ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ബാറ്റിംഗ് വിരുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസ് മറികടന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും ഐപിഎല്ലിലെ സര്‍വ്വകാല റെക്കോഡ് മറികടക്കാന്‍ ഡ്വെയ്ന്‍ ബ്രാവോക്ക് സാധിച്ചു.
ഐപിഎല്ലില്‍ 171 വിക്കറ്റോടെ ഐപിഎല്ലിലെ എക്കാലത്തേയും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി. മുംബൈ ഇന്ത്യന്‍സിന്‍റെ ഇതിഹാസ താരം ലസിത് മലിംഗയുടെ റെക്കോഡാണ് തകര്‍ത്തത്. മത്സരത്തില്‍ ദീപക്ക് ഹൂഡയുടെ വിക്കറ്റ് നേടിയാണ് ഡ്വെയ്ന്‍ ബ്രാവോ റെക്കോഡിലേക്കെത്തിയത്.
153 മത്സരങ്ങളാണ് ബ്രാവോക്ക് 171 വിക്കറ്റ് നേടാന്‍ വേണ്ടി വന്നത്. അതേ സമയം ലസിത് മലിംഗയുടെ വിക്കറ്റ് നേട്ടം 122 മത്സരങ്ങളില്‍ നിന്നാണ്. 2008 ലാണ് ഡ്വെയ്ന്‍ ബ്രാവോ ഐപിഎല്ലില്‍ എത്തുന്നത്. അന്ന് പരിക്കേറ്റ ലസിത് മലിംഗക്ക് പകരമായാണ് ബ്രാവോ മുംബൈ ഇന്ത്യന്‍സില്‍ എത്തുന്നത്. ഇപ്പോഴിതാ 14 വര്‍ഷത്തിനു ശേഷം മലിംഗയുടെ റെക്കോഡ് മറികടന്നിരിക്കുകയാണ് വിന്‍ഡീസ് താരം.
ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ 166 വിക്കറ്റുകളുമായി സീനിയർ താരമായ അമിത് മിശ്രയാണ് രണ്ടാം സ്ഥാനത്ത്.കഴിഞ്ഞ സീസണിൽ വരെ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന മിശ്രയെ ഈ സീസണിൽ ആരും ലേലത്തിൽ നേടിയില്ല.ലെഗ് സ്പിന്നർ പിയൂഷ് ചൗള 157 വിക്കറ്റുമായി ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്