ലങ്കയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍ കടന്നു. നിലവിലെ ചാംപ്യന്‍മാര്‍ പുറത്ത്.

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സെമി ഫൈനലിസ്റ്റിന്‍റെ കാര്യത്തില്‍ തീരുമാനമായി. അവസാന പോരാട്ടത്തില്‍ ശ്രീലക്കെതിരെ ഇംഗ്ലണ്ട് നാലു വിക്കറ്റ് വിജയവുമായാണ് സെമിഫൈനലില്‍ പ്രവേശിച്ചത്.

ആദ്യം ബാറ്റ് ചെയ്ത് ലങ്ക ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ അലക്സ് ഹെയില്‍സും(30 പന്തില്‍ 47), ക്യാപ്റ്റന്‍ ജോസ് ബട്‌ലറും(23 പന്തില്‍ 28) നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിന്‍റെയും ബെന്‍ സ്റ്റോക്സിന്‍റെ(36 പന്തില്‍ 44*) പോരാട്ടത്തിന്‍റെയും മികവിലാണ് ഇംഗ്ലണ്ട് വിജയത്തില്‍ എത്തിയത്.

ഇംഗ്ലണ്ട് ജയിച്ചതോടെ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയ സെമി ഫൈനല്‍ പ്രവേശിക്കാതെ പുറത്തായി. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനും ഏഴ് പോയന്‍റ് വീതമാണെങ്കിലും മോശം നെറ്റ് റണ്‍റേറ്റാണ് ഓസീസിനെ പുറത്താക്കിയത്. ഇംഗ്ലണ്ട് നേരിയ ജയം സ്വന്തമാക്കിയതോടെ മികച്ച നെറ്റ് റണ്‍റേറ്റോടെ ന്യൂസിലന്‍ഡ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 141-8, ഇംഗ്ലണ്ട് 19.4 ഓവറില്‍ 144-6

ശ്രീലങ്കകായി 45 പന്തില്‍ 67 റണ്‍സെടുത്ത പാതും നിസങ്കയും 22 റണ്‍സെടുത്ത ഭാനുക രജപക്സെയും 18 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും മാത്രമെ രണ്ടക്കം കടന്നുള്ളു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു.

സെമിഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ നേരിടാനാണ് സാധ്യത.

Previous articleഅഫ്ഗാൻ-ഓസീസ് മത്സരത്തിൽ ആന മണ്ടത്തരം കാണിച്ച് അമ്പയർ.
Next articleപുഴയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു. കട്ടൗട്ടുകള്‍ എടുത്തു മാറ്റാന്‍ ഉത്തരവ്