അദിൽ റഷീദിനെ മറ്റൊരാളും ഇങ്ങനെ പഞ്ഞിക്കിട്ടീട്ടില്ല. സഞ്ജുവിന്റെ പവറിനെപറ്റി മുൻ ഇംഗ്ലണ്ട് താരം.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഒരു തുടക്കം തന്നെയാണ് മലയാളി താരം സഞ്ജു സാംസണ് ലഭിച്ചിട്ടുള്ളത്. ഹൈദരാബാദിനെതിരെ നടന്ന രാജസ്ഥാന്റെ ആദ്യ മത്സരത്തിൽ 32 പന്തുകളിൽ 55 റൺസ് സഞ്ജു സാംസൺ നേടുകയുണ്ടായി. മൂന്നു ബൗണ്ടറികളും നാലു പടുകൂറ്റൻ സിക്സറുകളുമാണ് സഞ്ജു നേടിയത്. ഇതിനുശേഷം സഞ്ജുവിന് അഭിനന്ദന പ്രവാഹവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൺ. ഇത്ര മികച്ച കളിക്കാരനായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന് ഒരുപാട് അവസരങ്ങൾ ലഭിക്കാത്തത് നിർഭാഗ്യകരം തന്നെയാണ് എന്ന് മൊർഗൻ പറയുന്നു.

സഞ്ജുവിന്റെ ഹൈദരാബാദിനെതിരായ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മോർഗന്റെ വിലയിരുത്തൽ. “അനായാസമായ ഷോട്ടുകളാണ് സഞ്ജു സാംസൺ കാഴ്ചവയ്ക്കുന്നത്. അതിനാൽതന്നെ അയാൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ സാധിക്കുന്നില്ല എന്നത് എനിക്ക വിശ്വസിക്കാനാവുന്നില്ല. അയാളുടെ ടൈമിങ്ങും ബാക്ക്ഫൂട്ടിൽ നിന്ന് വമ്പൻ ഷോട്ടുകൾ കളിക്കാനുള്ള പവറും അവിസ്മരണീയം തന്നെയാണ്.”- മോർഗൻ പറയുന്നു.

ഇതോടൊപ്പം മത്സരത്തിൽ സ്പിന്നർ അദിൽ റഷീദിനെതിരെ സഞ്ജു ആക്രമണം അഴിച്ചുവിട്ടതിനെയും മോർഗൺ പ്രശംസിച്ചു. “ലോക ക്രിക്കറ്റിൽ അദിൽ റഷീദിനെതിരെ അത്തരത്തിലുള്ള ഷോട്ടുകൾ കളിക്കാൻ പറ്റുന്ന മറ്റൊരു ബാറ്ററില്ല. അയാളുടെ ബോളുകൾ പിക്ക് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ആ സമയത്താണ് സഞ്ജു ആക്രമിച്ചു കളിച്ചത്. എന്തായാലും സഞ്ജു സാംസന് മികച്ച തുടക്കമാണ് ടൂർണമെന്റിൽ ലഭിച്ചിരിക്കുന്നത്. ഇതിനുമുമ്പും സഞ്ജുവിന് ഇത്തരത്തിൽ തുടക്കം ലഭിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഈ തുടക്കം സഞ്ജു മുതലാക്കുമോ? കണ്ടറിയാൻ മാത്രമേ സാധിക്കൂ.”- മോര്‍ഗൻ കൂട്ടിച്ചേർത്തു.

2022ലെതിന് സമാനമായ രീതിയിൽ 2023ലും മികച്ച തുടക്കം തന്നെയാണ് രാജസ്ഥാൻ റോയൽസിന് ആദ്യ മത്സരത്തിൽ ലഭിച്ചത്. ശക്തമായ ബാറ്റിംഗ് മുൻനിര തന്നെയാണ് രാജസ്ഥാന്റെ ഇത്തവണത്തെയും ശക്തി. ഏപ്രിൽ അഞ്ചിന് പഞ്ചാബ് കിങ്‌സ് ടീമിനെതിരെയാണ് രാജസ്ഥാന്റെ രണ്ടാം മത്സരം നടക്കുന്നത്. ഗുവാഹത്തിയാണ് മത്സരത്തിന് വേദിയാവുക.

Previous articleസ്റ്റാർ ഓൾറൌണ്ടർ പുറത്ത്. വീണ്ടും കൊൽക്കത്ത ടീമിൽ നിന്നും താരങ്ങളുടെ കൊഴിഞ്ഞുപോക്ക്.
Next articleരോഹിത്തിനെയും കോഹ്ലിയെയും മലർത്തിയടിച്ച് ധോണി. മുന്നില്‍ കൂട്ടുകാരന്‍