ത്രില്ലർ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സൗത്ത് ആഫ്രിക്ക. ആവേശ വിജയം 7 റൺസിന്.

ലോകകപ്പിന്റെ സൂപ്പർ 8ലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെ 7 റൺസിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത് ഡികോക് ആയിരുന്നു.

ഒരു തകർപ്പൻ അർധസെഞ്ച്വറി മത്സരത്തിൽ നേടാൻ താരത്തിന് സാധിച്ചു. മറുവശത്ത് ബോളിങ്ങിൽ റബാഡയും മഹാരാജും മികവാർന്ന പ്രകടനം പുറത്തെടുത്തു. ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക സെമിഫൈനൽ സാധ്യതകൾ ഉയർത്തിയിട്ടുണ്ട്. മറുവശത്ത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് കൈപിടിയിൽ ഒതുക്കാവുന്ന വിജയമാണ് നഷ്ടപ്പെടുത്തിയത്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് കീപ്പർ ഡികോക്ക് നൽകിയത്. ആദ്യ ഓവർ മുതൽ കൃത്യമായ രീതിയിൽ അടിച്ചു തകർക്കാൻ ഡികൊക്കിന് സാധിച്ചു. മത്സരത്തിൽ 38 പന്തുകളിൽ 65 റൺസാണ് താരം നേടിയത്.

4 ബൗണ്ടറികളും 4 സിക്സറുകളും ഡികോക്കിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ശേഷം മധ്യ ഓവറുകളിൽ ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീം വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. മറ്റു ബാറ്റർമാർ പൂർണമായും പരാജയപ്പെട്ടുവെങ്കിലും, 28 പന്തുകളിൽ 43 റൺസ് നേടിയ മില്ലർ ദക്ഷിണാഫ്രിക്കയുടെ കരുത്തായി മാറി.

ഈ മികവിൽ നിശ്ചിത 20 ഓവറുകളിൽ 163 റൺസാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. മറുവശത്ത് ഇംഗ്ലണ്ടിനായി 40 റൺസ് വിട്ടുനൽകി ജോഫ്ര ആർച്ചർ 3 വിക്കറ്റുകളും നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ദുരന്ത തുടക്കമാണ് ലഭിച്ചത്. ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് ഇംഗ്ലണ്ട് നന്നായി ബുദ്ധിമുട്ടുകയുണ്ടായി. കൃത്യമായ രീതിയിൽ സ്കോറിങ് റേറ്റ് പവർപ്ലേ ഓവറുകളിൽ ഉയർത്താൻ ഇംഗ്ലണ്ടിന് സാധിച്ചില്ല.

മാത്രമല്ല ഫിൽ സോൾട്ട്(11) ജോസ് ബട്ലർ(17) ജോണി ബേയർസ്റ്റോ(16) മോയിൻ അലി(9) എന്നിവർ തുടർച്ചയായി കൂടാരം കയറിയതും ഇംഗ്ലണ്ടിനെ ബാധിച്ചിരുന്നു. പക്ഷേ അഞ്ചാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ടുമായി ലിയാം ലിവിങ്സ്റ്റണും ഹാരി ബ്രുക്കും ഇംഗ്ലണ്ടിന്റെ രക്ഷകരായി മാറുകയായിരുന്നു.

മധ്യ ഓവറുകളിലും അവസാന ഓവറുകളിലും കൃത്യമായി ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ഇരുവർക്കും സാധിച്ചു. ആവശ്യമായ സമയങ്ങളിൽ വമ്പൻ ഷോട്ടുകൾ കളിച്ച ഇരുവരും ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. 78 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ കെട്ടിപ്പടുത്തത്.

17 പന്തുകൾ മത്സരത്തിൽ നേരിട്ട് ലിവിങ്സ്റ്റൺ 3 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 33 റൺസ് നേടുകയുണ്ടായി. ലിവിങ്സ്റ്റൺ പുറത്തായതിന് ശേഷം അവസാന 2 ഓവറുകളിൽ ഇംഗ്ലണ്ടിന് വിജയിക്കാൻ 21 റൺസ് വേണ്ടിയിരുന്നു.

മത്സരത്തിന്റെ 19ആം ഓവറിൽ കേവലം 7 റൺസ് മാത്രമാണ് മാർക്കോ യാൻസൺ വഴങ്ങിയത്.  ഇതോടെ അവസാന ഓവറിലെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 14 റൺസായി മാറി. അവസാന ഓവറിലെ ആദ്യ പന്തിൽ ഒരു തകർപ്പൻ ക്യാച്ചിലൂടെ ഹാരി ബ്രുക്കിനെ പുറത്താക്കാൻ മാക്രത്തിന് സാധിച്ചു. ഇതോടെ ഇംഗ്ലണ്ട് കൂടുതൽ സമ്മർദ്ദത്തിലായി.

എന്നാൽ ഓവറിലെ മൂന്നാം പന്തിൽ ബൗണ്ടറി നേടി സാം കരൻ ഇംഗ്ലണ്ടിന് പ്രതീക്ഷകൾ നൽകി. അവസാന 3 പന്തുകളിൽ 9 റൺസ് ആയിരുന്നു ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. പക്ഷേ അടുത്ത 2 പന്തുകൾ നോർക്യ കൃത്യമായി എറിഞ്ഞതോടെ മത്സരത്തിൽ ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങി.

Previous articleഎത്ര പരാജയപ്പെട്ടാലും ദുബെയ്ക്ക് അവസരങ്ങൾ, സഞ്ജു പുറത്ത് തന്നെ. വിമർശനവുമായി ആരാധകർ.
Next articleഅഫ്ഗാനെതിരെ നേടിയ 24 റൺസ് തുടക്കം മാത്രം. കോഹ്ലി ഇനി തകര്‍ക്കും. ലാറ