ഇതാണ് മക്കളെ ഇംഗ്ലണ്ട് പട. അവസാന ടെസ്റ്റിൽ ഓസ്ട്രേലിയയെ ഞെട്ടിച്ച് തകര്‍പ്പന്‍ വിജയം

365150

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ആവേശോജ്ജ്വല വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് ടീം. പൂർണ്ണമായും മത്സരത്തിൽ ആധിപത്യം സ്ഥാപിച്ച ഓസ്ട്രേലിയയുടെ കയ്യിൽ നിന്ന് ഇംഗ്ലണ്ട് വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. അവസാന ദിവസത്തെ ഇംഗ്ലണ്ട് ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. ഇതോടെ തങ്ങളുടെ ഇതിഹാസ ബോളർ സ്റ്റുവർട്ട് ബ്രോഡിന് അവസാന മത്സരത്തിൽ ഒരു തകർപ്പൻ യാത്രയയപ്പ് തന്നെയാണ് ഇംഗ്ലണ്ട് നൽകിയിരിക്കുന്നത്. ഈ വിജയത്തോടെ ആഷസ് പരമ്പര 2-2 എന്ന നിലയിൽ ഇരു ടീമുകളും പങ്കിട്ടിട്ടുണ്ട്.

കെന്നിഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബാസ്ബോൾ രീതിയിൽ തന്നെയാണ് ഇംഗ്ലണ്ട് കളിച്ചത്. എന്നാൽ മുൻനിര ബാറ്റർമാർക്ക് വലിയ ഇന്നിങ്സുകൾ കാഴ്ചവയ്ക്കാൻ സാധിക്കാതിരുന്നത് ഇംഗ്ലണ്ടിനെ ബാധിച്ചിരുന്നു. ഇംഗ്ലണ്ടിനായി ആദ്യ ഇന്നിങ്സിൽ 91 പന്തുകളിൽ 85 റൺസ് നേടിയ ഹാരി ബ്രുക്ക് ആണ് ടോപ് സ്കോററായി മാറിയത്.

ഡക്കറ്റ്(41) ക്രിസ് വോക്സ്(36) എന്നിവർ ബ്രുക്കിന് മികച്ച പിന്തുണയും നൽകി. ഇതോടെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോർ 283 റൺസിൽ എത്തുകയായിരുന്നു. ഓസ്ട്രേലിയക്കായി ആദ്യ ഇന്നിങ്സിൽ മിച്ചൽ സ്റ്റാർക്ക് 82 റൺസ് വിട്ടുനൽകി നാലു വിക്കറ്റുകൾ സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനനിറങ്ങിയ ഓസ്ട്രേലിയക്ക് നല്ല തുടക്കം നൽകാൻ ഖവാജയ്ക്ക്(47) സാധിച്ചു.ശേഷം നാലാമനായി ക്രീസിലെത്തിയ സ്റ്റീവൻ സ്മിത്ത് കളം നിറയുന്നതും ഇന്നിംഗ്സിൽ കാണാൻ സാധിച്ചു. 71 റൺസാണ് സ്റ്റീവൻ സ്മിത്ത് നേടിയത്. എന്നാൽ മറ്റ് മധ്യനിര ബാറ്റർമാർ പരാജയപ്പെട്ടത് ഓസ്ട്രേലിയയെ ബാധിച്ചു. എന്നിരുന്നാലും ഇംഗ്ലണ്ടിന്റെ 283 എന്ന ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നു. ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 295 റൺസാണ് നേടിയത്. ഇതോടെ 12 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് ഓസ്ട്രേലിയ സ്വന്തമാക്കി.

See also  അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.

തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ക്രോളി നൽകി. 73 റൺസാണ് ക്രോളി ഇന്നിങ്സിൽ നേടിയത്. ഒപ്പം ഡക്കറ്റ്(42) സ്റ്റോക്ക്സ്(42) എന്നിവർ പിന്തുണ നൽകിയതോടെ ഇംഗ്ലണ്ടിന്റെ സ്കോർ കുതിച്ചു. നാലാമനായി ക്രീസിലെത്തിയ ജോ റൂട്ട് തന്റെ ക്ലാസ് പുറത്തെടുക്കുകയും ചെയ്തു. ജോ റൂട്ട് മത്സരത്തിൽ 91 റൺസ് നേടുകയുണ്ടായി. ഒപ്പം 78 റൺസ് നേടിയ ബേയർസ്റ്റോയും രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ വജ്രായുധമായി മാറി. അങ്ങനെ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 395 എന്ന കൂറ്റൻ സ്കോർ നേടുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 384 റൺസായി മാറി.

വിജയത്തിലേക്ക് ബാറ്റുവെച്ച ഓസ്ട്രേലിയക്ക് ഒരു തകര്‍പ്പന്‍ തുടക്കം ഓപ്പണർമാരായ വാർണറും ഖവാജയും നൽകി. വാർണർ 60 റൺസും, ഖവാജ 72 റൺസും രണ്ടാം ഇന്നിങ്സിൽ നേടി ഓസ്ട്രേലിയൻ പ്രതീക്ഷകൾ കാത്തു. ഒപ്പം സ്റ്റീവൻ സ്മിത്ത്(54) ഹെഡ്(43) എന്നിവർ കൂടി ക്രീസിൽ ഉറച്ചതോടെ ഓസ്ട്രേലിയ വിജയത്തിലേക്ക് കുതിച്ചു. ഒരു സമയത്ത് 264ന് 3 എന്ന നിലയിൽ ഓസ്ട്രേലിയ പൂർണമായും ആധിപത്യം സ്ഥാപിച്ചിരുന്നു.

F2YcyuAagAA jPB

എന്നാൽ പിന്നീടങ്ങോട്ട് കണ്ടത് ഒരു വലിയ തകർച്ച തന്നെയാണ്. ഇംഗ്ലണ്ടിനായി മോയിൻ അലിയും ക്രിസ് വോക്സും തുടരെ വിക്കറ്റുകൾ വീഴ്ത്താൻ തുടങ്ങിയതോടെ വിജയം മുന്നിൽ കണ്ടിരുന്ന ഓസ്ട്രേലിയ പതറുകയായിരുന്നു. വോക്സും അലിയും സ്റ്റുവർട്ട് ബ്രോഡും അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ടിനായി കോട്ട കാത്തതോടെ ഓസ്ട്രേലിയൻ പ്രതീക്ഷകൾ അവസാനിച്ചു. അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ബ്രോഡാണ് കെയറിയുടെ വിക്കറ്റ് വീഴ്ത്തി മത്സരം അവസാനിപ്പിച്ചത്. മത്സരത്തിൽ 49 റൺസിന്റെ പരാജയമാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. എന്നിരുന്നാലും പരമ്പര സമനിലയിലാക്കാൻ സാധിച്ചത് ഇരു ടീമുകൾക്കും ആശ്വാസം പകരുന്നുണ്ട്.

Scroll to Top