സൂപ്പർ 8ലെ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് പട. ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ ബുദ്ധിമുട്ടിയ ഇംഗ്ലണ്ടിന്റെ ഒരു ശക്തമായ തിരിച്ചുവരുമാണ് വിൻഡീസിനെതിരെ കാണാൻ സാധിച്ചത്. ഫിൽ സോൾട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് സൂപ്പർ പ്രകടനം പുറത്തെടുത്തത്.
ഇതോടെ സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി 47 പന്തുകളിൽ 87 റൺസാണ് ഫിൽ സോൾട്ട് നേടിയത്. മറുവശത്ത് മികച്ച ഒരു സ്കോർ സ്വന്തമാക്കിയിട്ടും അത് പ്രതിരോധിക്കാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് വിൻഡീസ്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് വെസ്റ്റിൻഡീസ് മത്സരത്തിൽ കാഴ്ചവച്ചത്. വിൻഡീസിന്റെ ബാറ്റർമാർ എല്ലാവരും തരക്കേടില്ലാത്ത രീതിയിൽ റൺസ് സ്വന്തമാക്കുകയുണ്ടായി. എന്നാൽ മികച്ച തുടക്കം ലഭിച്ചിട്ടും ആർക്കും വലിയ ഇന്നിംഗ്സുകൾ കെട്ടിപ്പടുക്കാൻ സാധിക്കാതിരുന്നത് ടീമിന് തിരിച്ചടിയായി മാറുകയായിരുന്നു.
ഓപ്പണർ ബ്രാണ്ടൻ കിങ്ങിന്റെ(23) വെടിക്കെട്ടോടെയാണ് വെസ്റ്റിൻഡീസ് ആരംഭിച്ചത്. ശേഷം 38 റൺസ് നേടിയ ജോൺസൺ ചാൾസും 36 റൺസ് നേടിയ നിക്കോളാസ് പൂരനും ക്രീസിൽ ഉറച്ചത് വിൻഡീസിന് പ്രതീക്ഷകൾ നൽകി.
എന്നാൽ മൈതാനത്ത് വെടിക്കെട്ട് തീർത്തത് നായകൻ പവൽ ആയിരുന്നു. 17 പന്തുകളിൽ 5 സിക്സറുകളടക്കം 36 റൺസാണ് പവൽ നേടിയത്. പിന്നീട് അവസാന ഓവറുകളിൽ റൂഥർഫോർഡ് അടിച്ച് തകർത്തതോടെ വിൻഡീസ് വലിയൊരു സ്കോറിലേക്ക് എത്തി. 15 പന്തുകളിൽ 28 റൺസാണ് റൂഥർഫോർഡ് നേടിയത്. ഇതോടെ വെസ്റ്റിൻഡീസ് 20 ഓവറുകളിൽ 180 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കം തന്നെ ഓപ്പണർമാർ നൽകി. ആദ്യ വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. ഓപ്പണർ ഫിൽ സോൾട്ടാണ് മത്സരത്തിൽ ഇംഗ്ലണ്ടിനായി വെടിക്കെട്ട് തീർത്തത്.
ബട്ലറുടെയും(25) മോയിൻ അലിയുടെയും(13) വിക്കറ്റ് കൃത്യമായ ഇടവേളയിൽ നഷ്ടമായിട്ടും സോൾട്ട് ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്താണ് ഇരുവരും ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചത്. സോൾട്ട് മത്സരത്തിൽ 47 പന്തുകളിൽ 5 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 76 റൺസ് നേടി പുറത്താവാതെ നിന്നു.
ബേയർസ്റ്റോ 26 പന്തുകളിൽ 48 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. ഇങ്ങനെ മത്സരത്തിൽ 8 വിക്കറ്റുകളുടെ ഉജ്ജല വിജയം ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു.