ന്യൂസിലന്‍റിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്. ന്യൂസിലന്‍റ് ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനു 5 വിക്കറ്റിന്‍റെ വിജയമാണ് സ്വന്തമാക്കിയത്. വിജയത്തോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര 2-0 ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ജൂണ്‍ 23 ന് ലീഡ്സിലാണ്. സ്കോര്‍ ന്യൂസിലന്‍റ് – 553 & 284 ഇംഗ്ലണ്ട് – 539 & 299/5
നേരത്തെ അഞ്ചാം ദിനത്തില്‍ ന്യൂസിലന്‍റിനെ പുറത്താക്കി 299 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന്‍റെ മുന്നില്‍ ഉണ്ടായിരുന്നത്. ശേഷിക്കുന്നത് 72 ഓവറുകളും. എന്നാല്‍ ഇംഗ്ലണ്ടിനു വളരെ മോശം തുടക്കമാണ് ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ 93 റണ്‍സ് എത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന്‍റെ 4 വിക്കറ്റുകള്‍ നഷ്ടമായി.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ടി20 ശൈലിയിലാണ് ജോണി ബെയര്‍സ്റ്റോയും – ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സും ബാറ്റ് ചെയ്തത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 121 പന്തില്‍ 179 റണ്‍സാണ് നേടിയത്. സെഞ്ചുറിയുമായി ജോണി ബെയര്‍സ്റ്റോ ന്യൂസിലന്‍റിന്‍റെ വിജയ പ്രതീക്ഷ തകര്‍ത്തത്.
ചായക്ക് ശേഷമുള്ള ആദ്യ നാല് ഓവറില്‍ 59 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 46ാം ഓവറില്‍ വിജയത്തിനടുത്ത് എത്തിച്ചാണ് ജോണി ബെയര്‍സ്റ്റോ മടങ്ങിയത്. 92 പന്തില്‍ 14 ഫോറും 7 സിക്സുമായി 136 റണ്‍സാണ് താരം നേടിയത്. ചായക്ക് പിരിയുമ്പോള്‍ 48 പന്തില്‍ 43 റണ്‍സ് എന്ന നിലയിലായിരുന്നു ബെയര്‍സ്റ്റോ. പിന്നീട് 77 പന്തായപ്പോഴാണ് താരം സെഞ്ചുറി തികച്ചത്.
പിന്നീട് ഫിനിഷിങ്ങ് ജോലി ഏറ്റെടുത്ത് ബെന്‍ സ്റ്റോക്സാണ്. അവസാനം വരെ ക്രീസില്‍ നിന്ന താരം, അര്‍ദ്ധസെഞ്ചുറി നേടി. 70 പന്തില്‍ 10 ഫോറും 4 സിക്സും അടക്കം 75 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. നിയമിതനായ ശേഷം ആദ്യ പരമ്പര വിജയിക്കാനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സിനും കോച്ച് മക്കല്ലത്തിനും ഇതോടെ സാധിച്ചു