ഗാബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം വളരെ മോശം രീതിയിലാണ് വിരാട് കോഹ്ലി പുറത്തായത്. ഇതിനുശേഷം ആരാധകരിൽ നിന്ന് വലിയ വിമർശനമാണ് കോഹ്ലിയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ജയസ്വാളിന്റെയും ഗില്ലിന്റെയും വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു.
ഇതിനുശേഷം നാലാം നമ്പറിലായിരുന്നു വിരാട് കോഹ്ലി ക്രീസിലേക്ക് എത്തിയത്. 16 പന്തുകളിൽ 3 റൺസ് മാത്രമാണ് വിരാട് കോഹ്ലിയ്ക്ക് നേടാൻ സാധിച്ചത്. ജോഷ് ഹെസൽവുഡ് എറിഞ്ഞ പന്തിൽ ഒരു അനാവശ്യ ഷോട്ട് കളിക്കാൻ ശ്രമിച്ച കോഹ്ലി വിക്കറ്റ് കീപ്പർ അലക്സ് കെയറിയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയാണ് ഉണ്ടായത്.
അനായാസം ലീവ് ചെയ്യാൻ സാധിക്കുമായിരുന്ന പന്തിലാണ് കോഹ്ലി ഇത്തരമൊരു മോശം ഷോട്ട് കളിച്ചത്. പവലൈനിലേക്ക് മടങ്ങുന്ന സമയത്തും കോഹ്ലി വളരെ നിരാശനായാണ് കാണപ്പെട്ടത്. ഇതുവരെ ഈ പരമ്പരയിൽ കൃത്യമായ ഫ്ലോ കണ്ടെത്താൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 5 റൺസ് മാത്രമായിരുന്നു കോഹ്ലിയ്ക്ക് നേടാൻ സാധിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ ഒരു സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു. അഡ്ലെഡ് ടെസ്റ്റ് മത്സരത്തിൽ 7, 11 എന്നിങ്ങനെയാണ് കോഹ്ലി നേടിയത്. പിന്നാലെയാണ് ഇപ്പോൾ ഗാബയിൽ പരാജയപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കോഹ്ലിക്കെതിരെ ഇപ്പോൾ ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്.
“വിരാട് കോഹ്ലി ധോണിയെ കണ്ടു പഠിക്കുകയും, ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ചെയ്യണം. ഒരിക്കൽ കോഹ്ലി ഇതിഹാസം ആയിരുന്നിരിക്കാം. പക്ഷേ ഇപ്പോൾ അദ്ദേഹത്തിൽ നിന്ന് അത്തരമൊരു പ്രകടനം കാണുന്നില്ല. എന്തിനാണ് ബിസിസിഐ ഇത്തരം താരങ്ങൾക്ക് വേണ്ടി കൂടുതൽ സമയം പാഴാക്കുന്നത്.”- ഒരു ആരാധകൻ സാമൂഹ്യമാധ്യമത്തിൽ ചോദിക്കുകയുണ്ടായി. “കോഹ്ലി വിരമിക്കാൻ സമയമായി. ലണ്ടനിൽ തന്നെ തുടരുന്നതാണ് നല്ലത്”- മറ്റൊരു ആരാധകനും സാമൂഹ്യ മാധ്യമത്തിൽ കുറിക്കുകയുണ്ടായി.
“ഇപ്പോൾ വിരാട് കോഹ്ലിയും രോഹിത് ശർമയും മികച്ച ടെസ്റ്റ് കളിക്കാരല്ല. അവരുടെ സാങ്കേതിക പ്രശ്നങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. അവർ സ്വയമേ വിരമിക്കൽ പ്രഖ്യാപിക്കുന്നതാണ് ഉത്തമം. അല്ലാത്തപക്ഷം ബിസിസിഐ അവർക്കെതിരെ കൃത്യമായി രംഗത്ത് വരണം.”- ട്വിറ്ററിൽ ഉയർന്നുവന്ന ഒരു കമന്റ് സൂചിപ്പിക്കുന്നു. ഇത്തരത്തിൽ കോഹ്ലിയെയും രോഹിത്തിനെയും പൂർണമായും വിമർശിച്ചുകൊണ്ടാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ഗാബ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയാണെങ്കിൽ ഈ ചോദ്യങ്ങളൊക്കെയും ഇനിയും ശക്തമാവും എന്നത് ഉറപ്പാണ്.