സർഫറാസിനെ ഒഴിവാക്കൂ, ഓസീസിനെതിരെ ആ 2 താരങ്ങളെ കളിപ്പിക്കൂ. ആകാശ് ചോപ്രയുടെ നിര്‍ദ്ദേശം.

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിംഗ് പുറത്തെടുക്കാൻ സർഫറാസ് ഖാന് സാധിച്ചിരുന്നു. ഇന്നിംഗ്സിൽ 150 റൺസാണ് താരം സ്വന്തമാക്കിയത്. ഇതിന് ശേഷം വലിയ പ്രശംസകളും താരത്തിന് ലഭിച്ചു. പക്ഷേ പിന്നീട് മുഴുവൻ ഇന്നിംഗ്സുകളിലും നിരാശാജനകമായ ബാറ്റിംഗ് പ്രകടനമായിരുന്നു സർഫറാസ് കാഴ്ചവെച്ചത്.

ഇതേ സംബന്ധിച്ചാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ സംസാരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ വരാനിരിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യ സർഫറാസ് ഖാനെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇതിനുള്ള കാരണവും താരം വിശദീകരിക്കുന്നു.

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ സർഫറാസിനെക്കാൾ ഇന്ത്യൻ ടീമിൽ സ്ഥാനമർഹിക്കുന്നത് കെഎൽ രാഹുലും ധ്രുവ് ജൂറലുമാണ് എന്ന് ആകാശ് ചോപ്ര കൂട്ടിച്ചേർക്കുകയുണ്ടായി. ഇപ്പോൾ ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയ എ ടീമിനെതിരായ പരിശീലന മത്സരത്തിന് തയ്യാറാവുകയാണ് ജൂറലും രാഹുലും. ഈ സമയത്താണ് പ്രസ്താവനയുമായി ആകാശ് ചോപ്ര രംഗത്ത് എത്തിയിരിക്കുന്നത്.

“രാഹുലും ജൂറലും ഇന്ത്യ എയുടെ ഓസ്ട്രേലിയ എ ടീമിനെതിരായ മത്സരത്തിൽ കളിക്കും. നവംബർ ഏഴിനാണ് മത്സരം ആരംഭിക്കുക. സർഫറാസ് ഖാൻ, കെ എൽ രാഹുൽ എന്നിവരിൽ ഒരാളെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടാൽ ഞാൻ പറയുന്ന പേര് രാഹുലിന്റെത് ആയിരിക്കും.”- ആകാശ് ചോപ്ര പറയുന്നു.

“ഇനി സർഫറാസ്, ധ്രുവ് ജൂറൽ എന്നിവരിൽ ഒരാളെ ടീമിലേക്ക് ഉൾപ്പെടുത്താൻ പറഞ്ഞാലും ഞാൻ തിരഞ്ഞെടുക്കുന്നത് ധ്രുവ് ജൂറലിനെയാവും. കാരണം സർഫറാസ് കളിക്കുന്ന രീതിയെ സംബന്ധിച്ച് എനിക്കിപ്പോഴും സംശയങ്ങൾ നിലനിൽക്കുകയാണ്. ഞാൻ അവനെ ഇഷ്ടപ്പെടുന്നു. അവൻ നന്നായി കളിക്കണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ അവൻ റൺസ് കണ്ടെത്തിയ രീതിയാണ് ഓസ്ട്രേലിയൻ പിച്ചുകളിൽ പ്രശ്നമാവാൻ പോകുന്നത് ഒരിക്കലും പരമ്പരയിൽ സ്പിന്നർമാർക്കെതിരെ കളിക്കാനുള്ള അവസരം അവന് ലഭിക്കില്ല. മാത്രമല്ല പേസർമാർ അവനു വേണ്ട രീതിയിൽ സ്വാതന്ത്ര്യം നൽകുകയുമില്ല.”- ചോപ്ര കൂട്ടിച്ചേർക്കുകയുണ്ടായി.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ കൃത്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്ന് ആകാശ് ചോപ്ര പറഞ്ഞു. സായി സുദർശനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു എന്നും ചോപ്ര കൂട്ടിചേർത്തു. ഓസ്ട്രേലിയക്കെതിരായ ഇന്ത്യ എയുടെ ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി തന്നെ സായി സുദർശൻ സ്വന്തമാക്കിയിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു പരമ്പരയാണ് ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്നത്. പരമ്പരയിൽ വമ്പൻ വിജയം നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കൂ.

Previous articleസഞ്ജുവിനെ നിലനിർത്തിയത് കൃത്യമായ തീരുമാനം, കൂടുതൽ ആലോചിച്ചില്ല. രാഹുൽ ദ്രാവിഡ്‌
Next articleഓസീസിനെതിരെ രോഹിത് മൂന്നാം നമ്പറിൽ കളിക്കണം. ഓപ്പണിങ്ങിൽ അവനെത്തണം. പാക് താരം പറയുന്നു.