രോഹിത് ശര്‍മ്മ ഭയമില്ലാത്ത താരം. പ്രശംസയുമായി ശ്രേയസ്സ് അയ്യര്‍.

രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് തുടക്കങ്ങള്‍ ടീമിനു എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞ് ശ്രേയസ്സ് അയ്യര്‍. മുംബൈയിലെ വാംങ്കടയില്‍ നടന്ന ആദ്യ സെമിഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍റിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. രോഹിത് ശര്‍മ്മ നല്‍കിയ മികച്ച തുടക്കം മുതലെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 397 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍റ് 327 റണ്‍സിന് അവസാനിച്ചു.

പതിവുപോലെ രോഹിത് ശര്‍മ്മ ആക്രമണം അഴിച്ചു വിട്ടപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് ഒഴുകി. ന്യൂബോളില്‍ അപകടകാരിയായ ട്രെന്‍റ് ബോള്‍ട്ടിനെ അടക്കം രോഹിത് ശര്‍മ്മ പെരുമാറി. മത്സരത്തില്‍ 29 പന്തില്‍ 4 വീതം ഫോറും സിക്സുമായി 47 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. രോഹിത് ശര്‍മ്മയുടെ ഈ തുടക്കം ബാക്കിയുള്ള ബാറ്റര്‍മാര്‍ക്ക് സഹായകമായി എന്ന് പറയുകയാണ് ശ്രേയസ്സ് അയ്യര്‍.

“രോഹിത് ശർമ്മ, സത്യം പറഞ്ഞാൽ, അദ്ദേഹം ഞങ്ങൾക്കായി എങ്ങനെ കളിക്കണം എന്ന ടെംപ്ലേറ്റ് നല്‍കി. അത്തരത്തിലുള്ള ഒരു തുടക്കമാണ് നമുക്ക് തരുന്നത്, നമ്മൾ അവിടെ പോകുകയും രോഹിത് ഒരുക്കിയ ഇന്നിംഗ്സ് വേഗത മുന്നോട്ട് കൊണ്ടുപോകുകയും വേണം. അദ്ദേഹം ഭയമില്ലാത്ത ക്യാപ്റ്റനാണെന്നാണ് എനിക്ക് വ്യക്തിപരമായി തോന്നുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷ ഇത് വളരെയധികം സംസാരിക്കുന്നു, ”ഇന്ത്യയുടെ 70 റൺസിന്റെ വിജയത്തിന് ശേഷം അയ്യർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

ലോകകപ്പിന്‍റെ ആദ്യ 6 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് ശ്രേയസ്സ് അയ്യര്‍ അടിച്ചത്. എന്നാല്‍ ടീം മാനേജ്മെന്‍റെ് അയ്യരെ പിന്തുണച്ചു. ഇപ്പോഴിതാ 500 റണ്‍സിലധികം സ്കോര്‍ ചെയ്തു ശ്രേയസ്സ് വിശ്വാസം കാത്തിരിക്കുകയാണ്. തന്‍റെ മോശം അവസ്ഥയില്‍ പിന്തുണച്ച ടീം മാനേജ്മെന്‍റിനും ക്യാപ്റ്റനും നന്ദി പറഞ്ഞിരിക്കുകയാണ് ശ്രേയസ്സ് അയ്യര്‍.

“ഇത് നിർണായകമാണ് (ക്യാപ്റ്റന്റെയും പരിശീലകരുടെയും പിന്തുണ). ആദ്യ മത്സരങ്ങളിൽ എനിക്ക് മികച്ച തുടക്കമായിരുന്നില്ല. പക്ഷേ അവർ എന്നെ പിന്തുണച്ചു. പുറത്തെ വിമര്‍ശനങ്ങളില്‍ ആശങ്കയില്ലെന്ന് അവർ എന്നോട് പറഞ്ഞു. ‘ഞങ്ങൾ നിന്നെ പിന്തുണയ്ക്കുന്നു’. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുന്നതിനുപകരം സ്വയം പ്രകടിപ്പിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടത്, ”അയ്യർ പറഞ്ഞു നിര്‍ത്തി. മത്സരത്തില്‍ നാലാമനായി ബാറ്റ് ചെയ്ത താരം 70 പന്തില്‍ 4 ഫോറും 8 സിക്സുമായി 105 റണ്‍സ് സ്കോര്‍ ചെയ്തു.