ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ വളരെ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വിരാട് കോഹ്ലിയ്ക്കെതിരെ മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി. നിലവിൽ ഇന്ത്യയുടെ നാലാം നമ്പർ ബാറ്ററായി മൈതാനത്ത് എത്തുന്ന വിരാട് കോഹ്ലിയ്ക്ക് കൃത്യമായ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളിൽ കോഹ്ലി പതറുന്നതാണ് കാണുന്നത്.
ഈ സാഹചര്യത്തിൽ കോഹ്ലി തന്റെ നാലാം നമ്പർ സ്ഥാനം യുവതാരമായ നിതീഷ് കുമാർ റെഡ്ഡിയ്ക്ക് വിട്ടു നൽകണമെന്നാണ് ബാസിത് അലി പറയുന്നത്. അഞ്ചാം മത്സരത്തിൽ ഇത്തരത്തിൽ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തി ഇന്ത്യ മൈതാനത്ത് എത്തണമെന്നും ബാസിത് നിർദ്ദേശിക്കുകയുണ്ടായി.
മെൽബണിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു നിതീഷ് കുമാർ റെഡ്ഡി കാഴ്ചവെച്ചത്. അതുകൊണ്ടു തന്നെ നിതീഷിനെ ഇന്ത്യ നാലാം നമ്പറിൽ കളിപ്പിക്കണമെന്നാണ് ബാസിത് പറയുന്നത്. മുൻപ് രോഹിത് ശർമ ഇത്തരത്തിൽ മോശം ഫോം തുടർന്ന സാഹചര്യത്തിൽ, തന്റെ ബാറ്റിംഗ് പൊസിഷനിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്ന് ബാസിത് ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും വിരാട് കോഹ്ലി ഇത്തരത്തിൽ തന്റെ പൊസിഷൻ മറ്റൊരു താരത്തിന് നൽകുമെന്ന് താൻ കരുതുന്നില്ല എന്നാണ് ബാസിത് പറയുന്നത്. വിരാട് കോഹ്ലിയെ നിലവിൽ ടീമിനുള്ള പലർക്കും ഭയമാണെന്ന് ബാസിത് കൂട്ടിച്ചേർക്കുന്നു.
“യുവതാരമായ നിതീഷ് കുമാറിനെ ഇന്ത്യ നാലാമത്തെ നമ്പറിൽ കളിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വിരാട് കോഹ്ലി ഇനി അഞ്ചാം നമ്പറിലേക്ക് മാറാൻ തയ്യാറാവണം. കാരണം നാലാം നമ്പറിൽ ബാറ്റിംഗിനെത്തി മികച്ച പ്രകടനങ്ങൾ ടീമിനായി കാഴ്ചവയ്ക്കാനോ, റൺസ് വേണ്ട രീതിയിൽ സ്വന്തമാക്കാനോ വിരാടിന് സാധിക്കുന്നില്ല. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഒരേപോലെയുള്ള ഷോട്ടുകൾ കളിച്ചാണ് വിരാട് കോഹ്ലി തുടർച്ചയായി പുറത്തായിട്ടുള്ളത്. ഇത് വിരാട് മനസ്സിലാക്കണം.”- ബാസിത് അലി പറയുന്നു.
“നിങ്ങളുടെ ബാറ്റിംഗ് പൊസിഷനിൽ നിങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ, അത് മറ്റൊരു താരത്തിന് നൽകാൻ നിങ്ങൾ തയ്യാറാവണം. രോഹിത് ശർമ മുൻപ് ഇത്തരത്തിൽ മോശം ഫോം തുടർന്ന സാഹചര്യത്തിൽ ബാറ്റിംഗ് പൊസിഷൻ മറ്റൊരുതാരത്തിന് നൽകിയിട്ടുണ്ട്. എന്നാൽ വിരാട് കോഹ്ലിയുടെ കാര്യത്തിലേക്ക് വരുമ്പോൾ ഇത്തരമൊരു കാര്യം ആരും ചിന്തിക്കുന്നില്ല എന്നതാണ് വസ്തുത. കാരണം ഇന്ത്യൻ ടീമിലെ പലർക്കും വിരാട് കോഹ്ലിയെ വലിയ ഭയമാണ്.”- ബാസിത് അലി ആരോപിക്കുന്നു.