ഉത്തരവാദിത്തം ലെവലേശമില്ല, ഇനി സഞ്ജുവിനെ കളിപ്പിക്കരുത്. സഞ്ജുവിനെതിരെ ആരാധക രോക്ഷം ശക്തം.

F225pjWbcAA3eWZ

വളരെ പ്രതീക്ഷയോടെ തന്നെയായിരുന്നു സഞ്ജു ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 ടീമിലേക്ക് എത്തിയത്. 2024ൽ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന്റെ പ്രകടനം വളരെ നിർണായകമായിരുന്നു. എന്നാൽ വിൻഡീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിലും നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ 12 പന്തുകളിൽ നിന്ന് 12 റൺസ് നേടി ദൗർഭാഗ്യകരമായി സഞ്ജു കൂടാരം കയറി. രണ്ടാം മത്സരത്തിൽ പൂർണമായും വിക്കറ്റ് വലിച്ചെറിയുന്ന സഞ്ജുവിനെയാണ് കണ്ടത്. 7 പന്തുകളിൽ 7 റൺസ് മാത്രമാണ് സഞ്ജു മത്സരത്തിൽ നേടിയത്.

അഖീൽ ഹുസൈനെറിഞ്ഞ പന്തിൽ വമ്പൻ ഷോട്ട് കളിക്കാനായി ക്രീസിന് പുറത്തേക്കിറങ്ങിയ സഞ്ജുവിനെ കീപ്പർ പൂരൻ സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഇതാദ്യമായല്ല സഞ്ജു ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ തന്റെ വിക്കറ്റ് വലിച്ചെറിയുന്നത്. മാത്രമല്ല ഇത്രയധികം സുവർണാവസരങ്ങൾ ലഭിച്ചിട്ടും അത് മുതലെടുക്കാൻ സഞ്ജുവിന് സാധിക്കാതെ വന്നത് ആരാധകർക്കിടയിൽ പോലും വലിയ നിരാശയുണ്ടാക്കുന്നുണ്ട്.

മുൻപ് സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകാത്തതിനെതിരെ ഇന്ത്യൻ ടീമിനെ വിമർശിച്ച ഒരുപാട് ആരാധകരുണ്ട്. അവരൊക്കെയും ഇപ്പോൾ വായടയ്ക്കേണ്ട അവസ്ഥാവിശേഷമാണ് വന്നെത്തിയിരിക്കുന്നത്. ഇപ്പോൾ സഞ്ജുവിന്റെ മോശം ഫോമിൽ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് സ്വന്തം ആരാധകർ തന്നെയാണ്. സഞ്ജുവിന് തീരെ ഉത്തരവാദിത്തമില്ലെന്നും, ട്വന്റി20 ടീമിൽ ഇനിയും ഉൾപ്പെടുത്തരുത് എന്നുമാണ് ആരാധകർ പറയുന്നത്.

സഞ്ജുവിനായുള്ള തങ്ങളുടെ പ്രാർത്ഥന വെറുതെയാണ് എന്ന് ഒരു ആരാധകൻ ട്വിറ്ററിൽ കുറിക്കുകയുണ്ടായി. അയാൾക്കായി മെഴുകുതിരി കത്തിക്കുന്നതും വെറുതെയാണ് എന്നാണ് ആരാധകൻ പറഞ്ഞത്. മാത്രമല്ല സാഹചര്യത്തിനനുസരിച്ച് തന്റെ മത്സരശൈലി മാറ്റാനും സഞ്ജുവിന് അറിയില്ല എന്നും ആരാധകർ പറയുന്നു. അവസരം മുതലെടുക്കാൻ സാധിക്കാതെ വന്നാൽ ട്വന്റി20 ടീമിൽ നിന്ന് സഞ്ജുവിനെ പുറത്താക്കുന്നതാണ് നല്ലത് എന്നാണ് ചില ആരാധകരുടെ അഭിപ്രായം. പല സമയത്തും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്ന സെലക്ടർമാരാണ് ശരിയെന്നും ചിലർ പറയുന്നു.

Read Also -  "യുവതാരങ്ങൾക്ക് കോഹ്ലി കൃത്യമായ റോൾമോഡലാണ്. അവനെ കണ്ടുപഠിക്കണം "- മുഹമ്മദ്‌ ഷാമി പറയുന്നു.

‘ഉത്തരവാദിത്വമോ ലക്ഷ്യബോധമോ ഇല്ല, പിച്ച് എങ്ങനെ പെരുമാറുന്നു എന്ന് പഠിക്കാൻ തയ്യാറല്ല, മികച്ച പ്രകടനങ്ങൾ നടത്താനോ ടീമിൽ ഇംപാക്ട് ഉണ്ടാക്കാനോ സാധിക്കുന്നില്ല, പിന്നെ എന്തുകൊണ്ടാണ് ഇന്ത്യ സഞ്ജുവിനെ കളിപ്പിക്കുന്നത്?’ ഒരു ആരാധകൻ സാമൂഹ്യ മാധ്യമത്തിൽ ഉന്നയിച്ച ചോദ്യമാണ് ഇത്. മാത്രമല്ല തങ്ങൾ ഇനി സഞ്ജുവിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്ക് പേജുകളിൽ വാദിക്കാൻ പോലും തയ്യാറാവില്ല എന്നും ആരാധകർ പറയുന്നു. ഇതൊക്കെയും ചൂണ്ടിക്കാണിക്കുന്നത് സഞ്ജുവിന്റെ രണ്ടാം മത്സരത്തിലെ മോശം പ്രകടനം മൂലമുണ്ടായ നിരാശയാണ്.

ഇനി ഇന്ത്യയ്ക്ക് വെസ്റ്റിൻഡീസിനെതിരെ അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങളാണ്. ഈ മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താലേ സഞ്ജുവിന് ടീമിന്റെ അടുത്ത മത്സരങ്ങളിൽ കളിക്കാൻ സാധിക്കുകയുള്ളൂ. അയർലണ്ടിനെതിരെ 3 ട്വന്റി20 മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യയ്ക്ക് വരാനിരിക്കുകയാണ്. മാത്രമല്ല പരമ്പരയിൽ ടീമിൽ കളിക്കാനായി ഒരുപാട് മറ്റു താരങ്ങൾ കാത്തിരുപ്പുമുണ്ട്. ഈ അവസരത്തിൽ സഞ്ജു കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടി വരും. എന്തായാലും സഞ്ജു ശക്തമായി തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top