ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. 247 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 146 റണ്‍സില്‍ എല്ലാവരും പുറത്തായി. 100 റന്‍സിന്‍റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമെത്തി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച്ച നടക്കും. അറു വിക്കറ്റുമായി ടോപ്ലെയാണ് ഇംഗ്ലണ്ട് വിജയത്തിനു ചുക്കാന്‍ പിടിച്ചത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ്മ (0) ശിഖാര്‍ ധവാന്‍ (9) വീരാട് കോഹ്ലി (16) റിഷഭ് പന്ത് (0) എന്നിവര്‍ ടോപ്പ് ഓഡറില്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 31 ന് 4 എന്ന നിലയിലായി. പവര്‍പ്ലേയില്‍ പന്തെറിഞ്ഞ ടോപ്ലെയും വില്ലിയുമാണ് ഇന്ത്യയെ ദയനീയ നിലയിലാക്കിയത്.
തകര്‍ച്ചയില്‍ നിന്നും സൂര്യകുമാര്‍ യാദവ് (27) കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ടോപ്ലെയുടെ പന്തില്‍ എന്‍സൈഡ് എഡ്ജായി ബൗള്‍ഡായി. ഹാര്‍ദ്ദിക്ക് പാണ്ട്യയാവട്ടെ മൊയിന്‍ അലിയെ കൂറ്റന്‍ സിക്സ് പറത്താനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനില്‍ പിടികൂടി. 29 റണ്‍സാണ് താരം നേടിയത്.
ജഡേജയും ഷാമിയും ചേര്‍ന്ന് കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ടോപ്ലെയെ തിരിച്ചു വിളിച്ചു. ഇരുവരും ചേര്‍ന്ന് 39 റണ്‍സ് കൂട്ടിചേര്‍ത്തപ്പോള്‍ ഷാമി 23 റണ്‍സാണ് നേടിയത്. തൊട്ടു പിന്നാലെ 29 റണ്‍സ് നേടിയ ജഡേജയെ ലിവിങ്ങ്സ്റ്റണ്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീടെത്തിയ വാലറ്റത്തിനു കാര്യമായി റണ്‍സ് നേടാന്‍ കഴിയാതിരുന്നതോടെ ഇന്ത്യ ദയനീയ പരാജയം ഏറ്റു വാങ്ങി. ഇംഗ്ലണ്ടിനായി ടോപ്ലെ 6 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വില്ലി, കേര്‍സ്, മൊയിന്‍ അലി, ലിവിങ്ങ്സ്റ്റോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ട് 246 റണ്‍സിനു എല്ലാവരും പുറത്തായി. ടോപ്പ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ മൊയിന്‍ അലിയും ഡേവിഡ് വില്ലിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറില്‍ എത്തിച്ചത്.
ജോണി ബെയര്‍സ്റ്റോയും (38) ജേസണ്‍ റോയി (23) എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിനായി മികച്ച തുടക്കം നല്‍കിയെങ്കിലും ഓപ്പണര്‍മാരെ നഷ്ടപ്പെട്ടതോടെ വിക്കറ്റുകള്‍ വീണു. ജോ റൂട്ട് (11) ബെന്‍ സ്റ്റോക്ക്സ് (21) ജോസ് ബട്ട്ലര്‍ (4) എന്നിവര്‍ അതിവേഗം പുറത്തായതോടെ ഇംഗ്ലണ്ട് 102 ന് 5 എന്ന നിലയിലായി. ലിവിങ്‌സ്റ്റണ്‍ (33) രണ്ട് ഫോറും സിക്‌സുമടക്കം കൂട്ടുകെട്ട് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഹാര്‍ദ്ദിക്ക് പാണ്ട്യ പുറത്താക്കി.
സ്കോര്‍ 200 കടക്കില്ലെന്ന് തോന്നിച്ചെങ്കിലും ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മൊയിന്‍ അലി – വില്ലി കുട്ടുകെട്ട് 62 റണ്‍സ് കൂട്ടിചേര്‍ത്തു. 64 പന്തില്‍ 47 റണ്‍സാണ് മൊയിന്‍ അലി നേടിയത്. 49 പന്തില്‍ 41 റണ്‍സാണ് വില്ലി നേടിയത്. ഇന്ത്യക്കായി യുസ് വേന്ദ്ര ചഹാല്‍ നാലും ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.