ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ദയനീയമായ പരാജയത്തിനുശേഷം ഇന്ത്യൻ ടീമിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ട്വന്റി20 ക്രിക്കറ്റിലെ മികവ് നോക്കി താരങ്ങളെ ഏകദിനങ്ങളിലും ടെസ്റ്റ് ക്രിക്കറ്റിലും ടീമിലെടുക്കുന്ന ബിസിസിഐയുടെ നിലപാടിനെ വിമർശിച്ചാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ രംഗത്ത് വന്നിരിക്കുന്നത്. ഇതോടൊപ്പം ഇന്ത്യൻ ടീമിൽ ചില താരങ്ങൾക്ക് പ്രത്യേക സംരക്ഷണം ലഭിക്കുന്നുണ്ടെന്നും, ഇതിനു വലിയ ഉദാഹരണമാണ് സൂര്യകുമാർ യാദവ് എന്നും ശിവരാമകൃഷ്ണൻ പറയുകയുണ്ടായി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ വളരെ മോശം പ്രകടനമായിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവച്ചത്. ഇതിനുശേഷമാണ് ശിവരാമകൃഷ്ണന്റെ ഈ വാക്കുകൾ.
“ചില താരങ്ങൾക്ക് മാത്രം ഇന്ത്യൻ ടീമിൽ കൂടുതലായി സംരക്ഷണങ്ങൾ ലഭിക്കാറുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സൂര്യകുമാർ. ട്വന്റി20 ക്രിക്കറ്റ് എന്നത് 50 ഓവർ ക്രിക്കറ്റിൽ നിന്നും വളരെ വ്യത്യസ്തമാണ്. അതുപോലെതന്നെ ടെസ്റ്റ് ക്രിക്കറ്റും നിശ്ചിത ഓവർ ക്രിക്കറ്റും തമ്മിലും ഈ വ്യത്യാസമുണ്ട്. സൂര്യകുമാർ യാദവ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ അംഗമായിരുന്നു. എന്നാൽ ട്വന്റി20 ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു താരത്തെ എല്ലാ ഫോർമാറ്റിലേക്കും പരിഗണിക്കുന്നതിലെ യുക്തി എനിക്ക് മനസ്സിലാവുന്നില്ല.”- ലക്ഷ്മണൻ ശിവരാമകൃഷ്ണൻ പറയുന്നു.
ഇതോടൊപ്പം നൂതന ഷോട്ടുകൾ മാത്രം കളിച്ചുകൊണ്ട് ഒരാൾക്ക് വലിയ ഫോർമാറ്റുകളിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല എന്നതിന്റെ സൂചനയും ശിവരാമകൃഷ്ണൻ നൽകുകയുണ്ടായി. “നൂതന ഷോട്ടുകൾ കളിക്കുന്നതിന് വലിയ രീതിയിലുള്ള കഴിവുകൾ ആവശ്യമാണ്. പക്ഷേ അത്തരം ഷോട്ടുകൾ മാത്രമാണ് നമുക്ക് കളിക്കാൻ സാധിക്കുന്നതെങ്കിൽ, വലിയ ഫോർമാറ്റിൽ പിടിച്ചുനിൽക്കുക കഠിനമായി മാറും. ടെസ്റ്റ് ക്രിക്കറ്റിലായാലും 50 ഓവർ ക്രിക്കറ്റിലായാലും നമ്മൾ മത്സരത്തിനൊത്ത് പാകപ്പെടേണ്ടതുണ്ട്.”- ലക്ഷ്മൺ ശിവരാമകൃഷ്ണൻ കൂട്ടിച്ചേർക്കുന്നു.
2022ൽ ട്വന്റി20 ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളായിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവച്ചത്. എന്നാൽ അതിനുശേഷം ഏകദിന ടീമിലെത്തിയതോടെ സൂര്യകുമാർ യാദവിന്റെ പ്രകടനങ്ങളിൽ വമ്പൻ പിന്നോട്ടു പോക്കാണ് ഉണ്ടായിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ ഇതുവരെ മികച്ച ഒരു ഇന്നിങ്സ് കാഴ്ചവയ്ക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സൂര്യകുമാറിനെ വീണ്ടും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നത്. 2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഇനിയും സൂര്യകുമാറിനെ ടീമിൽ ഉൾപ്പെടുത്തി പരീക്ഷണം നടത്തുമോ എന്നത് കണ്ടറിയേണ്ടത് തന്നെയാണ്.