ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ സെമിഫൈനൽ മത്സരത്തിനിടെ സോഷ്യൽ മീഡിയയിൽ നിന്ന് വമ്പൻ സൈബർ ആക്രമണം നേരിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമി. മത്സരത്തിനിടെ മുഹമ്മദ് ഷാമി വെള്ളം കുടിച്ചതാണ് ഇപ്പോൾ വലിയ വിവാദത്തിന് വഴി വച്ചിരിക്കുന്നത്. നോമ്പിന്റെ സമയത്ത് ഇത്തരത്തിൽ മുഹമ്മദ് ഷാമി വെള്ളം കുടിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ആരോപണങ്ങൾക്ക് വഴിവെച്ചു.
എങ്ങനെയാണ് ഈ സമയത്ത് വെള്ളം കുടിക്കാൻ മുഹമ്മദ് ഷാമിക്ക് തോന്നിയത് എന്നാണ് ഒരു വിഭാഗം ആളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. ഈ വിഷയത്തിൽ ഷാമിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്ത് എത്തുകയുമുണ്ടായി.
ഓസ്ട്രേലിയയ്ക്കെതിരായ മത്സരം നടക്കുന്ന സമയത്തായിരുന്നു മുഹമ്മദ് ഷാമി ബൗണ്ടറിയുടെ അരികിൽ നിന്ന് വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഒരു മുസ്ലിം സഹോദരനും ഈ സമയത്ത് ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന് ഒരു ട്വിറ്റർ ഉപഭോക്താവ് കുറിക്കുകയുണ്ടായി. മാത്രമല്ല ഷാമി ചെയ്ത ഈ പ്രവർത്തിക്ക് മാപ്പു പറയണം എന്നാണ് ചില ആരാധകർ പറഞ്ഞത്. ഇത് തെറ്റാണെന്ന് മുഹമ്മദ് ഷാമി അംഗീകരിക്കണമെന്നും ട്വിറ്ററിൽ കുറിച്ചവരുണ്ട്. അതേസമയം നോമ്പിന്റെ സാഹചര്യമാണെങ്കിലും ഇത്രയും ചൂടും സഹിച്ച് ഇത്ര ഓവറുകൾ മൈതാനത്ത് തുടർന്ന മുഹമ്മദ് ഷാമി വെള്ളം കുടിച്ചതിൽ തെറ്റില്ലയെന്നും ഒരു വിഭാഗം ആരാധകർ പറയുന്നു.
എന്നിരുന്നാലും മത്സരത്തിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനമാണ് മുഹമ്മദ് ഷാമി കാഴ്ച വച്ചത്. മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ഷാമിയ്ക്ക് സാധിച്ചിരുന്നു. ഓസ്ട്രേലിയയുടെ അരങ്ങേറ്റ താരമായ കൂപ്പർ കോൺലിയെ പുറത്താക്കിയാണ് ഷാമി തന്റെ വീര്യം കാട്ടിയത്. ശേഷം അപകടകാരിയായ സ്റ്റീവ് സ്മിത്ത് ക്രീസിലുറക്കുകയും ഓസ്ട്രേലിയയെ വലിയ സ്കോറിലേക്ക് നയിക്കുകയും ചെയ്തു. ഈ സമയത്ത് മുഹമ്മദ് ഷാമി തിരിച്ചുവരികയും സ്മിത്തിനെ പുറത്താക്കുകയും ചെയ്തു. മത്സരത്തിൽ 73 റൺസായിരുന്നു സ്മിത്ത് നേടിയത്. ശേഷം മത്സരത്തിന്റെ അവസാന സമയത്ത് ഓസ്ട്രേലിയയുടെ വാലറ്റ ബാറ്റർ എലീസിനെയും ഷാമി പുറത്താക്കി.
മത്സരത്തിൽ നിശ്ചിത 10 ഓവറുകളിൽ 48 റൺസ് മാത്രം വിട്ടു നൽകിയാണ് ഷാമി 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരങ്ങളിലും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഷാമിയ്ക്ക് സാധിച്ചിരുന്നു. എന്തായാലും ഷാമിയുടെ മികവിൽ ഓസ്ട്രേലിയയെ കേവലം 264 റൺസിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ശേഷം ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ഗില്ലിന്റെയും രോഹിത് ശർമയുടെയും വിക്കറ്റുകൾ നഷ്ടമായി.