ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ കനത്ത പരാജയമായിരുന്നു ഇന്ത്യൻ ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. പരമ്പരയിൽ 3- 1 എന്ന നിലയിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതിന് ശേഷം വ്യത്യസ്ത അഭിപ്രായവുമായാണ് ഇന്ത്യയുടെ ഹെഡ് കോച്ച് ആയ ഗൗതം ഗംഭീർ രംഗത്ത് വന്നിരിക്കുന്നത്.
അവസരം കിട്ടുമ്പോഴൊക്കെയും ഇന്ത്യയുടെ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാവണം എന്നാണ് മത്സരശേഷം ഗൗതം ഗംഭീർ പറഞ്ഞത്. ദേശീയ ടീമിലുള്ള ക്രിക്കറ്റർമാർ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുന്ന സമയത്താണ് ഗംഭീർ ഇക്കാര്യം തുറന്നു പറഞ്ഞത്.
“ദേശീയ ക്രിക്കറ്റർമാർ എല്ലാവരും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം എന്നാണ് ഞാൻ കരുതുന്നത്. അത്രമാത്രം പ്രാധാന്യം നമ്മൾ ആഭ്യന്തര ക്രിക്കറ്റിന് ഇപ്പോൾ നൽകേണ്ടതുണ്ട്. ഒരു മത്സരത്തിൽ മാത്രമല്ല, പല മത്സരങ്ങളിലും ഇത്തരം താരങ്ങൾ കളിക്കാൻ തയ്യാറാവണം. അവർക്ക് കളിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ, ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ അവർ തയ്യാറാണെങ്കിൽ, അവർ ആദ്യം കളിക്കേണ്ടത് ആഭ്യന്തര ക്രിക്കറ്റ് തന്നെയാണ്. അതൊരു പ്രധാന കാര്യവുമാണ്. നമുക്ക് ആഭ്യന്തര ക്രിക്കറ്റിന് ശരിയായ രീതിയിൽ പ്രാധാന്യം നൽകാൻ സാധിച്ചില്ലെങ്കിൽ, ആവശ്യമായ രീതിയിൽ കളിക്കാതെ വാർത്തെടുക്കാനും സാധിക്കില്ല.”- ഗംഭീർ പറഞ്ഞു.
പരമ്പരയിൽ പരാജയം നേരിട്ടതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്ന് പുറത്തായിട്ടുണ്ട്. നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ പരാജയം നേരിടുന്നത്. ഇത് ഇന്ത്യൻ ടീമിനെ വരും ദിവസങ്ങളിലും ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കഴിഞ്ഞ 2 സൈക്കിളിലും ഫൈനലിലെത്താൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യ പുറത്തായിരിക്കുകയാണ്. ജൂൺ 11 മുതൽ 15 വരെ ലോർഡ്സിലാണ് ഇത്തവണ ഫൈനൽ മത്സരം നടക്കുന്നത്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാവും ഫൈനലിൽ ഏറ്റുമുട്ടുക.
അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറിയത് ബാറ്റിംഗ് നിരയുടെ മോശം പ്രകടനവും നായകൻ ബുമ്രയുടെ അഭാവവുമായിരുന്നു. അവസാന ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 162 റൺസായിരുന്നു. എന്നാൽ പരിക്ക് മൂലം ബുമ്രയ്ക്ക് പന്തറിയാൻ സാധിച്ചില്ല. മറ്റു ബോളർമാർ വേണ്ട രീതിയിൽ മികവ് പുലർത്താതിരുന്നത് ഇന്ത്യയെ ബാധിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മുൻപ് ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ 3-0 എന്ന രീതിയിൽ ഏറ്റുവാങ്ങിയ പരാജയവും ഇന്ത്യയെ ബാധിച്ചിരുന്നു.