അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിലും തകർപ്പൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 6 വിക്കറ്റുകളുടെ ഉജ്ജലവിജയം ആയിരുന്നു ഇന്ത്യയെ തേടിയെത്തിയത്. 26 പന്തുകൾ ബാക്കി നിൽക്കവെയാണ് ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്. ഇന്ത്യക്കായി ജയസ്വാളും ശിവം ദുബയും ബാറ്റിംഗിൽ തിളങ്ങുകയുണ്ടായി.
ഇരുവരും മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറികൾ സ്വന്തമാക്കി. ഈ വിജയത്തോടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിലെ യുവതാരങ്ങളുടെ പ്രകടനത്തെപ്പറ്റി രോഹിത് ശർമ മത്സരശേഷം സംസാരിക്കുകയുണ്ടായി. ടീം കാഴ്ചവെച്ച പ്രകടനത്തിൽ അങ്ങേയറ്റം സന്തോഷമുണ്ട് എന്നാണ് രോഹിത് ശർമ പറഞ്ഞത്.
“ഇതൊരു വലിയ വികാരം തന്നെയാണ്. 2007ലാണ് ഞാൻ ട്വന്റി20 യാത്ര ആരംഭിക്കുന്നത്. ഇതുവരെ ചിലവഴിക്കാൻ കഴിഞ്ഞ മുഴുവൻ നിമിഷങ്ങളും ഞാൻ ആസ്വദിക്കുകയായിരുന്നു. മത്സരത്തിലേക്ക് വന്നാൽ ഞങ്ങൾക്ക് എല്ലാ കാര്യത്തെ സംബന്ധിച്ചും വ്യക്തത ഉണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി പൂർണ്ണവിവരം ഞങ്ങൾ ശേഖരിച്ചിരുന്നു.”
“എല്ലാവരിലേക്കും കൃത്യമായി ഈ സന്ദേശം എത്തിക്കാനും ശ്രമിച്ചു. മത്സരത്തിലെ താരങ്ങളുടെ പ്രകടനം കാണുമ്പോൾ വലിയ അഭിമാനം തന്നെയുണ്ട്. മൈതാനത്ത് ഇറങ്ങി ഇത്തരത്തിൽ മികവ് പുലർത്തുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്.”- രോഹിത് ശർമ പറഞ്ഞു.
“അവസാന രണ്ടു മത്സരങ്ങളിലും ഞങ്ങളുടെ എല്ലാ താരങ്ങളും മികവ് പുലർത്തുകയുണ്ടായി. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി എല്ലാ താരങ്ങളും മികവ് കാട്ടുന്നുണ്ട്. ജയസ്വാൾ മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ ട്വന്റി20യിലും മികച്ച പ്രകടനം നടത്തുന്നു. തന്റെ കഴിവുകൾ കൃത്യമായി തെളിയിക്കാൻ ജയസ്വാളിന് സാധിക്കുന്നുണ്ട്.”
“ഒരുപാട് കഴിവുകളുള്ള താരമാണ് ജയസ്വാൾ.എല്ലാ റേഞ്ച്ലുമുള്ള ഷോട്ടുകൾ കളിക്കാനും താരത്തിന് സാധിക്കുന്നുണ്ട്. ശിവം ദുബെയും വലിയൊരു താരമാണ്. അവൻ നല്ല പവർഫുള്ളാണ്. സ്പിന്നർമാർക്കെതിരെ ആക്രമണം അഴിച്ചുവിടാൻ ശിവം ദുബയ്ക്ക് സാധിക്കും. അതുതന്നെയാണ് അവന്റെ ടീമിലെ റോളും. രണ്ടു മത്സരങ്ങളിലും നിർണായകമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ ദുബെയ്ക്ക് സാധിച്ചു.”- രോഹിത് കൂട്ടിച്ചേർക്കുന്നു.
പരമ്പരയിലെ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയാണ് ശിവം ദുബെ മത്സരത്തിൽ നേടിയത്. ആദ്യ മത്സരത്തിലും നിർണായകമായ അർത്ഥ സെഞ്ച്വറി പൂർത്തീകരിക്കാൻ ദുബെയ്ക്ക് സാധിച്ചിരുന്നു. രണ്ടാം മത്സരത്തിൽ 32 പന്തുകളിൽ 5 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 63 റൺസാണ് ഈ താരം നേടിയത്. ജയസ്വാൾ മത്സരത്തിൽ 34 പന്തുകളിൽ 5 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 68 റൺസ് സ്വന്തമാക്കുകയുണ്ടായി. എന്തായാലും യുവതാരങ്ങളുടെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് ലോകകപ്പിന് മുൻപ് വലിയ പ്രതീക്ഷ നൽകുന്നതാണ്.