ഒരു സമയത്ത് വളരെയേറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയും മുൻ ഭാര്യ ഹസീൻ ജഹാനുമായുള്ള പ്രശ്നങ്ങൾ. ഷാമിയുമായി ബന്ധം തകർന്നതിന് ശേഷം ഹസിൻ അദ്ദേഹത്തിനെതിരെ വലിയ ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. ഷാമി ഒത്തുക്കളിച്ചു എന്ന ആരോപണമാണ് ഹസിൻ പുറത്തുവിട്ടത്. ഇതേ സംബന്ധിച്ച് ബിസിസിഐ അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യത്തെപ്പറ്റി തന്റെ അഭിപ്രായം അറിയിക്കുകയാണ് മുൻ ഇന്ത്യൻ തരം ഇഷാന്ത് ശർമ.
അത്തരം ഒത്തുകളിയിൽ മുഹമ്മദ് ഷാമി പങ്കുചേരില്ല എന്ന് തനിക്ക് 200 ശതമാനം ഉറപ്പുണ്ട് എന്നായിരുന്നു ഇഷാന്ത് ശർമ അന്ന് മറുപടി നൽകിയത്. “ബിസിസിഐയുടെ ഒരു വിഭാഗം ഹസ്സിൻ ജഹാൻ മുൻപിലേക്ക് വെച്ച ആരോപണത്തിന്റെ പേരിൽ ഞങ്ങളെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ അവർ കൃത്യമായി ഇടപെട്ടു. ഷാമി അത്തരത്തിൽ ഒത്തുകളി നടത്തുമോ എന്ന് എല്ലാവരോടും ചോദിച്ചു. ഞാൻ പറഞ്ഞത് മുഹമ്മദ് ഷാമി അങ്ങനെ ചെയ്യില്ല എന്നെനിക്ക് 200 ശതമാനം ഉറപ്പുണ്ട് എന്നാണ്.”- ഇഷാന്ത് ശർമ പറയുന്നു.
“എനിക്ക് മുഹമ്മദ് ഷാമിയെ വളരെ നന്നായി അറിയാമായിരുന്നു. അതിനാലാണ് ഞാൻ അന്ന് മറുപടി പറഞ്ഞത്. ഞാൻ ഇത്തരത്തിലാണ് അന്ന് പറഞ്ഞതെന്ന് ഷാമി മറ്റൊരു വഴി അറിയുകയുണ്ടായി. അത് ഞങ്ങൾ തമ്മിൽ വലിയൊരു ബന്ധമുണ്ടാകാൻ കാരണമായി.”- ഇഷാന്ത് ശർമ കൂട്ടിച്ചേർക്കുന്നു.
ഹസിൻ ജഹാന്റെ ഈ ആരോപണത്തിൽ ബിസിസിഐ വലിയ അന്വേഷണം തന്നെ നടത്തി. എന്നാൽ അന്വേഷണത്തിനോടുവിൽ ബിസിസിഐ ഷാമിയ്ക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. മുഹമ്മദ് ഷാമിയുമായുള്ള ബന്ധം തകർന്നശേഷമാണ് ഹസിൻ ഇങ്ങനെയൊരു ആരോപണത്തിന് ശ്രമിച്ചത്.