ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ രണ്ടാം മത്സരത്തിലും സ്പീഡിൽ വിപ്ലവം തീർത്ത് യുവതാരം മായങ്ക് യാദവ്. തുടർച്ചയായി 150 കിലോമീറ്ററിന് മുകളിൽ സ്പീഡിൽ പന്തറിഞ്ഞ മായങ്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ബാറ്റർമാരെ ഞെട്ടിച്ചിരിക്കുകയാണ്. 2024 ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്ത് മത്സരത്തിനിടെ മായങ്ക് യാദവ് എറിയുകയുണ്ടായി.
മത്സരത്തിൽ മായങ്ക് എറിഞ്ഞ പന്ത് 156.7 എന്ന സ്പീഡിലാണ് ബാംഗ്ലൂർ ബാറ്ററെ കടന്നു പോയത്. ഇതോടെയാണ് വീണ്ടും മായങ്ക് ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നത്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിൽ 155 കിലോമീറ്ററിന് മുകളിൽ ഏറ്റവുമധികം തവണ പന്തെറിഞ്ഞ ബോളർ എന്ന റെക്കോർഡും മത്സരത്തിലൂടെ മായങ്ക് സ്വന്തമാക്കിയിട്ടുണ്ട്.
ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കേവലം 2 മത്സരങ്ങൾ മാത്രമാണ് ഈ യുവതാരം കളിച്ചിട്ടുള്ളത്. ഈ 2 മത്സരങ്ങളിൽ നിന്നായി 3 തവണ 155ന് മുകളിൽ സ്പീഡിൽ പന്തറിയാൻ മായങ്ക് യാദവിന് സാധിച്ചു. മറ്റൊരു ഇന്ത്യൻ യുവതാരമായ ഉമ്രാൻ മാലികാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്.
ഇതുവരെ 26 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ഉമ്രാൻ രണ്ടു തവണ 155 നു മുകളിൽ സ്പീഡിൽ പന്തറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 42 മത്സരങ്ങളിൽ നിന്ന് 2 തവണ 155ന് മുകളിൽ പന്തെറിഞ്ഞിട്ടുള്ള ദക്ഷിണാഫ്രിക്കൻ താരം നോർക്കിയയാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്.
ബാംഗ്ലൂരിനനായി മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു മായങ്ക് യാദവ് കാഴ്ചവച്ചത്. മത്സരത്തിൽ ലക്നൗവിനായി 4 ഓവറുകൾ പന്തറിഞ്ഞ മായങ്ക് 14 റൺസ് മാത്രം വിട്ട് നൽകി 3 നിർണായക വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.
ബാംഗ്ലൂർ നിരയിലെ അപകടകാരിയായ ബാറ്റർ പട്ടിദാറിന്റെ വിക്കറ്റാണ് തുടക്കത്തിൽ മായങ്ക് സ്വന്തമാക്കിയത്. ശേഷം മത്സരം തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള മാക്സ്വെല്ലിനെ പുറത്താക്കാൻ മായങ്കിന് സാധിച്ചു. പിന്നാലെ അപകടകാരിയായ ക്യാമറോൺ ഗ്രീനിന്റെ കുറ്റിതെറിപ്പിച്ചാണ് മായങ്ക് മത്സരത്തിലെ മൂന്നാം വിക്കറ്റ് സ്വന്തമാക്കിയത്.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ലക്നൗവിന് ബാറ്റർ ഡിക്കോക്ക് നൽകിയത്. ഓപ്പണിങ് ഇറങ്ങിയ ഡികോക്ക് 56 പന്തുകളിൽ 8 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 81 റൺസാണ് മത്സരത്തിൽ നേടിയത്.
ഒപ്പം അവസാന ഓവറുകളിൽ 21 പന്തുകളിൽ 40 റൺസ് സ്വന്തമാക്കിയ നിക്കോളാസ് പൂറാൻ അടിച്ചു തകർത്തതോടെ ലക്നൗ നിശ്ചിത 20 ഓവറുകളിൽ 181 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തന്നെ ബാംഗ്ലൂർ പതറുന്നതാണ് കാണാൻ സാധിച്ചത്.