2024 ട്വന്റി20 ലോകകപ്പിൽ ഇതുവരെ വളരെ മോശം പ്രകടനമാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ച വച്ചിരിക്കുന്നത്. അയർലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ കേവലം ഒരു റൺ മാത്രമായിരുന്നു കോഹ്ലി സ്വന്തമാക്കിയത്. ശേഷം പാകിസ്ഥാനെതിരായ മത്സരത്തിൽ 4 റൺസിന് കോഹ്ലി കൂടാരം കയറുകയുണ്ടായി.
ഇപ്പോൾ അമേരിക്കക്കെതിരെ ഗോൾഡൻ ഡക്കായി ആണ് താരം മടങ്ങിയത്. ഇതിന് ശേഷം കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നതിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. കോഹ്ലിയുടെ ഫോമിനെ ഓർത്ത് ആരും വ്യാകുലപ്പെടേണ്ടതില്ല എന്നാണ് ഗവാസ്കർ പറഞ്ഞിരിക്കുന്നത്.
കോഹ്ലിയുടെ കാര്യത്തിൽ ഇന്ത്യ ഇനിയും കുറച്ചുകൂടി ക്ഷമ കാട്ടേണ്ടതുണ്ട് എന്ന് സുനിൽ ഗവാസ്കർ പറയുന്നു. “ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദനം മത്സരങ്ങൾ വിജയിപ്പിക്കുക എന്നതിലൂടെയാണ്. പ്രത്യേകിച്ച് നമ്മുടെ രാജ്യത്തിന് വേണ്ടി. ഇത്തരത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയെ വിജയിപ്പിക്കാൻ സാധിച്ചിട്ടുള്ള താരമാണ് വിരാട് കോഹ്ലി.
അത് അവന് നന്നായി അറിയാം. ഇപ്പോൾ ട്വന്റി20 ലോകകപ്പിന്റെ ആദ്യ ഭാഗങ്ങളിലാണ് നമ്മൾ നിൽക്കുന്നത്. ഇനി സൂപ്പർ 8 മത്സരങ്ങളും സെമിഫൈനൽ മത്സരങ്ങളും ഫൈനലുമുണ്ട്. അതിനാൽ തന്നെ വിരാട് കോഹ്ലിയുടെ കാര്യത്തിൽ നമ്മൾ ക്ഷമ കാട്ടുകയാണ് വേണ്ടത്. അവനെ വിശ്വസിക്കുകയും ചെയ്യണം. മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് സാധിക്കും.”- ഗവാസ്കർ പറയുന്നു.
“നിലവിൽ 3 മത്സരങ്ങളിലും വിരാട് കോഹ്ലിക്ക് മികവ് പുലർത്താൻ സാധിച്ചില്ല. പക്ഷേ ഇതിന്റെ അർത്ഥം അവൻ നന്നായി ബാറ്റ് ചെയ്യുന്നില്ല എന്നല്ല. ചില സമയങ്ങളിൽ വളരെ മികച്ച പന്തുകളിൽ എല്ലാ ബാറ്റർമാർക്കും വിക്കറ്റ് നഷ്ടമാവും. ചില ദിവസങ്ങളിൽ ബാറ്റിന്റെ എഡ്ജിൽ പന്ത് കൊണ്ടാലും സ്ലിപ്പിന് മുകളിലൂടെ ബൗണ്ടറിയായി മാറാറുണ്ട്.”
“വിരാടിന്റെ കാര്യത്തിൽ ഇപ്പോഴത് സംഭവിക്കുന്നില്ല എന്ന് മാത്രം. അതുകൊണ്ട് കോഹ്ലിയുടെ ഫോമിനെ ഓർത്ത് നിരാശപ്പെടേണ്ട കാര്യമില്ല. നമ്മൾ അവനിൽ വിശ്വാസമർപ്പിക്കുകയാണ് ചെയ്യേണ്ടത്. ഉടൻ തന്നെ അവൻ ഫോമിലേക്ക് തിരികെയെത്തി മികച്ച പ്രകടനം പുറത്തെടുക്കും.”- ഗവാസ്കർ കൂട്ടിച്ചേർത്തു.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങളായിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിനായി വിരാട് കോഹ്ലി കാഴ്ചവച്ചത്. സീസണിൽ 700 റൺസിലധികം ടീമിനായി കോഹ്ലി സ്വന്തമാക്കുകയുണ്ടായി. മാത്രമല്ല ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും കോഹ്ലിയാണ് സ്വന്തമാക്കിയത്. പക്ഷേ ശേഷം ലോകകപ്പിലേക്ക് വന്നപ്പോൾ ഇതുവരെ കോഹ്ലിക്ക് തന്റെ ഫോമിലേക്ക് തിരികെയെത്താൻ സാധിച്ചിട്ടില്ല. നിലവിൽ ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഈ സമയത്ത് കോഹ്ലിയുടെ ഫോം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്.