“അന്ന് യുവരാജിന് പിആർ ഏജൻസി ഇല്ലായിരുന്നല്ലോ”.. വീണ്ടും ധോണിയെ കടന്നാക്രമിച്ച് ഗംഭീർ..

Dhoni Yuvi scaled

ഇന്ത്യയുടെ മുൻനായകൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വീണ്ടും ഒളിയമ്പുമായി ഇന്ത്യൻ താരം ഗൗതം ഗംഭീർ. 2011 ഏകദിന ലോകകപ്പിനെ പറ്റി സംസാരിക്കുന്ന സമയത്താണ് ഗൗതം ഗംഭീർ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വീണ്ടും സംസാരിച്ചത്. ടൂർണമെന്റിലൂടനീളം അന്ന് മികച്ച പ്രകടനം പുറത്തെടുത്തത് യുവരാജ് സിംഗ് ആയിരുന്നു എന്ന് ഗംഭീർ പറയുന്നു. എന്നാൽ യുവരാജിന് വേണ്ട രീതിയിലുള്ള പ്രശംസകൾ ലഭിച്ചിരുന്നില്ല എന്നാണ് ഗംഭീർ കൂട്ടിച്ചേർക്കുന്നത്. ഇതിന് പ്രധാന കാരണമായി ഗംഭീർ ചൂണ്ടിക്കാട്ടുന്നത് യുവരാജിന് പിആർ ഏജൻസി ഇല്ലായിരുന്നു എന്നതാണ്. ആ സമയത്ത് മറ്റു താരങ്ങൾക്ക് വലിയ പ്രശംസകൾ ലഭിച്ചിരുന്നതായും ഗംഭീർ പറയുന്നു.

പേരെടുത്ത് സംസാരിച്ചില്ലെങ്കിലും ഗംഭീറിന്റെ ഈ പ്രസ്താവന മഹേന്ദ്ര സിംഗ് ധോണിക്കെതിരെയാണ് എന്നത് ഏറെക്കുറെ ഉറപ്പാണ്. മുൻപും ധോണിക്കെതിരെ ഇത്തരം പ്രസ്താവനകളുമായി ഗംഭീർ രംഗത്ത് വരികയുണ്ടായി. യുവരാജിന്റെ 2011 ലോകകപ്പിലെ പ്രകടനത്തെപ്പറ്റി ചോദിച്ചപ്പോൾ ഗംഭീറിന്റെ മറുപടി ഇങ്ങനെയായിരുന്നു. “ആളുകൾ എല്ലായിപ്പോഴും വിലകുറച്ചു കാണുന്നതിനെപ്പറ്റി സംസാരിക്കാറുണ്ട്. ആ ആളുകൾ തന്നെയാണ് മൂല്യം കുറച്ചു കാണുന്നതും, പ്രശംസ കുറച്ച് സംസാരിക്കുന്നതും. ഇത്തരം കാര്യങ്ങൾ ഒന്നും വിലകുറച്ചു കാണലായി മാറുന്നുമില്ല.”- ഗംഭീർ പറഞ്ഞു.

See also  സിറാജ് ഷോ 🔥 ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 126 റൺസിന്റെ ലീഡ്.

“2011 ഏകദിന ലോകകപ്പ് ടൂർണമെന്റിൽ താരമായി മാറിയത് യുവരാജ് സിംഗ് ആയിരുന്നു. എന്നാൽ അദ്ദേഹത്തെപ്പറ്റി എത്ര ആളുകൾ അന്ന് സംസാരിച്ചിട്ടുണ്ട്? ഒരുപക്ഷേ അദ്ദേഹത്തിന് മികച്ച ഒരു പിആർ ഏജൻസി ഇല്ലാത്തതുകൊണ്ടാവാം. ഒരു ബ്രോഡ്കാസ്റ്റർ ഒരിക്കലും പി ആർ മെഷിനറിയായി മാറരുത്. ഡ്രസ്സിംഗ് റൂമിലിരിക്കുന്ന എല്ലാ താരങ്ങളോടും നീതിപരമായ രീതിയിലാണ് ബ്രോഡ്കാസ്റ്റർമാർ ഇടപെടേണ്ടത്.”- ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു. മുൻപും ഗംഭീർ ഇത്തരത്തിൽ ധോണിക്ക് ലഭിച്ച പ്രശംസയെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരുന്നു. ധോണിയുടെ ആരാധകരും പിആർ ഏജൻസിയുമാണ് 2011 ലോകകപ്പിന്റെ ക്രെഡിറ്റ് അദ്ദേഹത്തിൽ എത്തിച്ചത് എന്ന് മുൻപും ഗംഭീർ പറഞ്ഞിട്ടുണ്ട്.

എന്നിരുന്നാലും ഗംഭീറിന്റെ ഈ അഭിപ്രായങ്ങൾക്ക് ധോണി ഒരിക്കലും മറുപടി നൽകിയിട്ടില്ല. 2011 ലോകകപ്പിന് ശേഷം ഇത്തരമൊരു കാര്യത്തെപ്പറ്റി ധോണി സംസാരിച്ചതായി പോലും റിപ്പോർട്ടുകളില്ല. പക്ഷേ നിരന്തരം ധോണിയെ ഇത്തരത്തിൽ ഗംഭീർ ആക്രമിച്ചിട്ടുണ്ട്. നിലവിൽ ലജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്പിറ്റൽസ് ടീമിന്റെ നായകനായി കളിക്കുകയാണ് ഗംഭീർ. ഇതിഹാസ താരങ്ങളുടെ ക്രിക്കറ്റിലും ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചാണ് ഗംഭീർ മുൻപോട്ട് പോകുന്നത്.

Scroll to Top