കറ്റിൽ ചതുർദിന മത്സരങ്ങളാവും ഞാൻ കളിക്കുക. ഇത്തരം ചതുർദിന മത്സരങ്ങൾ കളിക്കാത്ത പക്ഷം പാക്കിസ്ഥാൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കില്ല എന്ന് എനിക്ക് മനസ്സിലാവുന്നു.”- ശതാബ് ഖാൻ പ്രതികരിച്ചു.

മുൻപ് അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ കളിക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ട് എന്ന് പാക്കിസ്ഥാൻ അറിയിച്ചിരുന്നു. എന്നാൽ പാകിസ്താന്റെ ഈ വാദം അംഗീകരിക്കാൻ ഐസിസി തയ്യാറായില്ല. എന്നിരുന്നാലും പാക്കിസ്ഥാൻ സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഈ മത്സരത്തിൽ തങ്ങൾക്ക് കളിക്കാൻ സാധിക്കൂ എന്ന് പാകിസ്ഥാൻ മുൻപ് അറിയിച്ചിരുന്നു. എന്തായാലും ഒക്ടോബർ 15ന് മത്സരം നടക്കുകയാണെങ്കിൽ ആവേശം അണപൊട്ടും എന്നതുറപ്പാണ്.