ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തിൽ കനത്ത പരാജയം നേരിട്ടതോടെ ഇന്ത്യൻ ടീമിന് ബോർഡർ- ഗവസ്കർ ട്രോഫിയിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കനത്ത തിരിച്ചടി തന്നെയാണ് ലഭിച്ചിട്ടുള്ളത്. മാത്രമല്ല ഇന്ത്യൻ സീനിയർ താരങ്ങളുടെ മോശം ഫോമും ടീമിനെ അലട്ടുന്നുണ്ട്.
രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിയ്ക്കും കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ ഒന്നുംതന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. മെൽബണിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കേവലം 12 റൺസ് മാത്രമാണ് 2 ഇന്നിംഗ്സുകളിൽ നിന്നും നേടിയത്. കോഹ്ലിയ്ക്ക് 41 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെ രോഹിതിന്റെയും വിരാടിന്റെയും ഇന്ത്യൻ ടീമിലെ ഭാവിയെ സംബന്ധിച്ച് വലിയ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിന് മുൻപ് ഇന്ത്യൻ സെലക്ടറായ അജിത് അഗാർക്കർക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.
സീനിയർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ഇന്ത്യ നിലനിർത്തണമോ അതോ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കണമോ എന്ന കാര്യം പൂർണമായും സെലക്ടർമാരെ ആശ്രയിച്ചിരിക്കും എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. മാത്രമല്ല മുൻനിരയിൽ വേണ്ട രീതിയിൽ റൺസ് കണ്ടെത്താൻ സാധിക്കാതെ വന്ന സീനിയർ താരങ്ങളെ അങ്ങേയറ്റം വിമർശിച്ചുകൊണ്ടാണ് സുനിൽ ഗവാസ്കർ സംസാരിച്ചത്. ഇത്തരത്തിൽ മുന്നോട്ടു പോയാൽ ഇന്ത്യൻ ടീമിനെ അത് ബാധിക്കും എന്ന് സുനിൽ ഗവാസ്കർ പറയുന്നു. മുൻപും വിരാട് കോഹ്ലിയെയും രോഹിത്തിനെയും വിമർശിച്ച് താരം രംഗത്തെത്തിയിരുന്നു.
“കോഹ്ലിയെയെയും രോഹിതിനെയും ഉൾപ്പെടുത്തണമോ എന്ന കാര്യം പൂർണമായും ആശ്രയിച്ചിരിക്കുന്നത് സെലക്ടർമാരെ തന്നെയാണ്. ഇതുവരെയും നമ്മൾ പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനം ഇരുതാരങ്ങളും കാഴ്ച വെച്ചിട്ടില്ല എന്നത് വസ്തുതയാണ്. ടെസ്റ്റ് മത്സരങ്ങളിൽ പ്രധാനമായും മുൻനിര ബാറ്റർമാർ തന്നെയാണ് ടീമിന് വേണ്ട പ്രധാന സംഭാവനകൾ നൽകേണ്ടത്. ഇത്തരത്തിൽ ടോപ്പ് ഓർഡർ ബാറ്റർമാർക്ക് ടീമിന് സംഭാവന നൽകാൻ സാധിക്കാതെ വന്നാൽ പിന്നീട് നമ്മൾ വാലറ്റ ബാറ്റർമാരെ കുറ്റം പറയുന്നതു കൊണ്ട് യാതൊരു കാര്യവുമില്ല.”- സുനിൽ ഗവാസ്കർ പറയുന്നു.
“സീനിയർ താരങ്ങൾ ടീമിന് കൊടുക്കേണ്ട സംഭാവന ഇതുവരെയും നൽകിയിട്ടില്ല. സിഡ്നിയിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ഇവർക്ക് തിരികെ വരാൻ സാധിക്കൂ. വിരാട് കോഹ്ലിയുടെ കാര്യത്തിൽ ഫുട് വർക്കാണ് അവനെ പലപ്പോഴും ബാധിക്കുന്നത്. ബോളിന് അടുത്തേക്ക് കാല് ചലിപ്പിക്കുന്നതിൽ വിരാട് കോഹ്ലി പരാജയപ്പെടുന്നു. അതുകൊണ്ടു തന്നെ അവനെ ബാറ്റിന്റെ മധ്യഭാഗത്ത് ബോൾ ലഭിക്കുന്നില്ല. കൃത്യമായ രീതിയിൽ കാലിൽ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ ബോളിനെ നേരിടുന്നതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാവും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്.”- സുനിൽ ഗവാസ്കർ കൂട്ടിച്ചേർത്തു.