“ബാബറിനെ നേപ്പാൾ ടീം പോലും പ്ലെയിങ് ഇലവനിൽ ഉൾപെടുത്തില്ല”- രൂക്ഷ വിമർശനവുമായി മാലിക്ക്.

babar azam

ലോകകപ്പിലെ ദയനീയമായ പരാജയത്തിന് ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റിൽ പോര് മുറുകുന്നു. പാക്കിസ്ഥാൻ നായകൻ ബാബർ ആസമിനെയും ടീമിനെയും രൂക്ഷമായി വിമർശിച്ചാണ് ഇപ്പോൾ മുൻ പാക് താരം ശുഐബ് മാലിക്ക് രംഗത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച കളിക്കാരനായ ബാബർ ആസമിനെ മറ്റൊരു അന്താരാഷ്ട്ര ടീമും തങ്ങളുടെ പ്ലെയിങ് ഇലവനിൽ പോലും ഉൾപ്പെടുത്തില്ല എന്നാണ് മാലിക് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. നേപ്പാൾ ടീം പോലും തങ്ങളുടെ ടീമിൽ ബാബറിനെ പോലെ ഒരു താരത്തെ ഉൾപ്പെടുത്താൻ സാധ്യതയില്ല എന്ന് മാലിക്ക് തുറന്നു പറഞ്ഞിരിക്കുന്നു.

ട്വന്റി20 ലോകകപ്പിൽ ബാബർ ആസമിന്റെ നേതൃത്വത്തിൽ ദയനീയമായ പരാജയമായിരുന്നു പാക്കിസ്ഥാൻ നേരിട്ടത്. 2007ലെ പ്രാഥമിക ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് പാക്കിസ്ഥാൻ ഇത്തരത്തിൽ ദയനീയമായി ലോകകപ്പിൽ നിന്ന് പുറത്താകുന്നത്. ഇതിന് ശേഷം വലിയ വിമർശനങ്ങൾ തന്നെയാണ് ബാബർ ആസമിനെതിരെയും പാക്കിസ്ഥാൻ ടീമിനെതിരെയും ഉയരുന്നത്.

തങ്ങളുടെ ആദ്യ മത്സരത്തിൽ അമേരിക്കയ്ക്ക് എതിരെയായിരുന്നു ദയനീയമായ പരാജയം പാക്കിസ്ഥാൻ നേരിട്ടത്. ശേഷം ഇന്ത്യക്കെതിരായ മത്സരത്തിലും 6 റൺസിന്റെ പരാജയം പാക്കിസ്ഥാനെ തേടിയെത്തി. ഇതൊക്കെയും സൂചിപ്പിക്കുന്നത് ബാബർ ആസമിന്റെ വിഡ്ഢിത്തങ്ങളാണ് എന്ന് മാലിക് പറഞ്ഞുവയ്ക്കുന്നു.

ഒരു പ്രമുഖ ഷോയിൽ സംസാരിക്കുന്ന സമയത്താണ് മാലിക് ഇക്കാര്യം പറഞ്ഞത്. “ആരാണ് നമ്മുടെ ഏറ്റവും മികച്ച കളിക്കാരൻ? നമ്മുടെ മികച്ച കളിക്കാരൻ ബാബർ ആസമാണ്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച 4- 5 ടീമുകളെ പറ്റി നമുക്ക് സംസാരിക്കാം. ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു ടീമിൽ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന താരമാണോ ബാബർ ആസം? ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നീ ടീമുകളിൽ ഒന്നുംതന്നെ ഈ ഫോർമാറ്റിൽ ബാബറിനെ ഉൾപ്പെടുത്താൻ സാധിക്കില്ല. അതുകൊണ്ടുതന്നെ അങ്ങനെയൊരു താരമല്ല ബാബർ എന്ന് പറയാൻ സാധിക്കും.”- മാലിക് പറഞ്ഞു.

Read Also -  ഇന്ത്യൻ മണ്ണിലെ ഏറ്റവും കുറഞ്ഞ സ്കോർ. നാണക്കേടിന്റെ റെക്കോർഡുമായി ഇന്ത്യ.

മാത്രമല്ല നേപ്പാൾ ടീമിന് പോലും ബാബർ ആസമിനെ ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നും മാലിക്ക് കൂട്ടിചേർത്തു. ലോകകപ്പിലെ ആദ്യ 2 മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാക്കിസ്ഥാന്റെ സ്വന്തം ആരാധകർ പോലും കളിക്കാരെ വിമർശിക്കുകയുണ്ടായി.

പിന്നീട് കാനഡയ്ക്കെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയവും അയർലണ്ടിനെതിരായ മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയവും പാക്കിസ്ഥാൻ സ്വന്തമാക്കിയിരുന്നു. പക്ഷേ 5 പോയിന്റുകളുമായി അമേരിക്ക ഇന്ത്യക്കൊപ്പം സൂപ്പർ എട്ടിലേക്ക് എത്തുകയായിരുന്നു. ടൂർണമെന്റിൽ 4 മത്സരങ്ങളിൽ നിന്ന് 122 റൺസ് ആണ് ബാബർ ആസമിന് നേടാൻ സാധിച്ചത്. 101 എന്ന കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ ആയിരുന്നു ബാബറിന്റെ പ്രകടനം.

Scroll to Top