2023 ഏകദിന ലോകകപ്പ് വളരെ മികച്ച രീതിയിൽ മുന്നേറുകയാണ്. ഇന്ത്യ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഇതുവരെ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുന്നത്. ഈ ടീമുകൾ തന്നെയാണ് പോയ്ന്റ്സ് ടേബിളിൽ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്നതും. ഒരുപാട് വമ്പൻ താരങ്ങളുടെ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ ലോകകപ്പിൽ ഇതുവരെ കാണാൻ സാധിച്ചിട്ടുണ്ട്. പല ബാറ്റർമാരും ബോളർമാർക്കു മേൽ ഡോമിനേറ്റ് ചെയ്യുന്നതും ലോകകപ്പിന്റെ കാഴ്ചയാണ്. ഈ സാഹചര്യത്തിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ചേസറെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ്.
വിരാട് കോഹ്ലിയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ചേസർ എന്നാണ് കോഹ്ലി പറയുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്ലി അംഗമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ നായകൻ കൂടിയാണ് ഡുപ്ലസിസ്. വിരാട് കോഹ്ലിയുടെ റൺസ് കണ്ടെത്താനുള്ള ആഗ്രഹത്തെയും മൈതാനത്തെ മത്സരബുദ്ധിയെയും പ്രശംസിച്ചു കൊണ്ടാണ് ഡുപ്ലസിസ് സംസാരിച്ചത്.
നിലവിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ മൈതാനത്ത് പുറത്തെടുക്കാൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട് എന്ന് ഡുപ്ലസിസ് പറയുന്നു. മൈതാനത്തെ കോഹ്ലിയുടെ മാനസികാവസ്ഥയും ശക്തിയും മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കില്ല എന്നും ഡുപ്ലസിസ് പറയുകയുണ്ടായി. സ്റ്റാർ സ്പോർട്സിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഡുപ്ലസിസ് ഇക്കാര്യം സംസാരിച്ചത്.
“ഒരിക്കലും അടങ്ങാത്ത, റൺസിനായുള്ള വിശപ്പാണ് കോഹ്ലിയുടെ ഏറ്റവും മികച്ച ക്വാളിറ്റികളിൽ ഒന്ന്. മൈതാനത്ത് ഒരിക്കലുമടങ്ങാത്ത മത്സരബുദ്ധിയും കോഹ്ലിയുടെ ഏറ്റവും വലിയ പ്രത്യേകതയായി ഞാൻ കണക്കാക്കുന്നു. എല്ലായിപ്പോഴും മൈതാനത്ത് മികവ് പുലർത്താനാണ് കോഹ്ലി ശ്രമിക്കാറുള്ളത്. കോഹ്ലിയെ പോലെ ഇത്ര മികച്ച മാനസികാവസ്ഥയുള്ള മറ്റൊരാളെ ക്രിക്കറ്റിൽ ഞാൻ കണ്ടിട്ടില്ല. അയാൾ എല്ലായിപ്പോഴും ടീമിനായി കളിക്കുന്നു. ശക്തമായത് ടീമിന് നൽകാൻ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള കോഹ്ലിയുടെ പ്രകടനങ്ങൾ എല്ലാവർക്കും പ്രചോദനമാണ്.”- ഡുപ്ലസിസ് പറയുന്നു.
നിശ്ചിത ഓവർ ക്രിക്കറ്റിൽ ഏറ്റവും മികച്ച രീതിയിൽ ചേസ് ചെയ്യുന്ന താരമാണ് വിരാട് കോഹ്ലി. എത്ര വലിയ ലക്ഷ്യങ്ങളും അങ്ങേയറ്റം ക്ഷമയോടെ ചേസ് ചെയ്ത് വിജയിക്കാൻ കോഹ്ലിക്ക് സാധിക്കുന്നുണ്ട്. ലോകകപ്പിലെ പല മത്സരങ്ങളിലും കോഹ്ലിയുടെ ഈ മികവ് കാണാൻ സാധിച്ചു. ഇതുവരെ ഈ ലോകകപ്പിൽ 5 മത്സരങ്ങളിൽ നിന്ന് 354 റൺസാണ് വിരാട് കോഹ്ലി നേടിയിട്ടുള്ളത്. 118 റൺസ് ശരാശരിയിലാണ് വിരാട് കോഹ്ലിയുടെ ഈ നേട്ടം. ഒരു സെഞ്ചുറിയും മൂന്ന് അർത്ഥസെഞ്ച്വറികളും കോഹ്ലി ഈ ലോകകപ്പിൽ നേടി കഴിഞ്ഞു. മാത്രമല്ല സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡ് മറികടക്കാൻ ഈ ലോകകപ്പിൽ കോഹ്ലിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.